ഉത്തര്‍പ്രദേശ്. മുസ്ലിംവോട്ടുകള്‍ സ്വന്തമാക്കാന്‍.....
(പബ്ലിഷ്‌ഡ്: ചന്ദ്രിക ഡൈലി 1991 മെയ്.20 20 തിങ്കള്‍)
1991 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ് സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട് ചന്ദ്രികക്ക് വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത് വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്.....
(പബ്ലിഷ്‌ഡ്: ചന്ദ്രിക ഡൈലി 1991 മെയ്.20 20 തിങ്കള്‍)
1991 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ് സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട് ചന്ദ്രികക്ക് വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത് വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്.....
പതിനഞ്ചര ശതമാനത്തോളം മുസ്ലിംവോട്ടുകളുള്ള ഉത്തര്‍പ്രദേശ് ഭാവി പ്രധാനമന്ത്രിമാര്‍ മത്സരിക്കുന്ന ഒരു സംസ്ഥാനമാണ്. ഇന്ത്യ ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു പക്ഷെ ഈ സംസ്ഥാനത്തിനായിരിക്കും. സീറ്റുകളുടെ ബാഹുല്യം അത്രയേറെയാണ്. രാജ്യത്തെ പ്രധാന ദേശീയ കക്ഷികളുടെ ഏറ്റവും പ്രഗത്ഭരായ നേതാക്കള്‍ മത്സരിക്കുന്ന ഒരു സംസ്ഥാനം എന്നതല്ല രസകരം. രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റവാളികളും ചെമ്പല്‍ കൊള്ളക്കാരും തെരെഞ്ഞെടുപ്പ് ഗോദയില്‍ ഒരു കൈ നോക്കാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടെ രസകരം.
അത്യന്തം പ്രയാസപ്പെട്ടാണ് ഉത്തരേന്ത്യയില്‍ മുസ്ലിംലീഗുണ്ടാക്കാനുള്ള ദൗത്യം ഖായിദെമില്ലത്തും സേട്ട് സാഹിബും ഏറ്റെടുത്തത്. 1948 ലെ രൂപീകരണ കണ്‍വെന്‍ഷനില്‍ വിരലിലെണ്ണാവുന്നവരെ ഉത്തരേന്ത്യയില്‍ നിന്നും പങ്കെടുത്തുള്ളൂ. 1967 ല്‍ ഡോ. അബ്ദുള്‍ ജലീല്‍ ഫരീദിയുടെ നേതൃത്വത്തില്‍ മുസ്ലിം മജ്‌ലിസ് രൂപീകൃതമായത് മുസ്ലിംലീഗിന്‍റെ യു.പിയിലേക്കുള്ള ആഗമനത്തിനു ആക്കം കൂട്ടി. മജ്‌ലിസ് സ്ഥാപകനായ ഡോ. ഫരീദിയുമായി ഖായിദെമില്ലത്തിനും സേട്ട് സാഹിബിനും ഉണ്ടായിരുന്ന അഗാധമായ സുഹൃത് ബന്ധം യു.പി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ലീഗ് നേതാക്കള്‍ക്ക് അവസരമൊരുക്കി. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മജ്‌ലിസിനു വേണ്ടി ലീഗ് നേതാക്കള്‍ സംസ്ഥാനമെങ്ങും പര്യടനം നടത്തിയത് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പില്‍ മജ്‌ലിസിനു തിളക്കമാര്‍ന്ന വിജയമാണുണ്ടായത്. അഭൂതപൂര്‍വ്വമായ ഈ വിജയം ലീഗ് നേതാക്കളുടെ മികവിന്‍റെ പ്രതിഫലനമാനെന്നും, ആയതിനാല്‍ മുസ്ലിം മജ്‌ലിസ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ ലയിച്ചു ചേരണമെന്ന അഭിപ്രായവുമായി മജ്‌ലിസിലെ യുവ നേതാക്കളായ ശമീം അഹമ്മദ് ഖാന്‍, ബഷീര്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് സുലൈമാന്‍ തുടങ്ങിയവര്‍ രംഗത്ത് വരികയും എന്നാല്‍ ഡോ. അബ്ദുള്‍ ജലീല്‍ ഫരീദി അത് നിരാകരിക്കുകയും ചെയ്തതോടെ മുസ്ലിം മജ്‌ലിസ് പിളരുകയും 1969 ല്‍ മീററ്റ് കേന്ദ്രമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് യു.