Saturday, 7 August 1993

ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളും കൊണ്ഗ്രസ്സിന്‍റെ നിലപാടുകളും

(പബ്ലിഷ്ഡ് മാധ്യമം ഡെയിലി 1993 ആഗസ്ത് 7 ശനി)

ആര്‍.എസ്.എസ്, വി..എഛ്.പി, ബജറംഗ്ദള്‍ തുടങ്ങിയ ഫാസിസ്റ്റ് സംഘടനകള്‍ രാമക്ഷേത്ര പ്രക്ഷോഭത്തിലൂടെ ബി.ജെ.പി. എന്ന രാഷ്ട്രിയ പാര്‍ട്ടിയിലേക്ക് കോണ്‍സണ്‍ട്രേറ്റ് ചെയ്തുകൊണ്ട് കരുക്കള്‍ നീക്കിയപ്പോള്‍ മസ്ജിദ് സംരക്ഷ്ണത്തിനായി മുസ്ലിംകള്‍ രൂപം കൊടുത്ത സമിതികള്‍ക്ക് തങ്ങളുടെ മുന്നേറ്റത്തിന് ഒരു രാഷ്ട്രിയ രുപം നല്കുന്നതിന് ശ്രമങ്ങള്‍  നടത്താനായില്ലെന്നേടത്തുനിന്നാരംഭിക്കുന്നു ഇന്ത്യന്‍ മുസ്ലിംകളുടെ വര്‍ത്തമാനകാല  പരാജയത്തിന്‍റെപരമ്പര. ഒന്നിലധികo  പള്ളി സംരക്ഷണ സമിതികള്‍  നിലവില്‍ വന്നെങ്കിലും  വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ഉത്തരവാദപ്പെട്ട വ്യക്തികളെയും വഹിച്ചാണ് ഈ സമിതികള്‍ പ്രവര്‍ത്തിച്ചത്. സഫരിയാബ് ജീലാനി, ജാവേദ്‌ ഹബീബ്, ഷാഹി ഇമാം, നായിബ് ഇമാം എന്നിവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരെല്ലെങ്കിലും പരോക്ഷമായ രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെട്ടവരാണ്. മറ്റൊരു വിഭാഗം രാഷ്ട്രീയത്തിലും രാഷ്ട്രീയേതര മേഖലകളിലും സ്വന്താഭിപ്രായം വെച്ചുപുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമി നേതാക്കളായിരുന്നു.

