പബ്ലിഷ്ഡ് ബൈ ചന്ദ്രിക ഡൈലി ഡിസംബർ 05, 1989
തെരഞ്ഞെടുപ്പിന്റെ ബഹളങ്ങളെല്ലാം കെട്ടടങ്ങിക്കൊണ്ടിരിക്കയാണല്ലോ. കേന്ദ്രത്തിൽ ഭരണമാറ്റവുമുണ്ടായി. തെക്കെ ഇന്ത്യ കോണ്ഗ്രസ്സും സഖ്യ കക്ഷികളും തൂത്ത് വാരിയപ്പോൾ വടക്കെ ഇന്ത്യ ബി.ജെ.പി ...ദൾ സഖ്യം പിടിച്ചെടുത്തു. ഈ തെരഞ്ഞെടുപ്പിൽ വടക്കെ ഇന്ത്യയിൽ കോണ്ഗ്രസ് വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയായിരുന്നു. ഒരേ സമയം ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷങ്ങളേയും കോണ്ഗ്രസ്സിനെതിരെ തിരിച്ച് വിടാൻ ബി.ജെ.പി ...ദൾ സഖ്യത്തിന്റെ വർഗ്ഗീയ പ്രചാരണങ്ങൾക്ക് സാധിച്ചുവെന്നത് ഒരു വസ്തുതയാണ്. രാജ്യത്ത് നടന്ന വർഗ്ഗീയ ലഹളകളിൽ നേരിട്ട് പങ്കുള്ള ബി.ജെ.പിയെ മന:പൂർവ്വം ഒഴിവാക്കി ലഹളകളുടെ മുഴുവൻ പാപഭാരവും കൊണ്ഗ്രസ്സിനു മേൽ കെട്ടിവെച്ച് നമ്മുടെ രാജ്യം ഇന്ന് വരെ ദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള വർഗ്ഗീയ പ്രചാരണങ്ങൾ പ്രതിപക്ഷ കക്ഷികൾ അഴിച്ച് വിടുകയുണ്ടായി. രാജ്യത്തെ വർഗ്ഗീയവാദികളുടെ സഹായത്തോടെയാണ് ദേശീയ മുന്നണിക്ക് വിജയിക്കാനായത് എന്ന കാര്യം അനിഷേധ്യമായ ഒരു വസ്തുതയാണ്. ജനവിധി എന്തായാലും ശരി ഇന്ത്യൻ ജനാധിപത്യം എന്നും അതിനെ മാനിച്ചിട്ടുണ്ടല്ലോ.
രാജീവിന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ കോട്ടമല്ല. മറിച്ച് കഴിഞ്ഞ 10 മാസങ്ങൾക്കുള്ളിൽ നമ്മുടെ രാജ്യത്ത് ഉണ്ടായ പ്രധാന്യമേറിയ പല പ്രശ്നങ്ങളിലും ഉറച്ച ഒരു തീരുമാനമെടുക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമാണ് കൊണ്ഗ്രസ്സിനു ദോഷമുണ്ടാക്കിയത്. ഇത്തരം പ്രാധാന്യമേറിയ പ്രശ്നങ്ങളിൽ യുക്തമായ തീരുമാനം കൈകൊള്ളാൻ താമസിച്ചത് മൂലം കോണ്ഗ്രസ്സിനെ ജനങ്ങൾ സംശയത്തോട് കൂടി വീക്ഷിക്കുകയുണ്ടായി. തെക്കെ ഇന്ത്യയിൽ കേന്ദ്ര ഭരണത്തിന്റെ ഗുണങ്ങളോ പാളിച്ചകളോ ആയിരുന്നില്ല മുഖ്യ പ്രചാരണായുധം. മറിച്ച്, കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ദ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളുടെ പാളിച്ചകളായിരുന്നു. അതെ സമയം വടക്കെ ഇന്ത്യയിൽ രാമക്ഷേത്ര ശിലാസ്ഥാപനം, രാജസ്ഥാനിലും ബീഹാറിലും ഉത്തർ പ്രദേശിലും നടന്ന വർഗ്ഗീയ ലഹളകൾ തുടങ്ങിയ പ്രശ്നങ്ങൾ കോണ്ഗ്രസ്സിനെതിരെയുള്ള ക്രൂരമ്പുകളാക്കി മാറ്റാൻ പ്രതിപക്ഷത്തിനു സാധിച്ചു. ബി.ജെ.പിയുടെ അതിര് കടന്ന വർഗ്ഗീയ പ്രചരണം ഭൂരിപക്ഷ സമുദായത്തെ ഇളക്കുക തന്നെ ചെയ്തു. ഉത്തർ പ്രദേശിൽ കോണ്ഗ്രസ് ഗവണ്‍മെന്റ് ഉർദു രണ്ടാം ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ആ തീരുമാനത്തെ മുസ്ലിം പ്രീണന നയമായി വിശേഷിപ്പിച്ച് കൊണ്ട് പ്രതിപക്ഷങ്ങൾ ഭൂരിപക്ഷ സമുദായത്തെ കോണ്ഗ്രസ്സിനെതിരെ തിരിച്ച് വിട്ടു. അത് പോലെത്തന്നെയായിരുന്നു ബാബരി മസ്ജിദ് പ്രശ്നവും. ബാബരി