പിയില്‍ പിറവിയെടുക്കുകയും ചെയ്തു. 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലേക്ക് ഒറ്റയ്ക്ക് കന്നിയങ്കത്തിനിറങ്ങി ഗണ്യമായ വോട്ടുകള്‍ നേടി യു.പി രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. എന്നാല്‍ കോണ്ഗ്രസ്സിന്‍റെ പിന്തുണയുണ്ടായിട്ടും മജ്‌ലിസിന് കനത്ത പരാജയമാണുണ്ടായത്. 1974 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 51 സീറ്റുകളിലേക്ക് മത്സരിച്ച മുസ്ലിം ലീഗിന്‍റെ പ്രചാരണത്തിന് കേരളത്തില്‍ നിന്നുള്ള സി.എച്ച്. മുഹമ്മദ് കോയ സാഹിബും എത്തിയത് എങ്ങും ആവേശമുളവാക്കി. ഫിറോസാബാദ് മണ്ഡലത്തില്‍ മുസ്ലിംലീഗ് പ്രതിനിധി വിജയിച്ച് ആദ്യമായി യു.പി നിയമസഭയിലെത്തി. പത്തോളം സീറ്റുകളില്‍ തുച്ചമായ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. വെറും 85 വോട്ടുകള്‍ക്കാണ് മുറാദാബാദ് സീറ്റ് ലീഗിന് നഷ്ടമായത്. മുസ്ലിം ലീഗിന്‍റെ ശക്തമായ മുന്നേറ്റത്തില്‍ 26 സീറ്റുകളാണ് കൊണ്ഗ്രസ്സിനു നഷ്ടമായതെന്ന് യു.പി മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ എച്.എന്‍.ബഹുഗുണ തുറന്നു പ്രസ്താവിക്കുകയുണ്ടായി.
സംസ്ഥാനത്തെ മുസ്ലിംവോട്ടുകള്‍ സ്വന്തമാക്കാന്‍ മിക്ക കക്ഷികളും പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ചരിത്രപരമായ കാരണത്താലും അശാസ്‌ത്രീയമായ മണ്‌ഡലങ്ങളുടെ വിഭജനത്താലും, ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ പോയ ഒരു പ്രസ്ഥാനമായാണ് മുസ്ലിംലീഗിനെ ഉത്തരേന്ത്യന്‍ പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്119741974 ല്‍ ഒറ്റക്ക് മത്സരിച്ച് ഒരു സീറ്റ് കരസ്ഥമാക്കിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ഈ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചാലുണ്ടാവുന്ന സ്വാഭാവിക ക്ഷീണം ഈ പ്രസ്ഥാനത്തിന് അവിടെ പേറേണ്ടി വന്നിട്ടുണ്ട്. ഇടക്കാലത്ത് സമുദായത്തെ വിറ്റ് കാശാക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലിരിക്കുന്ന ചില ആളുകള്‍ തന്നെ ശ്രമിക്കുകയുണ്ടായി. ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രസ്ഥാനത്തെ ശുദ്ധീകരിക്കുന്നതിന് വേണ്ടി ആവശ്യമായ ചില നേതൃമാറ്റങ്ങള്‍ അവിടെ നടത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അന്നത്തെ സംസ്ഥാന നേതാക്കളായിരുന്ന പ്രസിഡണ്ട് ഷമീം അഹമ്മദ് ഖാനേയും സെക്രട്ടറി ബഷീര്‍ അഹമ്മദ് ഖാനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. (ഇവര്‍ പിന്നീട് ജനതാദളിലും ഇന്‍സാഫ് പാര്‍ട്ടിയിലും ചേരുകയുണ്ടായി) പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരോധിതനായ അലീഗര്‍ മുസ്ലിം സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം തലവനായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സാഹിബും, ജ.സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായ മുഹമ്മദ് യാസീന്‍ അന്‍സാരി സാഹിബും സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്ത്വം ഏറ്റെടുത്തു.
