Friday, 26 July 2013

പാവം മഅ്ദനി ..വെറും ഇര ......

യഥാർഥത്തിൽ മഅ്ദനിയോട് ആർക്കാണ് വിദ്വേഷം? എല്ലാം നിലക്കും അവശനായ ഈ മനുഷ്യനോടു ആർക്കാണ് പക? എത്ര ചിന്തിചിട്ടും മനസ്സിലാവുന്നില്ല. മുസ്ലിം തീവ്രത രാജ്യത്ത് വർധിക്കേണ്ട ആവശ്യം ആർക്കാണ്? അതിന്റെ എതിർവികാരം ആർക്കാണ് പ്രയോജനം ചെയ്യുക..ഈ വക കാര്യങ്ങൾ ആഴത്തിൽ ചിന്തിക്കുമ്പോഴേ ഈ സംശയങ്ങൾക്ക് നിവാരണം ഉണ്ടാവൂ. മഅ്ദനിയെപ്പോലുള്ളവരെ കൊടും പീഠനത്തിന് വിധേയമാക്കിയാൽ ആരാണ് കൂടുതൽ രോഷാകുലരാവുക? അത് സ്വാഭാവികമായും മുസ്ലിം യുവാങ്കുരങ്ങളായിരിക്കും. അങ്ങിനെ മുസ്ലിം യുവാക്കളെ പ്രതിഷേധത്തിന്റെ രോഷാഗ്നിയിലേക്ക് തള്ളിവിട്ട് സൃഷ്ടിക്കപ്പെടുന്ന ഇപ്പോഴത്തെ തീവ്രവാദ ആക്ഷേപങ്ങൾ യാഥാർത്ഥ്യമായിക്കാണാനുള്ള ഏതോ ഇരുട്ടിന്റെ ശക്തികളുടെ ഗൂഡ നീക്കം ഇതിനൊക്കെ പിറകിലുണ്ടോ? മുസ്ലിം തീവ്രവാദം ശക്തിപ്പെടണം അത് വഴി രാജ്യത്ത് വർഗ്ഗീയതയും അരാജകത്വവും വർദ്ധിക്കണം എന്നാഗ്രഹിക്കുന്ന ഒരു ലോബി തന്നെയായിരിക്കണം ഇതിന്റെയൊക്കെ പിറകിൽ ...മഅ്ദനിക്ക് നേരെയുള്ള എല്ലാ ക്രൂരനീക്കങ്ങളുടെയും പിറകിൽ മുസ്ലിം തീവ്രവാദത്തിലേക്ക് മുസ്ലിം യുവാക്കളെ വീഴ്താനുള്ള ഹീന നീക്കം തന്നെയാണ്. മോഡിയുടെ കരങ്ങളിലേക്ക് രാജ്യഭരണം എത്തിക്കാൻ ഏറ്റവും നല്ല കുറുക്കുവഴി ശക്തിപ്പടരുന്ന മുസ്ലിം തീവ്രവാദ ആക്ഷേപമായിരിക്കും. ഇതിന്നെതിരെയുള്ള ചാമ്പ്യൻ ആയി മോഡി അവതരിപ്പിക്കപ്പെടുകയും ചെയ്യും. ഈ ഗൂഡനീക്കത്തിന് നിർഭാഗ്യവശാൽ കർണ്ണാടകയിലെ കോണ്ഗ്രസ് സർക്കാരും കൂടുനിന്നിരിക്കുന്നു എന്നത് കഷ്ടമാണ്. ശത്രുവിന്റെ ലക്ഷ്യം മനസ്സിലാക്കിയും, രാഷ്ട്ര ദ്രോഹികളുടെ ഹിഡൻ അജണ്ട മനസ്സിലാക്കിയും  സമചിത്തതയോടെ പെരുമാറാനും, ഹിന്ദു വർഗ്ഗീയതക്ക്‌ വളരാനുള്ള എതിർവികാരം ഒരുക്കിക്കൊടുക്കാതെയും,ഇത്തരം വെട്ടിൽ വീഴാതെ നോക്കാനും മുസ്ലിം യുവാക്കൾ ജാഗ്രവത്തായാൽ അത് സമുദായത്തിന് നല്ലത്.  പാവം  മഅ്ദനി ..വെറും ഇര ......