സുലൈമാന്‍ സേട്ട്‌ സാഹിബ്‌, സയ്യിദ് ശിഹാബുദ്ദീന്‍, സലാഹുദ്ദീന്‍ ഉവൈസി, മുഹമ്മദ്‌ അസംഖാന്‍, ഉബൈദുള്ളാ ഖാന്‍ അസ്മി, മുഹമ്മദ്‌ അഫ്സല്‍ തുടങ്ങിയവരാണല്ലോ സമിതിയിലുള്ള മറ്റ് പ്രമുഖര്‍.. ഇവരൊക്കെ വ്യക്തമായ രാഷ്ട്രീയ ബന്ധമുള്ളവരാണ്. ഇത്തരം പശ്ചാത്തലമുള്ള സമിതിയങ്ങള്‍ക്ക് ഒരേ സമയം പാര്‍ട്ടിയോടും സമിതിയോടും നീതി പുലര്‍ത്താന്‍ പ്രയാസപ്പെടേണ്ടി വരുന്നു എന്നതാണ് അനുഭവം. എട്ടാം ലോക്സഭയില്‍ ബനാത്ത് വാലാ കട്ട് ഓഫ് ഡേറ്റ് ബില്ലുമായി കടന്നുവന്നപ്പോള്‍ മാനസികമായി പ്രസ്തുത ബില്ലിനോട് യോജിപ്പുണ്ടായിട്ടുപോലും പാര്‍ട്ടി വിപ്പ് ഭയന്ന് സയ്യിദ് ഷഹാബുദ്ദീന്  പാര്‍ലമെണ്ടില്‍ മൗനം പാലിക്കേണ്ടി വന്നത്. ഉദാഹരണം രാഷ്ട്രീയരംഗത്ത് മുസ്ലികളുടെതായി രണ്ട് സംഘടകളാണുള്ളത്.ഇതിഹാദ് മുസ്ലിമിന്‍ ആന്ദ്രയിലെ ഹൈദരാബാദില്‍  മാത്രം ഒതുങ്ങുന്ന കഷിയാണ്. പിന്നെയുള്ളത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആണ്. ദേശീയ തലത്തില്‍ ശ്രദ്ധേയവും അടിത്തറയും ഉള്ള പാര്‍ട്ടിയാണിത്. ബാബരി മസ്ജിദ് സംരക്ഷണ സമിതിക്കും സമുദായത്തിനും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും ഏറ്റവും അഭികാമ്യ കക്ഷിയും മുസ്ലിംലീഗ് തന്നെ. ലീഗിലേക്ക് കേന്ദ്രീകരിച്ച് രാഷ്ട്രീയ മുന്നേറ്റം നടത്തി ഒരു സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ ബാബരി സംരക്ഷണ സമിതിക്ക് സാധിച്ചിരുന്നുവെങ്കില്‍  ഗവണ്മെന്റിനെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പക്ഷെ, ഇത്തരത്തിലുള്ള ക്രിയാത്മക ശ്രമങ്ങള്‍ സമിതിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല. ലീഗിനെ താത്ത്വികമായും രാഷ്ട്രീയമായും അംഗീകരിക്കാത്തവര്‍ സമിയില്‍ ധാരാളമുണ്ട് എന്നത് ഇതിനു ഒരു കാരണമാണ്. മുസ്ലിം നാമം പേറുന്ന ഒരു രാഷ്ട്രീയ സംഘടനയിലേക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മറ്റു മതേതര പാര്‍ടികളുടെ പിന്തുണ സമിതിക്ക് നഷ്ടപ്പെട്ടേക്കുമോ എന്നുള്ള ഭയവും ബന്ധപ്പെട്ടവര്‍ക്കുണ്ടായിരുന്നു. ഒന്നിച്ചു നീങ്ങിയ പള്ളി പൊളിക്കല്‍ സമിതിക്ക് അവരുടെ ലക്‌ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ സാഹചര്യം അനുവദിച്ചു. വ്യത്യസ്ത രാഷ്ട്രീയഭിപ്രയമുള്ളവരെ പേറിയ പള്ളി സംരക്ഷണ സമിതിക്കാകട്ടെ പള്ളി  സംരക്ഷിക്കാന്‍  സാധിക്കാതെയും പോയി. സമിതിയുടെ നേതൃസ്ഥാനത്തുള്ളവരില്‍ പ്രമുഖനായ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ സേട്ടു സാഹിബ്‌ ആകട്ടെ, എല്ലാ മുന്നേറ്റവും തന്‍റെ പാര്‍ടിയിലൂടെ മാത്രമേ ആകാവൂ എന്ന രാഷ്ട്രീയ സങ്കുചിത ചിന്ത കൈവെടിഞ്ഞ് വിശാലമായ സമുദായ താല്‍പ്പര്യവും ഐക്യവും മുന്നില്‍ കണ്ട് സമിതിക്കൊപ്പം നില്ക്കാന്‍ നിര്‍ബന്ധിതരായി. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ മുന്നില്‍ വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്ത് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ദേശീയ പ്രശ്നത്തില്‍ ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെ പ്രശ്നത്തിനു പരിഹാരം കാണാന്‍ സമിതിക്ക് കഴിയാതെ പോയത് ഒരു പരാജയമായി വേണമെങ്കില്‍ സദുദ്ദേശത്തോടെ ചൂണ്ടിക്കാട്ടാം.

