Tuesday, 5 July 2016

മൈത്രാൻ കായലും സന്തോഷ് മാധവനും..

ഈ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറെ ക്ഷീണമുണ്ടാക്കിയ, തോൽവിയിലേക്ക് നയിച്ച ഏറ്റവും വലിയ വിഷയമാണ് മൈത്രാൻ കായൽ വിവാദം. ഈ വിഷയം യാഥാർത്യ ബോധത്തോടെ വിലയിരുത്താൻ ഇത് വരെ ആരും തയ്യാറായിട്ടില്ല. എൽ.ഡി.എഫിന്റെ നാലാം വാർഷിഘോഷത്തിൻന്റെ സമയത്ത് അവർ പ്രഖ്യാപിച്ചതാണ് മൈത്രാൻ കായൽ എക്കോ ടൂറിസം പദ്ധതിയെന്നത് അധിക പേർക്കും അറിയില്ല. യു.ഡി.എഫിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാകട്ടെ കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമത്തിനും, പരിസ്ഥിതി നിയമത്തിനും വിധേയമായി മേൽ എക്കോ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ..... മന്ത്രിസഭയുടെ വിവാദമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തീരുമാനം എന്നോർക്കുക...
ഈ നിയമം എന്താണെന്നും കൂടി ശരിക്കും മനസ്സിലാക്കുക.
കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമം 12.08.2008 ൽ നടപ്പിൽ വന്നു. സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർ തടങ്ങളും നികത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനെ ഈ നിയമം നിരോധിക്കുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽകൃഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽകൃഷിക്ക് അനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതുമായ എല്ലാത്തരം നിലവും ഈ നിയമത്തിന്റെ പരിധിയിൽ വരും. നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ ഏതെങ്കിലും ഇടക്കാല വിള കൃഷി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. നിലം നികത്തി ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നതിന് പോലും നിയമം അനുവദിച്ചിട്ടില്ല.) വളരെ ശക്തമാണ് ഈ നിയമം.
വ്യക്തികളാവട്ടെ, സർക്കാറാവട്ടെ നെൽപ്പാടങ്ങൾ തരിശിട്ടാൽ (waste or arab land) അതിനെതിരെപ്പോലും നടപടി സ്വീകരിക്കാൻ kerala land utilization order (1967) section 4 പ്രകാരം ജില്ലാ കളക്ടർക്ക് അധികാരമുണ്ട് എന്നോർക്കണം.
ഇത്തരത്തിലുള്ള അതി ശക്തമായ നിയമം നില നിൽക്കുമ്പോൾ എങ്ങിനെയാണ് മൈത്രാൻ കായൽ നികത്താൻ ആവുക? അല്ലെങ്കിൽ തന്നെ ഈ വിവാദ മന്ത്രിസഭാ തീരുമാനത്തിൽ എവിടെയാണ് മൈത്രാൻ കായൽ നികത്താൻ തീരുമാനമുള്ളത് ? നികത്താനുള്ള തീരുമാനം ഈ ഉത്തരവിൽ എവിടെയെങ്കിലും ആർക്കെങ്കിലും കാണിച്ച് തരാൻ പറ്റുമോ?എൽ.ഡി.എഫ് തീരുമാനത്തിൽ നിന്നും യാതൊരു വ്യത്യാസമില്ലാത്തതാണ് യു.ഡി.എഫ് തീരുമാനവും എന്നത് ഏത്‌ കൊച്ചു കുട്ടിക്കുമറിയാം. എന്നാൽ യു.ഡി.എഫ് ഇതാ മൈത്രാൻ കായൽ നികത്താൻ തീരുമാനമെടുത്തിരിക്കുന്നുവെന്ന് ഇടത് പക്ഷവും മാധ്യമങ്ങളും പച്ചകള്ളം തട്ടി വിട്ടപ്പോൾ അതിനെ യാഥാർഥ്യ വസ്തുത നിരത്തി വെച്ച് ശുദ്ധ മറുപടി കൊടുക്കേണ്ട യു.ഡി.