ഖായിദേമില്ലത്തിന്റെ കാലം മുതല്‍ അവിടെ ആര്‍ജ്ജിച്ചിരുന്ന സര്‍വ്വ ശക്തിയും വൃഥാവിലായ ശേഷമുള്ള ഒരു രണ്ടാം പിച്ച വെപ്പായിരുന്നു യഥാര്‍ത്ഥത്തില്‍ മുസ്ലിംലീഗിന്നവിടെ. രാഷ്‌ട്രീയ സാംസ്‌കാരിക ആത്മീയ വിദ്യാഭ്യാസ മണ്‌ഡലങ്ങളില്‍ പ്രശസ്‌തരായ ഈ ഉജ്ജ്വല വ്യക്തിത്ത്വങ്ങളുടെ നേതൃത്ത്വത്തിന്‍ കീഴില്‍ മുസ്ലിംലീഗ് സംഘടന വീണ്ടും ശക്തമായി ഉത്തരേന്ത്യന്‍ രാഷ്‌ടീയത്തില്‍ പുനപ്രവേശിക്കുകയായിരുന്നു. ആദ്യപടിയായി ചരിത്ര നഗരമായ മീററ്റില്‍ നിന്നും 'ചായ്' എന്ന പേരില്‍ ഒരു ഉര്‍ദു ദിനപത്രം പാര്‍ട്ടി സ്വന്തമായി അവിടെ പുറത്തിറക്കി രാഷ്‌ട്രീയ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ ലഹളകള്‍ അടിക്കടി ഉണ്ടാകാറുള്ള ഒരു സംസ്ഥാനമായത് കൊണ്ട് ഈ ലഹളകള്‍ക്കടിപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തിന് നേതൃത്ത്വം കൊടുക്കുക എന്നത് ഏറെ സാഹസിക പ്രവൃത്തിയാണ്......................... ലഹളകള്‍ക്കിരയാകുന്നവര്‍ക്ക് വേണ്ടി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്ത്വമുള്ളതിനാല്‍ പാര്‍ട്ടി ഫണ്ടിലെ സിംഹഭാഗവും അതിന് വേണ്ടി ചിലവിടേണ്ടി വരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ വന്‍കിട വ്യവസായികള്‍ മറ്റ് കക്ഷികള്‍ക്ക് കോടികള്‍ വാരിക്കോരി നല്‍കുമ്പോല്‍ എല്ലാവരാലും അകറ്റി നിര്‍ത്തപ്പെടുന്ന മുസ്ലിംലീഗിന് അവരോടൊപ്പം പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ല. പാര്‍ട്ടിയില്‍ അണി നിരന്ന സാധാരണക്കാരായ സംവേദന നിറഞ്ഞ ഹൃദയങ്ങളും സേവനസന്നദ്ധമായ കൈകളും മാത്രമെ പ്രസ്ഥാനത്തിന് ഇപ്പോള്‍ അവിടെ സന്തമായുള്ളൂ.
കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് സംസ്ഥാനത്ത് നടന്ന മുന്‍സിപ്പല്‍-കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗ് നിരവധി കോര്‍പറേഷന്‍ സീറ്റുകളും മുന്‍സിപ്പല്‍ സീറ്റുകളും നേടിയത് ഏവരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. ഒരു വേള മീററ്റ് കോര്‍പറേഷന്റെ മേയര്‍ സ്ഥാനമടക്കമുള്ള ഭരണസാരഥ്യം വരെ മുസ്ലിംലീഗിന്റെ കൈകളിലായത് പാര്‍ട്ടിയുടെ വേഗതയാര്‍ന്ന മുന്നേറ്റമായി രാഷ്‌ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിച്ചു. മുസ്ലിംലീഗിന്റെ മീററ്റ് ഡിസ്‌ട്രിക്‌റ്റ് പ്രസിഡണ്ടു കൂടിയായ യുവ നേതാവ് മുഹമ്മദ് അഷ്‌റഫ് അങ്ങിനെ സ്വതന്ത്ര്യത്തിന് ശേഷമുള്ള ഉത്തരേന്ത്യയിലെ ആദ്യത്തെ മുസ്ലിംലീഗ് മേയര്‍ എന്ന ചരിത്രവും അവിടെ സൃഷ്‌ടിച്ചു. അലഹബാദ്, മുറാദാബാദ്, കാണ്‍പൂര്‍, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ കോര്‍പ്പറേഷനുകളില്‍ നിരവധി കൗണ്‍സിലര്‍മാരെ സൃഷ്‌ടിക്കാന്‍ മുസ്ലിംലീഗിന് സാധിച്ചത് വലിയ ഒരു നേട്ടവും പ്രതാപകാലത്തേക്കുള്ള ഒരു ചെറിയ തിരിച്ച് വരവുമായി വ്യാഖ്യാനിക്കാം.