Wednesday, 24 July 2013

ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...

സത്യം മാത്രം പറയുന്നവൻ എന്ന് ഇപ്പോൾ പി.സി. ജോർജിനെ വിശേഷിപ്പിക്കുന്ന ചാനലുകാരും ഇടതു നേതാക്കളും ഒന്നര  മാസം മുമ്പ് വരെ ജോർജിനെതിരെ എന്തെല്ലാമാണ് തട്ടിവിട്ടത്? സംസ്കാരശൂന്യൻ, ആഭാസൻ, മാടമ്പി, തുടങ്ങി എന്തെല്ലാം ആക്ഷേപങ്ങൾ! ജസ്റ്റിസ്. ഹമീദിന് എതിരായ മുൻ ഡി.വൈ.എഫ്.ഐ പ്രയോഗവും, വനിതാ വാച് ആൻഡ്‌ സ്റ്റാഫിന്റെ നെഞ്ജത്തോട്ടേക്കാണ് ടി.വി. രാജേഷ് പാഞ്ഞടുത്തത് എന്ന പത്തനാപുരത്തെ പ്രസംഗവും, എ.കെ. ബാലനെയും, ടി.എൻ. പ്രതാപനേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന ആരോപണവും ഒക്കെ നിരന്തരമായി നിശാ ചർച്ചക്ക് വിധേയമാക്കി ജോർജിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ചാനലുകാരും ഇടതു നേതാക്കളും ഇപ്പോൾ  ഒരുമിച്ച് നിന്ന് പറയുന്നു പി.സി. ജോർജ് സത്യം മാത്രം പറയുന്നവനെന്ന്! നാം കേരളീയർ ഇതിലേത് വിശ്വസിക്കണം?

 പ്രിന്റ്‌ മിഡിയയിൽ വരുന്നത് പുനർവായനക്കു വിധേയമാക്കാൻ നമുക്ക് അവസരമുണ്ടായിരുന്നു. ചാനലിൽ സാധാരണക്കാർക്ക് അത് അസാധ്യമാണെന്ന് ചാനലുകാർക്ക് തന്നെ നല്ല നിശ്ചയമുണ്ട്. അത് കൊണ്ട് ആരെക്കുറിച്ചും നല്ലതും ചീത്തയും മാറി മാറി പറയാൻ ഇവർക്കൊന്നും യാതൊരു ഉളുപ്പുവും ഇല്ല.. പണ്ട് മാധ്യമങ്ങളിലൂടെ ജനരോഷമാറിയാമായിരുന്നു. ഇന്നോ...! മാധ്യമങ്ങൾക്കെതിരാണ് ജനരോഷമെന്നത് എത്ര മാധ്യമങ്ങൾക്ക് മനസ്സിലായി ക്കാണും?

മാധ്യമ ധർമം പലരോടും പല രീതിയിലാണ്. പെണ്‍വാണിഭത്തിനു വിധേയരായ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന പ്രസ്‌ കൌണ്‍സിൽ ഓഫ് ഇന്ത്യയുടെ മാർഗ്ഗദർശനോപദേശവും, 1995 ലെ കേബിൾ ടി.വി നിയമവും രാജ്യത്ത് നില നിൽക്കുന്നത് കൊണ്ടായിരിക്കാം പറവൂർ, തോപ്പുംപടി, കിളിരൂർ, കവിയൂർ, കോതമംഗലം, സൂര്യനെല്ലി തുടങ്ങിയ കേസുകളിലെ ഇരകളുടെ ഫോട്ടോ ടെലിവിഷൻ മാധ്യമങ്ങൾ കാണിക്കാത്തത് എന്ന് വേണം മനസ്സിലാക്കാൻ. ഈയടുത്ത് തെറ്റയിലെനെതിരായി നിരവധി വാർത്താ സമ്മേളനം നടത്തിയ അങ്കമാലി സ്ത്രീയുടേയും ഫോട്ടോ വ്യക്തത ഇല്ലാതിരിക്കാൻ മോസൈക്കിൾ ട്രാഷ് ഇട്ടാണ് മാധ്യമങ്ങൾ കാണിച്ചത്. 