മസ്ജിദ് പൊളിച്ച് മാറ്റി അവിടെ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുമെന്നായിരുന്നു ഹൈന്ദവ വർഗ്ഗീയവാദികൾ ആദ്യം പ്രസ്താവിച്ചിരുന്നത്. എന്നാൽ ആ പ്രഖ്യാപനത്തെ ചെറുക്കാനും ബാബരി മസ്ജിദ് പരിസരം കമ്പിവേലി കൊണ്ട് കെട്ടി സുരക്ഷിതമാക്കാനും സർക്കാർ ശ്രമിച്ചു. ബാബരി മസ്ജിദ് പരിസരം തർക്കസ്ഥലമായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് കൊണ്ട് ഗവണ്‍മെന്റ് വൈകിയാണെങ്കിലും ശക്തമായ നിലപാടെടുത്തു. കൂടാതെ തർക്കസ്ഥലത്ത് ശിലയിടുന്നതിനെതിരെ ഉത്തർ പ്രദേശ് ഗവണ്‍മെന്റ് അലഹബാദ് ഹൈക്കോടതിയിൽ നിന്നും ഇഞ്ജക്ഷനും വാങ്ങി. ഗവണ്‍മെന്റിന്റെ ഈ നിലപാട് ഹിന്ദു വർഗ്ഗീയ വാദികളെയും അവരുടെ പ്ലാറ്റ്ഫോം ആയ ബി.ജെ.പിയേയും ചൊടിപ്പിക്കുകയുണ്ടായി. ശ്രീരാമ ക്ഷേത്രത്തിന് ശിലയിടുന്നത് കോണ്ഗ്രസ് ഗവണ്‍മെന്റ് തടഞ്ഞ് കൊണ്ട് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് അവർ ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ പ്രചണ്ഡമായ പ്രചരണം അഴിച്ച് വിട്ടു. ഈ പ്രചരണംമൂലം ഭൂരിപക്ഷ സമുദായത്തെ ഗണ്യമാംവിധം കോണ്ഗ്രസ്സിനെതിരാക്കി മാറ്റാനവർക്ക് സാധിച്ചു. ജനതാദൾ പോലുള്ള കക്ഷികൾ ബി.ജെ.പിയുടെ ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാതിരുന്നത് മന:പൂർവ്വം തന്നെയായിരുന്നു. ഏതായാലും ബി.ജെ.പി ശക്തിപ്പെടേണ്ടത് ജനതാദളിന്റെ നിലനിൽപിന്റെ പ്രശ്നമാണെന്ന് ഈ തെരെഞ്ഞെടുപ്പ് വിധിയോടെ മനസ്സിലായി. അത് കൊണ്ടാവാം ഇത്തരം പ്രചരണങ്ങൾക്ക് നേരെ ജനതാദൾ നേതൃത്വം മൗനം പാലിച്ചത്.
വടക്കെ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ഇടയിൽ ഇത്തരം പ്രചാരണങ്ങളാണ് നടത്തിയതെങ്കിൽ മുസ്ലിം പൊക്കറ്റുകളിൽ നടത്തിയ പ്രചരണം നേരെ മറിച്ചായിരുന്നു. രാമക്ഷേത്രത്തിന് കല്ലിട്ടത് തർക്കസ്ഥലത്താണ് എന്ന ബി.ബി.സി റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് വടക്കെ ഇന്ത്യയിൽ മുസ്ലിംകളെ കോണ്ഗ്രസ് വിരുദ്ധരാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. മാത്രമല്ല, ഡെൽഹി ഇമാമിനെപ്പോലുള്ളവരെക്കൊണ്ട് "ഫത്വകൾ" വരെ വാങ്ങിച്ച് മുസ്ലിം പൊക്കറ്റുകളിലും പ്രചരണം നടത്തി. ഇമാമിന്റെ പ്രസ്താവന കൊണ്ട് നേട്ടമുണ്ടായത് ആർക്കാണ് എന്ന് ശാന്തമായി ചിന്തിക്കാൻ ഇതൊരാവസരമാണ്. കോണ്ഗ്രസ്സിനെ തോൽപ്പിക്കാൻ മുസ്ലിംകളോട് ആഹ്വാനം നൽകിയ ഇമാം കോണ്ഗ്രസ്സിനെ താഴെ ഇറക്കിയാൽ പകരം ആർക്ക് നിയന്ത്രണമുള്ള മന്ത്രിസഭയായിരിക്കും വരിക എന്ന് ചിന്തിച്ചിരിക്കില്ല. കോട്ടയിലും, ഇൻഡോറിലും, മുസഫർ നഗറിലും, ബദാഊനിലും മുസ്ലിംകളെ കൊന്നൊടുക്കിയവർക്ക് സ്വാധീനമുള്ള ഒരു ഭരണമാണ് ഇമാമിന്റെ ആഹ്വാനം മൂലം ഉണ്ടായത്. ശരീഅത്ത് പ്രശ്നം വന്നപ്പോൾ ഇവരുടെയെല്ലാം നിലപാട് ഇമാം അറിഞ്ഞിരുന്നതാണല്ലോ.
