പബ്ലിഷ്ഡ് ബൈ ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1989 ജൂണ്‍ 17
പൊതുജനത്തിന് ഓർമ കുറവാണ് എന്നത് രാഷ്ട്രീയത്തിലെ പ്രാഥമിക തത്ത്വമാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസരംഗം താറുമാറാകുന്നു എന്ന വിലാപത്തിന് പ്രസക്തിയില്ല. ഓരോ അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിലും പല പരാതികളും ഉയർന്ന് കേൾക്കാറുണ്ട്. ടെസ്റ്റ് ബുക്കുകൾപോലും ഇല്ലാതെ പരീക്ഷ പാസ്സാകുമെന്ന് തെളിയിച്ച ചരിത്ര സംഭവം ഈ വർഷം ഉണ്ടായി.വലിയ നിയമജ്ഞനായ ഒരു വിദ്യാഭ്യാസമന്ത്രിയുടെ കീഴിലാണ് കേരളത്തിന് ഈയൊരു ആഭാസ ചരിത്രം കുറിക്കാൻ യോഗമുണ്ടായത്. മൂന്ന് വയസ്സായ കുട്ടിക്ക് ഇംഗ്ലീഷ് അക്ഷരമാലയേ പഠിക്കാവൂ എന്ന് നിർബന്ധമുള്ള നമ്മുടെ പച്ച നാടൻ മലയാളിക്ക് ഈയൊരു ദുര്യോഗം വന്നെങ്കിൽ അതിന്റെ കാരണക്കാരൻ ഒരു പക്ഷെ ഈ മന്ത്രിയായിരിക്കില്ല.
"ജനിച്ച നിമിഷം തൊട്ടെൻ
മകനിഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യതൻ പേറങ്ങിഗ്ലണ്ടിൽ
തന്നെയാക്കി ഞാൻ "
എന്നൊരു കവി പാടിയപ്പോൾ ഒരു കവിവാക്യമായി മാത്രം പുച്ചിച്ച കേരള ജനതക്ക് തന്റെ പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി മാറാത്ത കാലത്ത് സ്കൂൾ വരാന്തയുടെ മുന്നിൽ ഇന്റർവ്യൂ നടത്താൻ തയ്യാറായി പിതാവിനോടൊപ്പം വരിയിൽ അണിനിരക്കാൻ ഗതികേടുണ്ടായതും ഒരു വേള ഈ മന്ത്രിയുടെ വിവരക്കേട് കൊണ്ടായിരിക്കില്ല. സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിനു നീണ്ട നിര കാണുന്നത് പലപ്പോഴും സ്വകാര്യ സ്കൂളുകളിലെ പ്രവേശനം പരിപൂർണ്ണമായി തീർന്നത് കൊണ്ടാണ്.അത് കൊണ്ട് തന്നെ സ്വകാര്യ സ്കൂളുകളാണ് ഏറെ മികച്ചതെന്ന് തെളിയിക്കപ്പെടുകയാണല്ലോ. സ്വകാര്യ മേഖലയിലെ സാമൂഹ്യ സേവന തൽപ്പരർ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനത്തിന് തിരക്കേറുന്ന ഒരവസരത്തിലാണ് സ്വകാര്യ മേഖല മുഴുവനും തങ്ങളുടെ കുടക്കീഴിലാക്കാമെന്ന് ധരിച്ച് ഇവിടുത്തെ സർക്കാർ ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കപ്പെട്ട സ്കൂളുകളുടെ അംഗീകാരം നിർത്തി വെച്ചത്. കുട്ടികൾ ഒരിക്കലും നന്നാവരുത് എന്ന നിർബന്ധബുദ്ധി സർക്കാരിനുണ്ട് എന്നല്ലേ ഇത് കൊണ്ട് മനസ്സിലാക്കേണ്ടത്. എന്ത് കൊണ്ട് സർക്കാരിന് നിയമത്തിൽ പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്ന സ്വകാര്യ വിദ്യാലയത്തിന് അനുമതി കൊടുത്തു കൂടാ? മത ന്യൂനപക്ഷങ്ങൾ വളരാതിരിക്കാനും അവരെന്നും പിന്നാക്കക്കാരെന്ന് മുദ്ര കുത്തി ഒരുതരം അടിമകളെപ്പോലെ കഴിയണമെന്നാണ് ഉന്നതൻമാരായ തൊഴിലാളിപ്രേമം പ്രസംഗിക്കുന്ന ചില പാർട്ടികളുടെ വ്യാമോഹം. അതിനെതിരെ ഒരു കുട്ടിയുടെ ഭാവിയെ ശോഭനമാക്കാൻ ശ്രമിക്കുന്ന മഹത്തായ കർമ്മം ഏറ്റെടുത്തത് ഒരു മതസ്ഥാപനമോ സ്വകാര്യ വ്യക്തിയോ ആയതിൽ എന്താണ് കുഴപ്പം?
സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ ഇത് കൊണ്ട് കൊഴിഞ്ഞ് പോകുമെന്നുള്ള ഭയമാണോ? എന്തായാലും കേരളത്തിൽ അങ്ങോളമിങ്ങോളം ഈ വർഷം ഒന്നാം ക്ലാസിൽ അഞ്ചാം ക്ലാസിൽ എട്ടാം ക്ലാസിൽ സീറ്റ് കിട്ടാൻ വേണ്ടി തേരാ പാരാ ഓടിനടന്ന് രക്ഷിതാക്കൾ ഈ സർക്കാരിനെതിരെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചാൽ തെറ്റില്ല. ആദർശത്തിന്റെ പേരിൽ വിവരക്കേട് കാണിച്ച വിദ്യാഭ്യാസ മന്ത്രിക്ക് ഇതൊരു ചുട്ട മറുപടിയാകും. വിവരക്കേടിന്റെ ഏറ്റവും വലിയ തെളിവായിരുന്നുവല്ലോ കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പിഞ്ഞാണത്തിൽ വീഴാതിരുന്ന ഉച്ചക്കഞ്ഞി. പുസ്തകമില്ലാതെ പാസ്സായവർക്ക് സ്കൂളില്ലാതെയും വിജയം വരിക്കാമെന്നു തെളിയിച്ച ഇടത്പക്ഷ സർക്കാരിന് ലില്ലിപ്പൂക്കൾ കൊണ്ട് ഒരു വലിയ റീത്ത്സമർപ്പിക്കട്ടെ.
No comments:
Post a Comment
ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?