എന്നാൽ ഐസ്ക്രീം കേസിലോ? പച്ചയായി രജീന എന്ന സ്ത്രീയെ ആയിരത്തിൽ പരം തവണ കാണിച്ചിരിക്കുന്നു. ഇപ്പോഴും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും മൊഴിഞ്ഞാൽ അത് എത്ര അപ്രസക്തനാണെങ്കിലും ശരി ഈ സ്ത്രീയുടെ ഫോട്ടോ പച്ചക്ക് കാണിക്കും. ഇക്കാര്യത്തിൽ നിയമവും മാർഗ്ഗനിർദ്ദേശവും ഒക്കെ ചാനലുകാർക്ക് പുല്ലാണ്. കാരണം അവർക്ക് രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യേണ്ട ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തെ പരമാവധി അപമാനിക്കാൻ കിട്ടുന്ന അവസരമാണ്. അത്പാഴാക്കിക്കളയരുതല്ലോ.....

ബ്രേകിംഗ് ന്യൂസ്‌, ഫ്ലാഷ് ന്യൂസ്‌ എന്നിവയുടെയൊന്നും യഥാർത്ഥ വിവക്ഷ കേരളത്തിലെ ചാനലുകാർ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. സംഭാവ്യമായ വിഷയങ്ങൾ മാത്രമേ മേൽ തലക്കെട്ടിലൂടെ സ്ട്രോളിംഗ് കാണിക്കാവൂ എന്നതാണ് ചട്ടം. എന്നാൽ ഇവിടെയോ? ചാനൽ പുംഗവൻമാരുടെ തലയിലുദിക്കുന്ന ഊഹങ്ങളും, നിഗമനങ്ങളുമൊക്കെ ഇവർക്ക് ബ്രേകിംഗ് ന്യൂസും, ഫ്ലാഷ് ന്യൂസും ആണ്. ശുദ്ദ തോന്നിവാസം എന്നല്ലാതെന്തു പറയാൻ? 

ഇവിടെ ഉടൻ നടക്കേണ്ട ചർച്ച ഈ ക്രൂരമായ മാധ്യമ സംസ്കാരത്തെ ഇല്ലായ്മ ചെയ്യേണ്ടത് എങ്ങിനെയാണെന്നാണ്. ഇപ്പോൾ ചാനലിനെ വെള്ള പൂശി നിവൃതിയടയുന്നവർ ഒന്നോർക്കണം... ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...

 മാധ്യമങ്ങൾക്ക് മുകളിൽ ഒരു അപ്പക്സ് ബോഡിയില്ല എന്നതാണ് ഈ മാധ്യമ ധിക്കാരത്തിന്റെ നിലനില്പ്.ലോക്പാലിന്റെ പരിധിയിൽ പ്രധാന മന്ത്രിയെപ്പോലും കൊണ്ട് വരണം എന്ന ചർച്ച രാജ്യത്ത് നടക്കുകയാണെന്നോർക്കണം. അതിനെക്കാൾ മുമ്പ് വേണ്ടത് ആരെയും അവഹേളിക്കാനുള്ള സ്വാതത്ര്യം മാധ്യമങ്ങൾക്ക് വിലക്കണം. ഇല്ലെങ്കിൽ ഭരണകൂടം മാത്രമല്ല പലരുടേയും ജീവിതം പോലും തരിപ്പണമാവും.


Sunday, 21 July 2013

ബഷീർ സംസാരിക്കുന്നു

കോളേജ് പഠന കാലഘട്ടത്തിൽ മാഗസിൻ എഡിറ്ററായിരുന്നപ്പോൾ ബേപ്പൂർ സുൽത്താൻ ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീറിനെ ഇന്റർവ്യു ചെയ്യാനുള്ള ഒരു അസുലഭ അവസരമുണ്ടായി. 26 വർഷം മുമ്പ് നടത്തിയ ആ അഭിമുഖം എന്റെ സുഹൃത്തുക്കൾക്കായി ഞാൻ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. മാന്യ മിത്രങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?