എഫ് നേതൃത്ത്വം പതറുകയായിരുന്നു. സ്വന്തം മുന്നണിയേക്കാളും പാർട്ടിയേക്കാളും മുകളിൽ അരാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും മുന്നിൽ സ്വയം ചാമ്പ്യൻ ആവാനുള്ള ചില കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ സ്വാർത്ഥവും സങ്കുചിതവുമായ നിലപാടാണ് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കിയത്, ചില ഭരണ കക്ഷി നേതാക്കൾ തന്നെ വിഷയം ശ്രദ്ധയോടെ പഠിക്കാതെ തീവെട്ടി കൊള്ളയെന്ന് പറഞ് പരസ്യ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരികയും,മീഡിയകൾ അത് ഏറ്റ് പിടിക്കുകയും ചെയ്തതോടെ എങ്കിൽ വിവാദം വേണ്ടെന്ന് വെച്ച് മന്ത്രിസഭ മേൽ തീരുമാനം വേണ്ടെന്ന് വെക്കുക എന്ന ഭീരുത്ത്വ നിലപാട് സ്വീകരിച്ചു.. ആ നടപടി അതിലും വലിയ വങ്കത്തമായി. തീരുമാനമെടുത്തതും അത് പിൻവലിച്ചതും ഒരു പോലെ ക്ഷീണമുണ്ടാക്കി എന്നതാണ് വസ്തുത.
സന്തോഷ് മാധവന് ഭൂമി നികത്താൻ അനുമതി നൽകി എന്നതാണ് മറ്റൊരു വിവാദ തീരുമാനം. ഇതും കല്ല് വെച്ച പെരും നുണയാണ്. ഈ ഭൂമിയുമായി സന്തോഷ് മാധവന് യാതൊരു വിധ ബന്ധവും ഇല്ല. മുമ്പ് ഈ ഭൂമിയുടെ ഇടപാടിൽ ഇയാൾ ബ്രോക്കർ ആയിരുന്നുവെന്ന് മാത്രം. അതിന് ശേഷം ശേഷം പുഴയും വള്ളവും കുറെ ഒഴുകിപ്പോയി. സർക്കാർ ആ ഭൂമി സർക്കാറിലേക്ക് കണ്ട് കെട്ടി. പിന്നീട് ആ ഭൂമിയിൽ വ്യവസായ പ്രോജക്ടുമായി സർക്കാരിനെ സമീപിച്ചവർക്ക് സന്തോഷ് മാധവനുമായി ഒരു ബന്ധവും ഇല്ലെന്ന് മാത്രമല്ല, സന്തോഷ് മാധവനെ ഈ വിഷയവുമായി ബന്ധപ്പെടുത്താൻ ഒരു നിലക്കും കഴിയുകയുമില്ല. കഴിയുമായിരുന്നുവെങ്കിൽ മാധ്യമങ്ങൾ അത് നിഷ്പ്രയാസം പുറത്ത് കൊണ്ടു വരുമായിരുന്നുതാനും. പതിനായിരങ്ങൾക്ക് ജോലി സാധ്യതയുള്ള ഒരു വ്യവസായ പ്രോജക്ട് സർക്കാരിന് മുന്നിൽ വന്നാൽ അതിന്മേലുള്ള സാധ്യത നോക്കി തീരുമാനിക്കാനുള്ള താൽക്കാലികവും പരിവർത്തക വിധേയവുമായ പ്രാഥമികാനുമതിയാണ് (Temporary and Transitional) മന്ത്രിസഭ നൽകിയത്. മേൽ സൂചിപ്പിച്ച ശക്തമായ 2008 ലെ കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമം ഈ തീരുമാനത്തിലും പരിഗണിക്കാതിരിക്കാൻ ആവില്ല. അതൊക്കെ പരിഗണിച്ചേ ഒരു ഡിങ്കൻ സർക്കാരിന് പോലും ഫൈനൽ തീരുമാനമെടുക്കുവാൻ സാധിക്കൂ. യാഥാർഥ്യം ഇങ്ങനെയൊക്കെയാണ് പക്ഷെ, ഇവിടെ വൈറലായി പ്രചരിച്ചതോ പച്ച കള്ളങ്ങളും.
പരാജയം പഠിക്കാനിറങ്ങിയ ഒരു സമിതിയും ഇക്കാര്യങ്ങൾ കാണാതെ പോയത് കഷ്ടമായിപ്പോയി. ഇപ്പോൾ എല്ലാവരും പറയുന്നു. അവസാന നാളുകളിൽ എടുത്ത ചില തീരുമാനങ്ങൾ യു.ഡി.എഫിനെ കാര്യമായി ബാധിച്ചുവെന്ന്. എടുത്ത തീരുമാനം അന്തസ്സോടേയും സ്പഷ്ടതയുടേയും ജനങ്ങളോട് വിശദീകരിക്കാൻ കെൽപ്പില്ലാത്ത നേതാക്കളുടെ നിലപാടാണ് യാഥാർത്ഥത്തിൽ യു.ഡി.എഫിന് വിനയായത്. യു.ഡി.എഫിന്റെ ദുർബ്ബലരായ നേതാക്കളാണ് ഇടത് പക്ഷത്തിന് ഭരണം തളികയിൽ വെച്ച് നൽകിയത്....

No comments:

Post a Comment

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?