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌. ഇന്ത്യന്‍ മുസ്ലിംകള്‍ ഇനിയുള്ള കാലമെങ്കിലും രാഷ്ട്രീയമായി സംഘടിച്ച് ഒരു കൊടിക്കീഴില്‍ അണിനിരന്ന് സമ്മര്‍ദ്ദ ശക്തിയായി മാറേണ്ടിയിരിക്കുന്നു. വളര്‍ന്ന് ശക്തിപ്പെടാന്‍ കഴിഞ്ഞ മേഖലകളിലെല്ലാം തെല്ലൊരു ആശ്വാസവും സംരക്ഷണ ബോധവും സമുദായത്തിന് നേടിക്കൊടുക്കാന്‍ മുസ്ലിംലീഗിന് ഒരളവോളം സാധിച്ചിട്ടുണ്ട്. കുറ്റങ്ങളും കുറവുകളും ഏറെ ആരോപിക്കാനുണ്ടെങ്കിലും മറ്റൊരു സവീധാനവുമില്ലാത്ത ആനുകാലികവസ്ഥയില്‍ ലീഗിനെ പരോക്ഷമായെങ്കിലും സഹായിക്കാന്‍ സമുദായത്തിന്‍റെ ഭിന്ന മേഖലകളില്‍ നില്‍ക്കുന്നവര്‍ മുന്നോട്ടു വരണം.ലീഗില്‍ ദോഷം കാണുന്നവര്‍ പ്രസ്തുത ദോഷങ്ങള്‍ എതിര്‍വേദികളിലും പൊതു നിരത്തുകളിലും നിന്ന് വിളിച്ചു കൂവുന്നതിനു പകരം പാര്‍ട്ടിക്കുള്ളില്‍ കടന്നുവന്ന് പാര്‍ട്ടിയെ ശുദ്ധീകരിചെടുക്കുന്നതില്‍ തന്‍റെതായ പങ്കു വഹിക്കുകയാണ് വേണ്ടത്.