വൈക്കം മുഹമ്മദ്‌ ബഷീർ, അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ഒരുപോലെ മൌലികതയുള്ളതാണ്. തന്റെ ജീവിതം ചിലപ്പോൾ ഒരു നോവലിലേക്കോ കഥയിലേക്കോ അദ്ദേഹത്തെ നയിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട ഓരോ കഥാപാത്രങ്ങളും മാനവികതയുടെ ഐതിഹാസിക രൂപങ്ങളായി മാറുകയായിരുന്നു. രചനയുടെ പ്രശ്നങ്ങളും അത് പോലെത്തന്നെ ജീവിതത്തിന്റെ സമസ്യകളും ഇന്ന് ഏതാണ്ട് വിശ്രമിച്ച്‌ കഴിഞ്ഞ് കൂടുന്ന അദ്ദേഹത്തിൽ നിന്ന് അറിയുകയായിരുന്നു ലക്‌ഷ്യം. അക്ഷരാർത്ഥത്തിൽ തന്നെ തുറന്ന മനസ്സോടെ അദ്ദേഹം സഹകരിച്ചു. രണ്ട് ദിവസങ്ങളായി നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണിവിടെ കൊടുത്തിത്തുള്ളത്.


ചോ. താങ്കളുടെ ആദ്യ കൃതി ഏത്? അത് രചിക്കുമ്പോഴുണ്ടായ അനുഭവം എന്തായിരുന്നു?

ഉ .  എന്റെ ആദ്യ കൃതി " ഹതഭാഗ്യയായ എന്റെ നാട് " എന്നതാണ്. അറുപത് വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തുണ്ടായിരുന്ന "ദീപം" എന്ന പത്രം ആണ് അത് പ്രസിദ്ധം ചെയ്തത്. ഇതിനു മുമ്പ് ഞാൻ ഒരുപാട് ലേഖനങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. തിരുവിതാംകൂറിൽ ആയിരുന്നു ഞാൻ ആ സമയത്ത്. ആ രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. അവിടെ രാജഭരണമായിരുന്നു. ദിവാനായിരുന്ന സർ സിപി രാമ സ്വാമിയായിരുന്നു അന്ന്  തിരുവിതാംകൂർ ഭരിച്ചിരുന്നത്. അക്രമകരമായ അന്നത്തെ ഭരണത്തെക്കുറിച്ച് എനിക്ക് പ്രതിഷേധവും സങ്കടവും തോന്നി. അത് കൊണ്ട് ഞാൻ എഴുതി. അത് നിരോധിച്ചു. അവസാനം എന്റെ പേരിൽ അറസ്റ്റ് വാറണ്ട് വന്നു. അങ്ങിനെ രണ്ട് കൊല്ലവും ആറ് മാസവും എന്നെ ജയിലിൽ ഇട്ടിട്ടുണ്ട്. ഇതിനോടൊപ്പം രണ്ടായിരം രൂപ പിഴയും ഉണ്ടായിരുന്നു. അതിന് ശേഷം മദ്രാസ്‌ മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജയിലിലും ഞാൻ കിടന്നിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,  തിരുവനന്തപുരം എന്നീ  ജയിലുകളി ലും ഞാൻ കിടന്നിട്ടുണ്ട്. പിന്നീട് നാല് താമ്ര പത്രങ്ങൾ കിട്ടിയിട്ടുണ്ട്. സാഹിത്യത്തിനും രാഷ്ട്രീയത്തിനും "പതമശ്രീ " ബഹുമതി എനിക്ക് കിട്ടിയിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും "ഡോക്ടറേറ്റ് "  കിട്ടിയിട്ടുണ്ട്. പിന്നെ "വിശ്വദീപം " ബഹുമതി  കിട്ടിയിട്ടുണ്ട്. എന്റെ പുസ്തകങ്ങൾ പലതും 18 ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, അറബിക്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിലെല്ലാം വന്നിട്ടുണ്ട്.

ചോ. സാഹിത്യത്തിന്റെ ഉദ്ദേശം എന്താണ്?

ഉ. മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്നു വെച്ചാൽ അത് തന്നെയാണ് സാഹിത്യത്തിന്റെയും  ഉദ്ദേശം. മനുഷ്യർ തമ്മിൽ അക്രമങ്ങൾ നടത്തുന്നുണ്ട്. ഇത് പോലെ സാഹിത്യത്തിലും മനുഷ്യനെ ഉപദ്രവിക്കുന്ന ആശയങ്ങളും  ഉണ്ടാകാതിരിക്കുക.

