സത്യം മാത്രം പറയുന്നവൻ എന്ന് ഇപ്പോൾ പി.സി. ജോർജിനെ വിശേഷിപ്പിക്കുന്ന ചാനലുകാരും ഇടതു നേതാക്കളും ഒന്നര മാസം മുമ്പ് വരെ ജോർജിനെതിരെ എന്തെല്ലാമാണ് തട്ടിവിട്ടത്? സംസ്കാരശൂന്യൻ, ആഭാസൻ, മാടമ്പി, തുടങ്ങി എന്തെല്ലാം ആക്ഷേപങ്ങൾ! ജസ്റ്റിസ്. ഹമീദിന് എതിരായ മുൻ ഡി.വൈ.എഫ്.ഐ പ്രയോഗവും, വനിതാ വാച് ആൻഡ് സ്റ്റാഫിന്റെ നെഞ്ജത്തോട്ടേക്കാണ് ടി.വി. രാജേഷ് പാഞ്ഞടുത്തത് എന്ന പത്തനാപുരത്തെ പ്രസംഗവും, എ.കെ. ബാലനെയും, ടി.എൻ. പ്രതാപനേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന ആരോപണവും ഒക്കെ നിരന്തരമായി നിശാ ചർച്ചക്ക് വിധേയമാക്കി ജോർജിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ചാനലുകാരും ഇടതു നേതാക്കളും ഇപ്പോൾ ഒരുമിച്ച് നിന്ന് പറയുന്നു പി.സി. ജോർജ് സത്യം മാത്രം പറയുന്നവനെന്ന്! നാം കേരളീയർ ഇതിലേത് വിശ്വസിക്കണം?
പ്രിന്റ് മിഡിയയിൽ വരുന്നത് പുനർവായനക്കു വിധേയമാക്കാൻ നമുക്ക് അവസരമുണ്ടായിരുന്നു. ചാനലിൽ സാധാരണക്കാർക്ക് അത് അസാധ്യമാണെന്ന് ചാനലുകാർക്ക് തന്നെ നല്ല നിശ്ചയമുണ്ട്. അത് കൊണ്ട് ആരെക്കുറിച്ചും നല്ലതും ചീത്തയും മാറി മാറി പറയാൻ ഇവർക്കൊന്നും യാതൊരു ഉളുപ്പുവും ഇല്ല.. പണ്ട് മാധ്യമങ്ങളിലൂടെ ജനരോഷമാറിയാമായിരുന്നു. ഇന്നോ...! മാധ്യമങ്ങൾക്കെതിരാണ് ജനരോഷമെന്നത് എത്ര മാധ്യമങ്ങൾക്ക് മനസ്സിലായി ക്കാണും?
മാധ്യമ ധർമം പലരോടും പല രീതിയിലാണ്. പെണ്‍വാണിഭത്തിനു വിധേയരായ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന പ്രസ് കൌണ്‍സിൽ ഓഫ് ഇന്ത്യയുടെ മാർഗ്ഗദർശനോപദേശവും, 1995 ലെ കേബിൾ ടി.വി നിയമവും രാജ്യത്ത് നില നിൽക്കുന്നത് കൊണ്ടായിരിക്കാം പറവൂർ, തോപ്പുംപടി, കിളിരൂർ, കവിയൂർ, കോതമംഗലം, സൂര്യനെല്ലി തുടങ്ങിയ കേസുകളിലെ ഇരകളുടെ ഫോട്ടോ ടെലിവിഷൻ മാധ്യമങ്ങൾ കാണിക്കാത്തത് എന്ന് വേണം മനസ്സിലാക്കാൻ. ഈയടുത്ത് തെറ്റയിലെനെതിരായി നിരവധി വാർത്താ സമ്മേളനം നടത്തിയ അങ്കമാലി സ്ത്രീയുടേയും ഫോട്ടോ വ്യക്തത ഇല്ലാതിരിക്കാൻ മോസൈക്കിൾ ട്രാഷ് ഇട്ടാണ് മാധ്യമങ്ങൾ കാണിച്ചത്.
എന്നാൽ ഐസ്ക്രീം കേസിലോ? പച്ചയായി രജീന എന്ന സ്ത്രീയെ ആയിരത്തിൽ പരം തവണ കാണിച്ചിരിക്കുന്നു. ഇപ്പോഴും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും മൊഴിഞ്ഞാൽ അത് എത്ര അപ്രസക്തനാണെങ്കിലും ശരി ഈ സ്ത്രീയുടെ ഫോട്ടോ പച്ചക്ക് കാണിക്കും. ഇക്കാര്യത്തിൽ നിയമവും മാർഗ്ഗനിർദ്ദേശവും ഒക്കെ ചാനലുകാർക്ക് പുല്ലാണ്. കാരണം അവർക്ക് രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യേണ്ട ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തെ പരമാവധി അപമാനിക്കാൻ കിട്ടുന്ന അവസരമാണ്. അത്പാഴാക്കിക്കളയരുതല്ലോ.....
ബ്രേകിംഗ് ന്യൂസ്, ഫ്ലാഷ് ന്യൂസ് എന്നിവയുടെയൊന്നും യഥാർത്ഥ വിവക്ഷ കേരളത്തിലെ ചാനലുകാർ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. സംഭാവ്യമായ വിഷയങ്ങൾ മാത്രമേ മേൽ തലക്കെട്ടിലൂടെ സ്ട്രോളിംഗ് കാണിക്കാവൂ എന്നതാണ് ചട്ടം. എന്നാൽ ഇവിടെയോ? ചാനൽ പുംഗവൻമാരുടെ തലയിലുദിക്കുന്ന ഊഹങ്ങളും, നിഗമനങ്ങളുമൊക്കെ ഇവർക്ക് ബ്രേകിംഗ് ന്യൂസും, ഫ്ലാഷ് ന്യൂസും ആണ്. ശുദ്ദ തോന്നിവാസം എന്നല്ലാതെന്തു പറയാൻ?
ഇവിടെ ഉടൻ നടക്കേണ്ട ചർച്ച ഈ ക്രൂരമായ മാധ്യമ സംസ്കാരത്തെ ഇല്ലായ്മ ചെയ്യേണ്ടത് എങ്ങിനെയാണെന്നാണ്. ഇപ്പോൾ ചാനലിനെ വെള്ള പൂശി നിവൃതിയടയുന്നവർ ഒന്നോർക്കണം... ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...
മാധ്യമങ്ങൾക്ക് മുകളിൽ ഒരു അപ്പക്സ് ബോഡിയില്ല എന്നതാണ് ഈ മാധ്യമ ധിക്കാരത്തിന്റെ നിലനില്പ്.ലോക്പാലിന്റെ പരിധിയിൽ പ്രധാന മന്ത്രിയെപ്പോലും കൊണ്ട് വരണം എന്ന ചർച്ച രാജ്യത്ത് നടക്കുകയാണെന്നോർക്കണം. അതിനെക്കാൾ മുമ്പ് വേണ്ടത് ആരെയും അവഹേളിക്കാനുള്ള സ്വാതത്ര്യം മാധ്യമങ്ങൾക്ക് വിലക്കണം. ഇല്ലെങ്കിൽ ഭരണകൂടം മാത്രമല്ല പലരുടേയും ജീവിതം പോലും തരിപ്പണമാവും.
good
ReplyDeleteShafikka ithanu sathyam
ReplyDeleteShafikka ithanu sathyam
ReplyDelete