Saturday, 17 June 1989

ലില്ലിപ്പൂക്കൾ കൊണ്ട് ഒരു റീത്ത്

പബ്ലിഷ്ഡ് ബൈ ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1989 ജൂണ്‍ 17  



പൊതുജനത്തിന് ഓർമ കുറവാണ് എന്നത് രാഷ്ട്രീയത്തിലെ പ്രാഥമിക തത്ത്വമാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസരംഗം താറുമാറാകുന്നു എന്ന വിലാപത്തിന് പ്രസക്തിയില്ല. ഓരോ അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിലും പല പരാതികളും ഉയർന്ന് കേൾക്കാറുണ്ട്. ടെസ്റ്റ്‌ ബുക്കുകൾപോലും ഇല്ലാതെ പരീക്ഷ പാസ്സാകുമെന്ന് തെളിയിച്ച ചരിത്ര സംഭവം ഈ വർഷം ഉണ്ടായി.വലിയ നിയമജ്ഞനായ ഒരു വിദ്യാഭ്യാസമന്ത്രിയുടെ കീഴിലാണ് കേരളത്തിന്‌ ഈയൊരു ആഭാസ ചരിത്രം കുറിക്കാൻ യോഗമുണ്ടായത്‌. മൂന്ന് വയസ്സായ കുട്ടിക്ക് ഇംഗ്ലീഷ് അക്ഷരമാലയേ പഠിക്കാവൂ എന്ന് നിർബന്ധമുള്ള നമ്മുടെ പച്ച നാടൻ മലയാളിക്ക് ഈയൊരു ദുര്യോഗം വന്നെങ്കിൽ അതിന്റെ കാരണക്കാരൻ ഒരു പക്ഷെ ഈ മന്ത്രിയായിരിക്കില്ല.


"ജനിച്ച നിമിഷം തൊട്ടെൻ 
                            മകനിഗ്ലീഷ് പഠിക്കണം 
  അതിനാൽ ഭാര്യതൻ പേറങ്ങിഗ്ലണ്ടിൽ 
                             തന്നെയാക്കി ഞാൻ "

എന്നൊരു കവി പാടിയപ്പോൾ ഒരു കവിവാക്യമായി മാത്രം പുച്ചിച്ച കേരള ജനതക്ക് തന്റെ പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി മാറാത്ത കാലത്ത് സ്കൂൾ വരാന്തയുടെ മുന്നിൽ ഇന്റർവ്യൂ നടത്താൻ തയ്യാറായി പിതാവിനോടൊപ്പം വരിയിൽ അണിനിരക്കാൻ ഗതികേടുണ്ടായതും ഒരു വേള ഈ മന്ത്രിയുടെ വിവരക്കേട്‌ കൊണ്ടായിരിക്കില്ല. സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിനു നീണ്ട നിര കാണുന്നത് പലപ്പോഴും സ്വകാര്യ സ്കൂളുകളിലെ പ്രവേശനം പരിപൂർണ്ണമായി തീർന്നത് കൊണ്ടാണ്.അത് കൊണ്ട് തന്നെ സ്വകാര്യ സ്കൂളുകളാണ് ഏറെ മികച്ചതെന്ന് തെളിയിക്കപ്പെടുകയാണല്ലോ. സ്വകാര്യ മേഖലയിലെ സാമൂഹ്യ സേവന തൽപ്പരർ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനത്തിന് തിരക്കേറുന്ന ഒരവസരത്തിലാണ് സ്വകാര്യ മേഖല മുഴുവനും തങ്ങളുടെ കുടക്കീഴിലാക്കാമെന്ന് ധരിച്ച് ഇവിടുത്തെ സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ അനുവദിക്കപ്പെട്ട സ്കൂളുകളുടെ അംഗീകാരം നിർത്തി വെച്ചത്. കുട്ടികൾ ഒരിക്കലും നന്നാവരുത് എന്ന നിർബന്ധബുദ്ധി സർക്കാരിനുണ്ട് എന്നല്ലേ ഇത് കൊണ്ട് മനസ്സിലാക്കേണ്ടത്. എന്ത് കൊണ്ട് സർക്കാരിന് നിയമത്തിൽ പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്ന സ്വകാര്യ വിദ്യാലയത്തിന് അനുമതി കൊടുത്തു കൂടാ? മത ന്യൂനപക്ഷങ്ങൾ വളരാതിരിക്കാനും അവരെന്നും പിന്നാക്കക്കാരെന്ന് മുദ്ര കുത്തി ഒരുതരം അടിമകളെപ്പോലെ കഴിയണമെന്നാണ് ഉന്നതൻമാരായ തൊഴിലാളിപ്രേമം പ്രസംഗിക്കുന്ന ചില പാർട്ടികളുടെ വ്യാമോഹം. അതിനെതിരെ ഒരു കുട്ടിയുടെ ഭാവിയെ ശോഭനമാക്കാൻ ശ്രമിക്കുന്ന മഹത്തായ കർമ്മം ഏറ്റെടുത്തത് ഒരു മതസ്ഥാപനമോ സ്വകാര്യ വ്യക്തിയോ ആയതിൽ എന്താണ് കുഴപ്പം?

സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ ഇത് കൊണ്ട് കൊഴിഞ്ഞ് പോകുമെന്നുള്ള ഭയമാണോ? എന്തായാലും കേരളത്തിൽ അങ്ങോളമിങ്ങോളം ഈ വർഷം ഒന്നാം ക്ലാസിൽ അഞ്ചാം ക്ലാസിൽ എട്ടാം ക്ലാസിൽ സീറ്റ് കിട്ടാൻ വേണ്ടി തേരാ പാരാ ഓടിനടന്ന് രക്ഷിതാക്കൾ ഈ സർക്കാരിനെതിരെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചാൽ തെറ്റില്ല. ആദർശത്തിന്റെ പേരിൽ വിവരക്കേട്‌ കാണിച്ച വിദ്യാഭ്യാസ മന്ത്രിക്ക് ഇതൊരു ചുട്ട മറുപടിയാകും. വിവരക്കേടിന്റെ ഏറ്റവും വലിയ തെളിവായിരുന്നുവല്ലോ കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പിഞ്ഞാണത്തിൽ വീഴാതിരുന്ന ഉച്ചക്കഞ്ഞി. പുസ്തകമില്ലാതെ പാസ്സായവർക്ക്‌ സ്കൂളില്ലാതെയും വിജയം വരിക്കാമെന്നു തെളിയിച്ച ഇടത്പക്ഷ സർക്കാരിന് ലില്ലിപ്പൂക്കൾ കൊണ്ട്  ഒരു വലിയ റീത്ത്സമർപ്പിക്കട്ടെ.

Saturday, 3 June 1989

പുതിയ പ്രശ്നങ്ങൾ

പബ്ലിഷ്ഡ്‌ ബൈ  ചന്ദ്രിക ആഴ്ച്ച പ്പതിപ്പ് 1989 ജൂണ്‍ 3,
പ്രി ഡിഗ്രി പഠന കാലത്ത് എഴുതിയ ലേഖനം 

നമ്മുടെ  ഗ്രാമോത്സവങ്ങൾ പഴംപുരാണങ്ങളുടെ പുനരുദ്ധാന ശ്രമങ്ങളുടെ പേരിൽ പാഴായിപ്പോകുകയാണ് പതിവ്. ഗ്രാമങ്ങൾ നഗരവൽക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്നത് നമുക്ക് പുതിയ വൃത്താന്തമല്ല. നമ്മുടെ തോടും കുളങ്ങളും പൂവും പൂക്കൈതയും എന്തിന് നമ്മുടെ കാലാവസ്ഥയടക്കം ഗ്രീഷ്മങ്ങളോടും ശിഷിരങ്ങളോടും വിട പറഞ്ഞ് കൊണ്ടേയിരിക്കുന്നു. പ്രകൃതി ഭംഗികൾ മനുഷ്യരാശിക്ക് വേണ്ടി എത്രയും കനിഞ്ഞിരുന്നു. പുഷ്പ കാലങ്ങൾ നമുക്ക് വേണ്ടി എത്രയും പൂ ചൂടി വരികയും തിരിച്ച് പോകുകയും ചെയ്ത് കൊണ്ടിരുന്നു. നമ്മുടെ വസുന്ധര എന്നും ഫലഭൂയിഷ്ടമായിരുന്നു. വേനലറുതികൾക്ക് പോലും ഗ്രാമീണർക്ക് നേരെ പ്രകൃതി കനിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇന്നിതാ പക്ഷിക്കൂട്ടങ്ങളില്ല. കള കളാരാവങ്ങൾക്കു പകരം ഫാക്ടറികളുടെ ഹുങ്കാരം. നഗര വീഥികളിൽ നിന്ന് സദാ ഉയരുന്ന ശബ്ദ കോലാഹലങ്ങൾ ! ഗ്രാമങ്ങൾ ഒറ്റപ്പെടുകയാണോ? പഠന കേന്ദ്രങ്ങൾ പറയുന്നു കേരളീയ ഗ്രാമങ്ങൾ എല്ലാം തന്നെ നഗരവൽകൃതമാവാൻ ശ്രമിച്ച് കൊണ്ടിരിക്കയാണ് എന്നത് ശരിയാവാം.

ഗ്രാമങ്ങൾ ഇന്നത്തെ ആധുനിക യുഗത്തിൽ നഗരവൽകൃതമാവുക എത്രയും സ്വാഭാവികമാണ്. എന്നാൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയും അതിന്റെ മാത്രം മൗലികതയും സംരക്ഷിക്കുക അതിലും എത്രയേറെ പ്രയാസകരവുമാണ്. നിളയുടെ പുരാതനവും ചരിത്രപരവുമായ നദീ തീർത്ഥത്തിനരുകിൽ ഒരു പ്രശസ്ത കവിയുടെ നട്ടെല്ല് ചിതറിത്തെറിച്ചതിന്റെ ശബ്ദം നാം കേട്ടതാണ്. ആ ശബ്ദം നമ്മുടെ ചെവികളിൽ നിന്ന് ഇന്നും മുഴങ്ങിത്തീർന്നിട്ടില്ല.