ചോ. പൈങ്കിളി പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് കൊണ്ട് വല്ല ദോഷവുമുണ്ടോ?
ഉ. ഇത് വായിക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ല. റൊമാന്റിക് കഥകളാണ് പൈങ്കിളി പ്രസിദ്ധീകരണങ്ങൾ. മനുഷ്യൻ പല ഗ്രേഡുകളാണ്. ബുദ്ധിയുടെ കാര്യത്തിൽ എല്ലാവരും വ്യത്യസ്ഥരാണ്. എല്ലാവർക്കും ഒരേ സൗന്ദര്യവും ഒരേ ശക്തിയുമില്ല. പൈങ്കിളി പ്രസിദ്ധീകരണത്തിന് ഒരു പ്രത്യേകതയുമില്ല. എല്ലാറ്റിനുമുണ്ട് ഒരു ട്രേഡ്. ഉദാ: ഞാഞ്ഞൂൾ, ഇത് ചിന്ദിക്കുന്നില്ല. അതിനെപറ്റിയുള്ള അഭിപ്രായം വ്യത്യസ്ഥമാണ്. ഭൂഗോളം എന്താണെന്നും ഇത് കറങ്ങിക്കൊണ്ടിരിക്കുകയാനെന്നും ധരിക്കുന്നവരുണ്ട്. പ്രപഞ്ചത്തെപറ്റി വിശാലമായ വീക്ഷണത്തെപറ്റി അറിവുള്ളവനും ഇല്ലാത്തവനും തമ്മിൽ വ്യത്യസ്ഥനാണ്.

ചോ. ടി. പത്മനാഭൻ തുടങ്ങിവെച്ച കഥാചർച്ച ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? പത്മനാഭന്റെ നിലപാടുകൾ നിങ്ങൾ എങ്ങനെ കാണുന്നു?

ഉ.  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പത്മനാഭൻ പ്രസംഗിക്കുന്ന സമയത്ത് ഞാൻ പത്മനാഭന്റെ തൊട്ടടുത്തുണ്ടായിരുന്നു. ഞാൻ എല്ലാം കേട്ടിട്ടുണ്ട്. പത്മനാഭന്റെ നിലപാട് എന്നു പറഞ്ഞാൽ പുതിയ എഴുത്തുകാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നതാണ്. അത് കൊണ്ട് എഴുതുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്ന പത്മനാഭന്റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.

ചോ. പുതിയ തലമുറയിൽ കഥാ സാഹിത്യം ഭദ്രമാവില്ല  എന്ന അഭിപ്രായം ഉണ്ടോ? 

ഉ. ഇല്ല.

ചോ. "സൽമാൻ റുഷ്ദി" എന്നയാൾ "സാത്താനിക് വേഴ്സസ്" എന്ന പുസ്തക രചനയിലൂടെ ഇന്ന് വിവാദമായിരിക്കുകയാണല്ലോ? പ്രസ്തുത പുസ്തകം ഇന്ത്യയിൽ നിരോധിച്ചതുമൂലം ആവിഷ്കാര സ്വതത്ര്യത്തിനു കോട്ടം തട്ടിയിട്ടുണ്ടോ?