മുസ്ലിംലീഗ് പത്രങ്ങള്‍ എഴുതുന്നതുപോലെ ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണെന്ന അഭിപ്രായം ഈ ലേഖകനില്ല. എല്ലാ കഷികളിലും കാണുന്ന വിധത്തിലുള്ള അഭിപ്രയത്തര്‍ക്കങ്ങളെ ഈ പാര്‍ട്ടിക്കുള്ളിലും ഉള്ളൂ. കേന്ദ്ര സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത കേന്ദ്ര സംസ്ഥാന സമിതികള്‍ വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. പ്രസ്തുത സമിതികള്‍ ചേര്‍ന്ന് കൂട്ടായ തീരുമാനമെടുക്കും മുമ്പ് ഏകപക്ഷീയമായി പ്രസംഗിക്കുന്നതും പ്രസ്താവനയിറക്കുന്നതും പാര്‍ട്ടിയുടെ ആരോഗ്യകരമായ സംഘടനാ കെട്ടുറപ്പിനെ ബാധിക്കും. കേന്ദ്ര നേതൃത്വമായാലും ശരി സംസ്ഥാന നേതൃത്വമായാലും ശരി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു കക്ഷികള്‍ തലയിടുന്നതു ഒരിക്കലും അനുവദിച്ചു കൂടാ. ഘടകകക്ഷികളില്‍ ഭിന്നാഭിപ്രായം ഉണ്ടാകുമ്പോള്‍ മുസ്ലിംലീഗ് എന്ത് നിലപാടായിരുന്നു സ്വീകരിച്ചത്, ആ നിലപാട് തിരിച്ചു ലീഗിനോട് പ്രകടിപ്പിക്കാന്‍ ഘടകകക്ഷികള്‍ക്ക് ബാധ്യതയുണ്ട്.കൊണ്ഗ്രസ്സിലെ ഗ്രുപ്പ് വഴക്കുരഷ്ട്രീയം സദാചാരത്തിന്‍റെ സര്‍വ്വസീമകളും ലംഘിച്ച് മുന്നോട്ട്പോയപ്പോള്‍ പോലും മുസ്ലിംലീഗ് അതില്‍ കക്ഷി ചേരാന്‍ പോയിട്ടില്ല. കൊണ്ഗ്രസ്സിലെ ഏതെങ്കിലും ഗ്രൂപ്പിനെ എതിര്‍ത്തുകൊണ്ടോ അനുകൂളിച്ചുകൊണ്ടോ പ്രസ്താവനകളിറക്കാന്‍ ശിഹാബ് തങ്ങളോ മറ്റോ മുന്നോട്ടു വന്നിട്ടില്ല. എന്നാല്‍ ലീഗില്‍ നിസ്സാരമായ ഒരു ഭിന്നതയുണ്ടായപ്പോള്‍ കോണ്ഗ്രസ് എന്താണ് ചെയ്യുന്നത്? ലീഗ് സംസ്ഥാന അധ്യക്ഷന്‍ കാണിച്ച മാന്യത കെ.പി.സി. സി അധ്യക്ഷന്‍ കാണിച്ചോ? വയലാര്‍ രവി പരസ്യമായി ലീഗിലെ ചില നേതാക്കളെ എതിര്‍ത്തും,ചില അദ്ദേഹം പ്രസ്താവനകളിറക്കുന്നു. കരുണാകരനും വിവിധ ഡി.സി.സി ഭാരവാഹികളും ഇത് തന്നെ ചെയ്യുന്നു. കേരള ഘടകത്തിന്‍റെ അഭിപ്രായം മാനിക്കാത്ത സേട്ടിനെ പുറന്തള്ളണം എന്നാണ് കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനകളുടെ കാതല്‍... ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം അവിശ്വാസ വോട്ടെടുപ്പുവേളയില്‍ സേട്ട് ഗൌനിച്ചില്ല എന്നതാണ് അവരുടെ പ്രതികരണത്തിന് ആധാരമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ നിന്ന് വിജയിച്ച ലീഗ് എം.പി കേരള ഘടകത്തിന്‍റെ അഭിപ്രായം കേരളത്തില്‍ നിന്നും ജയിച്ച എം..പിമാര്‍ അനുസരിക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ലേ? നിയമസഭയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അയോധ്യാ പാക്കേജ് ഭേദഗതി വരുത്തണമെന്ന പ്രമേയം വന്നപ്പോള്‍ കോണ്ഗ്രസ് അതിനെ പിന്തുണച്ചു. എന്നാല്‍ പ്രസ്തുത ബില്‍ ലോക്സഭയുടെ പരിഗണനക്ക് വന്നപ്പോള്‍ കേരളത്തില്‍ നിന്നും പോയ കോണ്ഗ്രസ് എം.പിമാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? കേരള ഘടകത്തിന്‍റെ  അഭിപ്രായം മാനിച്ച് പാക്കേജ് പദ്ധതിയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടോ? ഇല്ല എന്ന് മാത്രമല്ല കേരളാ ഘടകത്തിന്‍റെ അഭിപ്രായത്തിന് വിരുദ്ധമായി നിര്‍ദ്ദിഷ്ട അയോധ്യാ പാക്കേജ് ബില്ലിനെ അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