വടക്കെ ഇന്ത്യയിലെ മുസ്ലിംകളെ വർഗ്ഗീയ രാക്ഷസന്മാർക്ക് പണയം വെക്കുകയാണ് ഇമാം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് വിധി വന്നപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇവിടെയാണ് മുസ്ലിം ലീഗിന്റെ ദീർഘ വീക്ഷണം ശ്രദ്ധേയമാവുന്നത്.. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതിയുടെ തീരുമാനം ജ.സെക്രട്ടറി ജി.എം. ബനാത്ത് വാല സാഹിബ് പത്ര സമ്മേളനത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. "ഹിന്ദുസ്ഥാൻ ടൈംസ്" ബനാത്ത് വാലയുടെ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തത് ഇപ്രകാരമായിരുന്നു. " കോണ്ഗ്രസ് ഗവണ്‍മെന്റ് പൂർണ്ണ വിജയമാണെന്ന് ഞങ്ങൾ പറയുന്നില്ല. ഇന്ത്യയിൽ നടന്ന പല വർഗ്ഗീയ അസ്വാസ്ഥ്യങ്ങളും അമർച്ച ചെയ്യുന്നതിൽ കോണ്ഗ്രസ് ഗവണ്‍മെന്റ് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ കോണ്ഗ്രസ്സിനെ കേന്ദ്രഭരണ ]ത്തിൽ നിന്നും മാറ്റിയാൽ പകരം കയറാൻ നല്ലൊരു ജനാധിപത്യ മതേതര ബദൽ ഇവിടെ ഇല്ല. കോണ്ഗ്രസ്സിനെ താഴെ ഇറക്കിയാൽ പകരം കയറാനുള്ളത് മുസ്ലിംകളുടെ ജീവനേയും സ്വത്തിനേയും അതിനേക്കാൾ ഉപരിയായി അവരുടെ ഉദാത്തമായ മത മൂല്യങ്ങളെയും കശാപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ബി.ജെ.പിയും കമ്യുണിസ്റ്റ് ശക്തികളും ഉൾപ്പെടുന്ന ഒരു ഭരണകൂടമായിരിക്കും. അത് കൊണ്ട് മുസ്ലിംകളോട് അൽപമെങ്കിലും അനുഭാവപൂർണ്ണമായ നിലപാടെടുത്ത കോണ്ഗ്രസ് തന്നെ അധികാരത്തിൽ വരുന്നതാണ് അഭികാമ്യം".
ഈ തീരുമാനം മുസ്ലിം ലീഗെടുത്തത് ഏതെങ്കിലും കക്ഷിയുടെ സമ്മർദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ല. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചപ്പോൾ മനസ്സിലായ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. 1977 ൽ ജനസംഘത്തിന് നിയന്ത്രണമുള്ള ജനതാ ഭരണകൂടം അധികാരത്തിൽ വന്നപ്പോഴാണ് ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ പേടിസ്വപ്നമായ പി.ഏ.സിയെന്ന പോലീസ് സേനയിൽ ആർ.എസ്.എസ്സുകാർ കയറിപ്പറ്റിയത് എന്ന കാര്യം ഇമാമിന് ഒരു പക്ഷെ പറ്റിയെന്നിരിക്കാം. പക്ഷെ സമുദായത്തിനതാവില്ല. മുസ്ലിം പ്രശ്നങ്ങൾക്ക് നേരെ മുന്നണി ബന്ധം പോലും നോക്കാതെ ശക്തമായ നിലപാടെടുത്ത് കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും രാഷ്ട്രീയ സത്യസന്ധത തെളിയിച്ച മുസ്ലിം ലീഗിനും അത് മറക്കാൻ സാധ്യമല്ല. ശരീഅത്ത് പ്രശ്നത്തിലും, ജാമിയ മില്ലിയ, വഖഫ് ആക്ട്, മതസ്ഥാപന ബിൽ തുടങ്ങിയ പ്രശ്നങ്ങളിലും രണ്ടംഗങ്ങൾ മാത്രമായിട്ടും ഇന്ത്യൻ പാർലമെന്റിൽ കോളിളക്കം ഉണ്ടാക്കാൻ ലീഗിന് സാധിച്ചു. മുസ്ലിം വിരുദ്ധ പ്രസിദ്ധീകരണങ്ങൾ ഗവണ്‍മെന്റിനെ കൊണ്ട് നിരോധിപ്പിക്കാനും സാധിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു അത്.