ഉ. ഇസ്ലാം മതക്കാരെ വളരെയധികം ആക്ഷേപിച്ച ഒരു കൃതിയാണിത്. ലോകത്തിൽ ഇന്നുള്ള 100 കോടിയിലധികം മുസ്ലിംകൾക്ക് വളരെയധികം മനോവേദന ഉണ്ടാക്കിയിട്ടുണ്ട്. അത് ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ നിരോധിക്കണോ വേണ്ടയോ എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. നമ്മൾ ഈ സദസ്സിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. നിങ്ങൾക്കാർക്കെങ്കിലും മൂത്രം ഒഴിക്കണം എന്ന് തോന്നിയാൽ ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ ഈ സദസ്സിൽ ഇരുന്ന് മൂത്രം ഒഴിക്കാമോ? അത് പോലെ ബാങ്കുകളിൽ പണമുണ്ടെങ്കിൽ കുത്തിത്തുറന്ന് എടുക്കുമോ? അതേ പോലെ തന്നെ  ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ നിങ്ങളിലാരുടെയെങ്കിലും കഴുത്തിന്‌ പിടിച്ചു ഞെക്കാമോ? എനിക്ക് തോന്നി അങ്ങനെ, ഇത് പോലെ ഒരുപാടു  ആവിഷ്കാര സ്വതത്ര്യങ്ങളുള്ള കാര്യങ്ങളുണ്ട്‌.. ഇതൊക്കെ നിങ്ങൾ ആലോചിച്ച് തീരുമാനമെടുത്താൽ മതി എന്നാണ് എനിക്ക് പറയാനുള്ളത്. ഗാന്ധിജിയെ വേടി വെച്ച് കൊന്നത് ശരിയായോ? അതിലും ഒരു  ആവിഷ്കാര സ്വതത്ര്യമുണ്ട്. ഓരോ കാര്യത്തെപറ്റിയും ഓരോർത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഉണ്ടാവുക.

ചോ: ബഷീറിന്റെ കഥാപാത്രങ്ങൾ കഥാപാത്രങ്ങളുടെ നില വിട്ട് നമ്മുടെ ഇടയിൽ ജീവിച്ച് കൊണ്ടിരിക്കുന്ന ചില വ്യക്തികൾ തന്നെയാണെന്ന് ഈയിടെ ഒരാൾ ശ്രീ. പി.കെ.ബാലകൃഷ്ണൻ എഴുതിക്കണ്ടു. അതേക്കുറിച്ചുള്ള ബഷീറിന്റെ കാഴ്ചപ്പാടുകൾ എന്താണ്?

ഉ: ഞാൻ അധികവും എഴുതിയിട്ടുള്ളത് എന്റെ ചുറ്റുപാടിലുള്ള ജീവിച്ചിരിക്കുന്ന വ്യക്തികളെപറ്റിയാണ്. ജീവിച്ചിരിക്കുന്ന വ്യക്തികൾ തന്നെയാണോ എന്ന് സംശയിക്കേണ്ട. കാരണം ജീവിച്ചിരിക്കുന്ന സത്യസന്ധമായ വ്യക്തികൾ തന്നെയാണ്. ഉദാ: " പാത്തുമ്മയുടെ ആട് " ഈ പാത്തുമ്മ ജീവിച്ചിരിക്കുന്ന എന്റെ സഹോദരിയാണ്. പിന്നെ എന്റെ മാതാവ്, സഹോദരി - സഹോദരന്മാർ എന്നിവരും മറ്റ് കുടുംബങ്ങളുമാണ് അതിലെ അംഗങ്ങൾ. ഞാൻ വളരെയധികം ബുദ്ധിയും അറിവും ഭാവനയും ഉള്ള വ്യക്തിയല്ല. അത് കൊണ്ട് ഞാൻ എഴുതുന്നത്‌ എനിക്ക് തൊട്ട് പരിചയമുള്ള ആളെക്കുറിച്ചായിരിക്കും. മൃഗങ്ങളെപ്പറ്റിയും, പക്ഷിപ്പറവകളെപ്പറ്റിയും ഞാൻ ഏഴുതിയിട്ടുണ്ട്. ഈ ഭൂ ലോകത്തെപ്പറ്റി, സൂര്യ ചന്ദ്രന്മാരെപ്പറ്റി, സൗരയൂഥങ്ങൾ, അണ്ഡകടാഹങ്ങൾ, പ്രപഞ്ചങ്ങൾ ഇങ്ങിനെയുള്ള അത്ഭുതവിശാല സുന്ദര ഭീകര സംവിധാനങ്ങളെപ്പറ്റിയും ചെറിയ തോതിൽ വളരെ ചെറുതായിട്ടുള്ള ധാരണ എനിക്കുണ്ട്. ഈ ധാരണ മറ്റാർക്കും ഉണ്ടായിരിക്കണമെന്നില്ല. 

ചോ: ബാല്യകാലസഖിയുടെ ആമുഖത്തിൽ " ഈയുള്ളവൻ ഇത്ര ദുഖിതനാണ് " എന്ന് ശ്രീ. എൻ.വി. പോൾ എഴുതിക്കണ്ടു. എന്താണ് ആ ദുഖത്തിന് കാരണം?