ഭരണാധികാരികൾക്ക് ഒന്നിനും സമയം പോരാ. ബ്യൂറോക്രസിയാവട്ടെ അതിന്റെ നുകം പേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ മറ്റു പല മണ്ഡലങ്ങളും ആകസ്മികമൊ അല്ലാതെയോ ചരിത്രത്തിന്റെ ഈ ദുർവിധിക്ക് ദൃക്സാക്ഷിയാണ്. പലപ്പോഴും പ്രശ്നങ്ങൾ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ അതിന്റെ പരിഹാരങ്ങൾ തേടേണ്ടത് സാധാരണ മനുഷ്യർക്ക്‌ തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രീയ വ്യവസ്ഥിതിയുടെ അന്തർഗദങ്ങളിലാണ്. മനുഷ്യ സംസ്കാരം പൊതുവെ അതിജീവനസമർത്ഥവും നിലനിൽക്കുന്ന പരിതസ്ഥിതിയോട് മല്ലടിച്ച് കൊണ്ട് തന്നെ മുന്നേറിക്കൊണ്ടിരിക്കുന്നതുമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. 

ഹിറ്റ്ലർ ഒരു ഫാസിസ്റ്റു ആയിരുന്നപ്പോൾ തന്നെ പിന്നീടുള്ള ചരിത്രത്തിൽ അയാളുടെ പതനവും അനിവാര്യമായിരുന്നു. മുസ്സോളിനിയേയോ വർണ്ണ വെറിയൻ ബോത്തോ ഭരണകൂടത്തിനേയോ നാം മറന്ന് പോകേണ്ടതില്ല.നിക്കരാഗ്വയുടെ ചരിത്രം നാം മറക്കുന്നില്ല. എങ്കിലും പാക്കിസ്ഥാൻ അതിന്റെ മൗലികമായ അർത്ഥത്തിൽ ഇന്ത്യാ ഉപഭൂകണ്ഡത്തിനോട് അടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് എത്രയും ആശാവഹമാണ്‌.. 

ചരിത്രവും ആനുകാലികസംഭവങ്ങളുടെ പ്രസക്തിയും കൂട്ടിക്കുഴക്കുമ്പോൾ നാം ചെന്ന് ചാടുന്ന ചില പടു കുഴികളുണ്ട്. അത് മനുഷ്യത്ത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടത് നാം തന്നെയാവുന്നു. രാഷ്ട്രീയ വ്യവസ്ഥിതി മാറി മാറി വന്ന് കൊണ്ടിരിക്കുമ്പോഴും ഒരു ജനത സംരക്ഷിച്ച് പോരുന്ന ചില ജീവിത മാർഗ്ഗങ്ങളുണ്ട്. എത്രയും മൗലികവും സത്യസന്ധവുമാണത്. അതൊന്നും തിരിച്ചറിയപ്പെടാതെ പോവുന്നത് കക്ഷി രാഷ്ട്രീയത്തിന്റെ ദുർവ്യാഖ്യാനങ്ങളുടെ ഫലമാവാം. 

നമുക്ക് വേണ്ടത് സമഗ്രമായ മനുഷ്യ ചേതനയുടെ ഏകാഗ്രതയാണ്. വിഘടനത്തിലൂടെയല്ല ഐക രൂപത്തിലൂടെ മാത്രമേ അത് നേടാൻ കഴിയൂ എന്ന് ഓരോ ഭാരതീയനും തിരിച്ചറിയേണ്ടതുണ്ട്. ചിലപ്പോൾ അത് ഒരു സമരമാർഗ്ഗത്തിലൂടെയാവാം ഉന്നയിക്കപ്പെടുന്നത്. അല്ലെങ്കിൽ അവന്റെ ജീവിതത്തിന്റെ പരിപൂർണ്ണമായ നിശ്ശബ്ദതയിലൂടെ ...ഏതുമാവട്ടെ, നാം മനുഷ്യ നന്മക്ക് വേണ്ടി കൈ നീട്ടുന്നു. അത് മാതാധിപത്യത്തിന്റെയോ, മത നിരാസത്തിന്റേയോ  വഴിയിലൂടെയാവുന്നതിനെക്കാൾ ഉത്തമം മതേതര ജനാധിപത്യത്തിന്റെ കൈവഴിയിലൂടെ കരഗതമാക്കുന്നതായിരിക്കും നമുക്ക് നല്ലത്.. പ്രശ്നം മനുഷ്യ നന്മയാകുന്നു.