തെരഞ്ഞെടുപ്പിന് മുമ്പ് തെരെഞ്ഞെടുപ്പ് വിധികളെക്കുറിച്ച് പല കക്ഷി നേതാക്കളും വീമ്പിളക്കിയപ്പോഴും മുസ്ലിം ലീഗ് നേതാക്കൾ സംയമനം പാലിച്ചതേയുള്ളൂ. വോട്ടിങ്ങിന്റെ ആഴ്ചകൾക്ക് മുമ്പ് "കേരളാ കൗമുദി" പത്രവുമായി മുസ്ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷനായ ഇബ്രാഹിം സുലൈമാൻ സേട്ടസാഹിബ് നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം വളരെ വ്യക്തമായി ദീർഘ വീക്ഷണത്തോട് കൂടിത്തന്നെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സത്യമായി പുലർന്നു. കേന്ദ്രത്തിൽ കോണ്ഗ്രസ്സ് അധികാരത്തിൽ വരുമോ എന്ന കൗമുദി ലേഖകന്റെ ചോദ്യത്തിന് മറുപടിയായി സേട്ട് സാഹിബ് പറഞ്ഞു: " ഇന്നത്തെ സ്ഥിതിയിൽ കോണ്ഗ്രസ്സ് അധികാരത്തിൽ വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ, വടക്കെ ഇന്ത്യയിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോൾ കോണ്ഗ്രസ്സ് അധികാരത്തിൽ വരുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. സേട്ട് സാഹിബിന്റെ ദീർഘ വീക്ഷണം സത്യമായി പുലർന്നിരിക്കയാണിപ്പോൾ.
ബി.ജെ.പിക്ക് പങ്കാളിത്തമോ, നിയന്ത്രണമോ ഉള്ള ഒരു മന്ത്രിസഭക്ക് തന്റെ പാർട്ടി പിന്തുണ നൽകില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിച്ചു നടന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും, അദ്ദേഹത്തിന്റെ പാർട്ടിയും ഇപ്പോൾ ബി.ജെ.പി പിന്തുണയുള്ള ജനതാദൾ മന്ത്രിസഭക്ക് പിന്തുണ കൊടുത്തിരിക്കയാണ്. ഇതേക്കുറിച്ച് തിരുമേനി ഇപ്പോൾ മിണ്ടുന്നേയില്ല. ന്യൂനപക്ഷ കമ്മീഷൻ പിരിച്ച് വിടുമെന്നും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുമെന്നും, രാമജന്മ ഭൂമി പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ച് വോട്ട് വാങ്ങി വിജയിച്ച് വന്ന ബി.ജെ.പിയുടെ ലക്ഷ്യം ഇത് മാത്രമല്ല. അവരുടെ നോട്ടം 77 ലെ പ്പോലെ പോലീസ് സേനയിലെ ഉയർന്ന നിയമനങ്ങളിലാണ്. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനങ്ങളിലാണ്. പട്ടാളത്തിലെ മേജർ പദവികളിലുമാണ്. ബി.ജെ.പിയുടേയും, ഇടതു പക്ഷത്തിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ദേശീയ മുന്നണിക്ക് എത്ര കാലം ഭരിക്കാൻ സാധിക്കും? സ്ഥാപിത താൽപ്പര്യങ്ങളുടെ സമ്മർദ്ദ രാഷ്ട്രീയത്തിന് വഴങ്ങാതെ അന്തസ്സോടെ നല്ലൊരു ഭരണം കാഴ്ച വെക്കാൻ അവർക്ക് സാധിച്ചാൽ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും നൽകുന്ന വിലപ്പെട്ട സംഭാവനകളിലൂടെ അവർക്ക് ചരിത്രത്തിൽ സ്ഥലം പിടിക്കാം. മറിച്ചാണെങ്കിൽ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലും..
No comments:
Post a Comment
ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?