ഉ: സൂറ എന്ന് പേരായ സുന്ദരിക്കൊച്ചും ഞാനും തമ്മിൽ ഒരുമാതിരി ഇഷ്ടത്തിലായിരുന്നു. അവൾ മരിച്ച് പോയി. അപ്പോൾ ഒരുമാതിരി ദുഖം തോന്നുമല്ലോ? അതാണ് ബാല്യകാലസഖി.

ചോ: നമ്മുടെ നാടിനെയാകെ ഗ്രസിച്ചിരിക്കുന്ന ഒരു മാറാ രോഗമാണല്ലോ "വർഗ്ഗീയത". ഇതിനൊരു പ്രതിവിധി നിർദ്ദേശിക്കാമോ?

ഉ: ബോധമണ്ഡലം കുറച്ചുകൂടി വികസിപ്പിക്കുക. നിങ്ങളെപ്പോലുള്ളവരുടെ അഭിപ്രായം മറ്റുള്ളവർക്കുമുണ്ട് എന്ന് ആദ്യം അംഗീകരിക്കുക. അവർക്ക് ആ അഭിപ്രായം വെച്ച് പുലർത്താനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വാസിക്കുക. ലോകത്ത് ഒരു പാട് ആഹാര പദാർത്ഥങ്ങൾ ഉള്ളത് പോലെ ഇതിനെയും കാണേണ്ടതാണ്. ഓരോർത്തർക്കും ഇഷ്ടമുള്ള ആഹരമാണല്ലോ കഴിക്കുന്നത്‌.. ഇത് പോലെത്തന്നെ ധാരാളം വിശ്വസങ്ങളുമുണ്ട്. ഇതിന്റെ പേരിൽ വഴക്കിടാതിരിക്കണം.

ചോ: വർഗ്ഗീയത വളർത്തുന്നതിൽ ചരിത്രാധ്യാപനങ്ങൾക്ക് പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ?

ഉ: ഉണ്ട്. വർഗ്ഗീയത വളർത്തുന്നതിൽ ചരിത്രാധ്യാപനങ്ങൾക്ക് വലിയ പങ്കുണ്ട്. വർഗ്ഗീയ സമരം ഉണ്ടാക്കാൻ വേണ്ടി ചരിത്രത്തിന്റെ പേരിൽ കള്ളക്കഥകൾ ചമച്ച് വെച്ചിട്ടുണ്ട്. ഈ രീതിയിലുള്ള ചരിത്ര പഠനങ്ങളെ വിദ്യാർത്ഥികൾ നിരുൽസാഹപ്പെടുത്തെണ്ടതാണ്. ഉദാ: ഇന്ത്യാ ചരിത്രം എടുത്തു പരിശോധിച്ചാൽ തന്നെ ഇത് ബോധ്യമാവും. ഔറംഗസീബിനേയും, ടിപ്പു സുൽത്താനേയും പറ്റിയുള്ള കള്ളക്കഥകൾ ഇവിടെ ധാരാളം പ്രചരിച്ചിട്ടുണ്ട്. ഞാൻ ഇന്ത്യ മുഴുവനും 10 കൊല്ലം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ഞാൻ നോക്കുമ്പോൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന പുരാതനക്ഷേത്രങ്ങൾ ഇന്നും ഒരു കേടും കൂടാതെ നില നിൽക്കുന്നുണ്ട്. മുസ്ലിംകൾ ആയിരം കൊല്ലം ഇന്ത്യ ഭരിച്ചവരാണ്. മുസ്ലിം ചക്രവർമാത്തിമാർക്കും, സുൽത്താന്മാർക്കും, രാജാക്കൻമാർക്കും അന്ന് ആരെ വേണമെങ്കിലും നശിപ്പിക്കാമായിരുന്നു. ഹിന്ദുക്കൾ അറിയുന്ന ഔറംഗസീബിനെക്കുറിച്ചുള്ള ചരിത്രകാര്യങ്ങൾ വേറെയുമുണ്ട്. ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ നശിപ്പിക്കുകയായിരുന്നില്ല ചെയ്തത്. പകരം ധാരാളം സ്വത്ത് ക്ഷേത്രങ്ങൾക്ക് സംഭാവനയായി നൽകുകയാണ് ചെയ്തത്. ഗുരുവായൂർ  ക്ഷേത്രത്തിന് തന്നെ കരം പിരിവ് കൂടാതെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. " വില്യം ലോകന്റെ മാനുവലിൽ " ഇക്കാര്യം പറയുന്നുണ്ട്.

ചോ: ഇനി നമുക്ക് വിദ്യാഭ്യാസ കാര്യങ്ങളിലേക്ക് കടക്കാം. ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?

ഉ: വിദ്യാഭ്യാസത്തിന്റെ പരമ ലക്‌ഷ്യം ഇപ്പോൾ ഉദ്യോഗമാണല്ലോ? വർഷം തോറും നിരവധി പേർ ഡിഗ്രിയെടുത്ത് പുറത്ത് വരുന്നുണ്ട്. പക്ഷെ ഇവരിൽ എല്ലാവർക്കും ജോലി കൊടുക്കുവാൻ ഗവണ്മെന്റിനു കഴിയുന്നില്ല. പല ഡിഗ്രികളും എടുത്ത് പഠിച്ച് പാസ്സായി പുറത്ത് വന്നാൽ തന്നെയും പലർക്കും ഒന്നും അറിയില്ല. അതിനാൽ സ്വന്തം കാലിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ പറ്റിയ ഒന്നും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലില്ല. പൊതുവെ  ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ശരിയായ വഴിക്കല്ല എന്നൊരു ധാരണ ഇപ്പോൾ നിലവിലുണ്ട്. അത് ശരിയുമാണ്‌... അത് ക്രമേണ മാറും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോ: പണ്ടു കാലത്തെപ്പോലെയുള്ള ഗുരു ശിഷ്യ ബന്ധം ഇപ്പോൾ ഇല്ല എന്ന് പഴമക്കാർ പറയുന്നു. പഴമക്കാരിൽ ഒരാളായ നിങ്ങളുടെ അഭിപ്രായം എന്താണ്?

ഉ: പണ്ടത്തെ രീതിയിലുള്ള ഗുരു ശിഷ്യ ബന്ധം ഇപ്പോൾ ഇല്ല. ഇതിനു പ്രധാന കാരണം രാഷ്ട്രീയമാണ്. രാഷ്ട്രീയം എന്ന് പറയുമ്പോൾ "കമ്മ്യുണിസ്റ്റ്" ചുവയുള്ള രാഷ്ട്രീയമാണ്. ഇപ്പോൾ ഫാക്ടറി അടിസ്ഥാനത്തിലാണല്ലോ സംഭവങ്ങൾ എല്ലാം നീങ്ങുന്നത്‌. വിദ്യാർത്ഥികളെയെല്ലാം ഇന്ന് ഓരോ രാഷ്ട്രീയപ്പാർട്ടിക്കാർ സ്വന്തം വറുതിയിൽ ആക്കിയിരിക്കുകയാണ്. അത് പോലെത്തന്നെ അധ്യാപകരേയും. രാഷ്ട്രീയക്കാർ എല്ലാവരേയും സമരം ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അപ്പോൾ സ്നേഹം, അനുകമ്പ, സാഹോദര്യം, കാരുണ്യം, ദയ, ബഹുമാനം ഇവയൊന്നുമില്ല. സമരവും രക്തച്ചൊരിച്ചിലുമാണ്‌ ഇപ്പോൾ നടക്കുന്നത്. അത് കൊണ്ട് തന്നെ പണ്ടു കാലത്തെപ്പോലെയുള്ള ഗുരുവും ശിഷ്യനും ഇപ്പോൾ ഇല്ല എന്ന് പറയാം.

എന്നോടൊപ്പം  മാഗസിൻ എഡിറ്റൊറിയൽ അംഗങ്ങളായ സഹ വിദ്യാർത്ഥിനികൾ സിതാര, ഷീബ, മിനി എന്നിവർ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏക മകൾ ഷാഹിനയുടെയും മകന്റേയും കൂടെ 










കാലികറ്റ് കോളേജ് ഓഫ് കൊമേർസ് ആന്വൽ മാഗസിൻ 1987 - 86