ഈ വിഷയത്തില്‍ ലീഗ് നേതാക്കള്‍ കൊണ്ഗ്രസ്സിനോട് വിശദീകരണം ചോദിച്ചോ? കേരളാ ഘടകത്തിന്‍റെ അഭിപ്രായം മാനിക്കാത്ത സേട്ടിനെ പുറംന്തള്ളണമെന്നു പ്രസ്താവന ഇറക്കിയ വയലാര്‍ രവി ആദ്യം കെ.പി.സി.സിയെ ധിക്കരിച്ച കോണ്ഗ്രസ് എം.പിമാര്‍ക്കെതിരെയയിരുന്നു വേണ്ടത്. മുസ്ലിംലീഗിനോട് വിശദീകരണം ചോദിക്കുമെന്ന് കരുണാകരന്‍ പറഞ്ഞപ്പോള്‍ അതിനു ചുട്ട മറുപടി നല്കാന്‍ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വന്നത് അഭിനന്ദനീയമാണ്. മറുപടി കിട്ടിയപ്പോള്‍ കരുണാകരന്‍ തന്‍റെ പ്രസ്താവന മയപ്പെടുത്താന്‍ സന്നദ്ധമായി. പൂരപ്പാട്ടുകള്‍ക്ക് തുല്യമായി കൊടുങ്ങല്ലൂര്‍ ഭക്തരോട് മത്സരിച്ചു കൊണ്ടാണ് കോണ്ഗ്രസ് ഘടകങ്ങള്‍ സംസ്ഥാനത്തിന്‍റെ അഷ്ടദിക്കുകളിലും ഇന്ന് സേട്ടുവിനെതിരെ പ്രകടനങ്ങള്‍ നടത്തുന്നത്.സേട്ട് രാജി വെക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.കോണ്ഗ്രസ് നേതാക്കളും അടിക്കടി സേട്ടിന്‍റെ  രാജി ആവശ്യപ്പെടുന്നു.

കോണ്ഗ്രസ് പിന്തുണയോടെ വിജയിച്ച സേട്ടിന്‍റെ കോണ്ഗ്രസ് വിരോധം ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം എം.പിസ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം..സേട്ട് രാജി വെക്കണമെന്ന അഭിപ്രായം ആത്മാര്‍ത്ഥതയോടെയാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്ന് ഒരു കൂട്ട രാജി തന്നെ വേണ്ടിവരും.പൊന്നാനിയില്‍ സേട്ട് സാഹിബും, മഞ്ചേരിയില്‍ അഹമ്മദ്‌ സാഹിബും കൊണ്ഗ്രസ്സിന്‍റെ വോട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ മറ്റ് പതിനാല് മണ്ഡലങ്ങളില്‍ കൊണ്ഗ്രസ്സിനു ലീഗ് തിരിച്ചും ലീഗ് വോട്ടു ചെയ്തിട്ടുണ്ട്. ആ ഇടപാട് അവിടെ അവസാനിച്ചു. മത്സരിച്ചത് മുന്നനിയയിട്ടാണെങ്കിലും ലോക്സഭയില്‍ കോണ്ഗ്രസ് ഇരിപ്പിടങ്ങളില്‍ കൊണ്ഗ്രസ്സുകാരും ലീഗിരിപ്പിടങ്ങളില്‍ ലീഗുകാരും ഇരിക്കുന്നു. അവിടെ മുന്നണി ഇരിപ്പിടങ്ങള്‍ ഇല്ലല്ലോ?

സേട്ട്‌ സാഹിബും ശിഹാബ് തങ്ങളും സമുദായത്തിന് പ്രിയങ്കരന്മാരാണ്. ഈ മഹല്‍ വ്യക്തികള്‍ക്കിടയില്‍ ഭിന്നതയുണ്ടാവുന്നുവെന്ന പത്രവാര്‍ത്തകള്‍ ലീഗണികളെ വല്ലാതെ വേദനിപ്പിക്കുന്നു. പത്രവാര്‍ത്തകളില്‍ സത്യത്തിന്‍റെ സാരാംശങ്ങള്‍ ഉണ്ടെങ്കില്‍ അത് ദുഖകരവും വേദനാജനകവുമാണ്.

(വാല്‍ക്കഷ്ണം)  1993 ആഗസ്ത് 7 ശനിയാഴ്ചയാണ് മാധ്യമത്തില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അടുത്ത ദിവസം , അതായത് ആഗസ്ത് 8നു എനിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്ത്വം അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തു... രാഷ്ട്രീയ ജീവിതത്തിലെ ആദ്യ വേദന.......

No comments:

Post a Comment

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?