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇരുപത്തി മൂന്നോളം മണ്‌ഡലങ്ങളില്‍ മത്സരിച്ച മുസ്ലിംലീഗ് ഇരുപതോളം മണ്‌ഡലങ്ങളില്‍ നല്ലൊരു ശതമാനം വോട്ട് നേടി ഉജ്ജ്വല പോരാട്ടമാണ് കാഴ്‌ച വെച്ചത്. ദേശീയമുന്നണി-ബി.ജെ.പി-ഇടത് സഖ്യം പരസ്യമായി പ്രകടമായ ഈ സംസ്ഥാനത്ത് ഈ അവിശുദ്ധ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ് കമ്മ്യൂണിസ്റ്റ് സ്വാന്ത്ര്യസമര നായികയായ് അറിയപ്പെടുന്ന ക്യാപ്‌റ്റന്‍ ലക്ഷിയുടെ ജന്മനാടായ കാണ്‍പൂര്‍ ജില്ലയിലെ ആര്യാനഗര്‍ മണ്‌ഡലത്തില്‍ ജനവിധി തേടിയ ഇസ്ലാമിക ശരീഅത്തിനെ നഖശിഖാന്ദം രാജ്യമാസകലം അവഹേളിച്ച ആരിഫ് മഹമ്മദ് ഖാന്റെ ഭാര്യ ശ്രീമതി. രേഷ്‌മ ആരിഫ് ഖാനോട് മുസ്ലിംലീഗിന്‍റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സാഹിബ് പരാജയപ്പെട്ടത് വെറും 323 വോട്ടുകള്‍ക്കാണ്. അത് പോലെ കാണ്‍പൂര്‍ ഡിസ്‌ട്രിക്‌റ്റിലെ മറ്റ് മൂന്ന് മണ്‌ഡലങ്ങളില്‍ അറുനൂറില്‍ താഴെ വോട്ടുകള്‍ക്കാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ പരാജയമടഞ്ഞത്. രണ്ട് മണ്‌ഡലങ്ങളില്‍ ആയിരത്തില്‍ താഴെയും.
ഈ തെരെഞ്ഞെടുപ്പില്‍ വളരെ കുറച്ച് മണ്‌ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരിക്കാനാണ് മുസ്ലിംലീഗ് തീരുമാനിച്ചിട്ടുള്ളത്. മീററ്റ് ലോക്‌സഭാ മണ്‌ഡലത്തിലും ഏഴ് നിയമസഭാ മണ്‌ഡലത്തിലും മാത്രമാണ് മുസ്ലിംലീഗ് മത്സരിക്കുന്നത്. മറ്റ് മണ്‌ഡലങ്ങളില്‍ അനുയോജ്യരായ സ്വതന്ത്ര സ്ഥാനാര്‍ത്തികളെ പിന്തുണക്കാനുമാണ് തീരുമാനം. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അഭൂതപൂര്‍വ്വമായ മത്സരമാണ് കാഴ്‌ച വെച്ചത് എന്നതിനാലാണിത്.. ജനതാദള്‍ നേതാവ് ശ്രീ. രുദ്രാസന്‍ ചൗധരി 3027 വോട്ടുകള്‍ക്ക് മാത്രം ജയിച്ച 'കൗസര്‍ഗഞ്ച്' മണ്‌ഡലത്തില്‍ മുസ്ലിംലീഗ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ സിറാജ് അഹമ്മദ് 99,764 വോട്ടുകളാണ് നേടിയത്. യു.പിയിലെ മുസ്ലിംവോട്ടുകള്‍ നിര്‍ണ്ണായകമായ മണ്‌ഡലങ്ങളായ തഹ്‌രി ഗല്‍വാര്‍, കാണ്‍പൂര്‍, സീതാപൂര്‍, ഉന്നാവോ, ഫാറുക്കാബാദ്, ബറേലി, ഫിറോസാബാദ്, കൈറാനാ, ഷഹബാദ്, അലീഗര്‍, മുറാദാബാദ്, ഗാസിയാബാദ്, മീററ്റ് എന്നീ മണ്‌ഡലങ്ങളിലെ വിജയപരാജയങ്ങള്‍ മുസ്ലിംലീഗ് വോട്ടുകളെ ആശ്രയിച്ചാണ് കിടക്കുന്നത്. സംസ്ഥാനത്തെങ്ങും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തെരെഞ്ഞടുപ്പ് ലഹരിയിലാണ്. ദേശീയ പ്രസിഡണ്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് കേരളത്തില്‍ മത്സരരംഗത്തുള്ളതിനാല്‍ ഇവിടെ പര്യടനത്തിനെത്തുമോ എന്ന കാര്യത്തില്‍ സംസ്ഥാന നോതാക്കള്‍ക്ക് ആശങ്കയുണ്ട്. ജി.എം. ബനാത്ത്‌വാല സാഹിബ് ഈ ആഴ്‌ച എത്തുന്നുണ്ട്. ഇത്തവണ 1974 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയണ് യു.പി. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍.