Friday, 17 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....5

ഡല്‍ഹിയില്‍ ജമാഅത്ത്‌ വോട്ട്‌ മുസ്ലിംലീഗിന്‌

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.20 17 വെള്ളിയാഴ്‌ച)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....   



ഡല്‍ഹിയില്‍ മുസ്ലിംവോട്ടിനെ എല്ലാ രാഷ്ട്രീയക്കാരും ഭയക്കുന്നു. ഏഴേമുക്കാല്‍ ശതമാനം വരുന്ന മുസ്ലിംവോട്ടിനെ സ്വന്തമാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തിരക്കിട്ട ഓട്ടത്തിലാണ്‌. ഷാഹി ഇമാം അബ്ദുള്ളാ ബുഖാരിയും മകനും എല്ലാ പ്രാവശ്യത്തേയും പോലെ മുസ്ലിംവോട്ടിനെ ഇത്തവണയും വില്‌പനക്ക്‌ വെച്ചിരുന്നു. ടെണ്ടര്‍ പൊട്ടിച്ചപ്പോള്‍ ജനതാദളിനാണ്‌ നറുക്കു വീണതെന്നു മാത്രം. ഇമാമിന്റെ ഫത്‌വക്കെതിരെ മുസ്ലിംലോകം ഒട്ടാകെ പ്രതികരിച്ച്‌ കഴിഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ ആധികാരിക പൊതുവേദിയായ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ്‌ ഇമാം ഫത്‌വക്കെതിരെ ശക്തമായി വിയോജിക്കുകയുണ്ടായി.



പുതിയ സാഹചര്യം വെച്ച്‌ നോക്കുമ്പോള്‍ രണ്ട്‌ ശതമാനത്തിലേറെ വോട്ടുകള്‍ സ്വാധീനിക്കാന്‍ ഇമാമിന്‌ സാധിക്കില്ലെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ബലിപെരുന്നാള്‍ ഖുതുബയില്‍ കാശ്‌മീര്‍ കൂട്ടക്കൊലയെ പരാമര്‍ശിച്ച്‌ ഇമാം പറഞ്ഞ വാക്കുകള്‍ ഡല്‍ഹി മുസ്ലിംകള്‍ ഇത്‌വരെ മറന്നിട്ടില്ല. ജീവിതത്തില്‍ എനിക്ക്‌ പറ്റിയ ഏറ്റവും വലിയ തെറ്റാണ്‌ ദേശീയമുന്നണിക്ക്‌ വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്‌തതെന്നായിരുന്നു ഇമാമിന്റെ ഖുതുബ പ്രഭാഷണത്തിലൂടെയുള്ള വിലാപം. കൂടാതെ, ബി.ജെ.പിയുമായി യാതൊരു വിധ ബന്ധവുമുണ്ടായിരിക്കില്ലെന്ന്‌ വി.പി. സീംഗ്‌ തനിക്ക്‌ വാക്കു തന്നത്‌ കൊണ്ടാണ്‌ താന്‍ അവരെ പിന്തുണച്ചതെന്നും, എന്നാല്‍ ഇന്ന്‌ ബി.ജെ.പിക്കു അന്ധമായി വഴങ്ങിക്കൊണ്ട്‌ കാശ്‌മീരിലെ തന്റെ സഹോദരങ്ങളെ അതി ക്രൂരമായി കൊന്ന്‌ കൂട്ടുകയും സഹോദരിമാരെ ബലാല്‍സംഗത്തിന്‌ ഇരയാക്കുകയുമാണ്‌ ദേശീയമുന്നണി സര്‍ക്കാര്‍ കാശ്‌മീരില്‍ ചെയ്യുന്നതെന്നും ഇമാം കൂട്ടിച്ചര്‍ക്കുകയുണ്ടായി.



ഈ അഭിപ്രായങ്ങളെല്ലാം ജലരേഖയാക്കി മാറ്റാന്‍ ഇമാമിന്‌ തീരെ വൈമനസ്യമുണ്ടായില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇമാമിന്റെ വിവേകരഹിത നേത്യത്ത്വത്തെ അവഗണിച്ച്‌ കൊണ്ട്‌ പക്വമായ രാഷ്ട്രീയ നേത്യത്ത്വത്തിന്‍ കീഴില്‍ മുസ്ലിംകളാദി പിന്നാക്ക സമൂഹത്തെ അണിനിരത്തുന്ന കാര്യത്തില്‍ മുസ്ലിംലീഗിന്‌ ബഹുദൂരം മുന്നോട്ട്‌ പോവാന്‍ ഡല്‍ഹിയില്‍ സാധിച്ചിട്ടുണ്ട്‌.



ഇമാമിന്റെ ശക്തിദുര്‍ഗ്ഗം എന്ന്‌ വിശേഷിപ്പിക്കുന്ന പഴയ ഡല്‍ഹിയില്‍ നിന്നും ഇമാം തരംഗത്തെ അതിജീവിച്ച്‌ കൊണ്ട്‌ മുസ്ലിംലീഗിന്റെ ഡോ. മുഹമ്മദ്‌ അഹമ്മദ്‌ സാഹിബ്‌ ഡല്‍ഹി മെട്രോ പൊളിറ്റിന്‍ കൗണ്‍സില്‍ സീറ്റ്‌ നേടിയെടുത്തത്‌ തലസ്ഥാന നഗരി അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. ഡല്‍ഹി കോര്‍പറേഷനിലേക്ക്‌ നടന്ന തെരെഞ്ഞെടുപ്പില്‍ ഇമാമിന്‍റെ പിടി ടിയാളുകള്‍ക്ക്‌ ഏറെ സ്വാധീനമുള്ള 'ബല്ലിമാറാന്‍' ഡിവിഷനില്‍ ഇമാമിന്റെ പിന്തുണയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ച്‌ കൊണ്ട്‌ മുസ്ലിംലീഗിന്‍റെ  ഡല്‍ഹി പ്രദേശ്‌ സെക്രട്ടറി ജ. സയ്യിദ്‌ ഖിസ്സര്‍ സാഹിബ്‌ വിജയിച്ചപ്പോള്‍ ഡല്‍ഹിയിലെ മുസ്ലിംകളെ നിയന്ത്രിക്കുന്നത്‌ ഇമാം മാത്രമല്ലെന്ന്‌ ലോകത്തിന്‌ മനസ്സിലായി.



ഈ തെരെഞ്ഞെടുപ്പിലും ലീഗ്‌ വോട്ടുകള്‍ നിര്‍ണ്ണായകമാണ്‌. ബല്ലിമാറാന്‍, ജംനാപാര്‍, ചാന്ദ്‌നിചൗക്ക്‌, ഈസ്റ്റ്‌ ഡല്‍ഹി എന്നീ മണ്ഡലങ്ങളില്‍ മുസ്ലിംലീഗിന്‌ ശക്തമായ ബഹുജന അടിത്തറയുണ്ട്‌. 'ചാന്ദ്‌നിചൗക്ക്‌' മണ്ഡത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്‌ പ്രഗത്ഭനായ ഡിസ്‌ട്രിക്‌റ്റ്‌ ലീഗ്‌ പ്രസിഡണ്ട്‌ ജ. മസ്‌റൂര്‍ അഹമ്മദ്‌ ഖാനാണ്‌. ഡല്‍ഹി മുസ്ലിംകള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ഈ നേതാവിന്‍റെ  വിജ യത്തിനായി പ്രവര്‍ത്തകരെങ്ങും അശ്രാന്ത പരിശ്രമത്തിലാണ്‌. ഈസ്റ്റ്‌ ഡല്‍ഹിയിലെ 'ജംനാപാര്‍' മണ്ഡലത്തില്‍ ലീഗ്‌ മത്സരിക്കുന്നുണ്ട്‌. ഡല്‍ഹി പ്രദേശ്‌ മുസ്ലിംലീഗ്‌ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജ. സയ്യിദ്‌ ഖിസ്സര്‍ സാഹിബാണ്‌ ഇവിടെ മത്സരിക്കുന്നത്‌. മസ്‌റൂര്‍ അഹമ്മദ്‌ ഖാന്റേയും, സയ്യിദ്‌ ഖിസ്സര്‍ സാഹിബിന്റേയും വിജയത്തിന്‌ വേണ്ടി സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പൊതുപ്രവര്‍ത്തകരും, മുസ്ലിം പണ്ഡിതന്‍മാരും രംഗത്തിറങ്ങിയിരിക്കുന്നു.



ഈയിടെ ജമാഅത്തെ ഇസ്ലാമിയുടെ ഡല്‍ഹി ഓഫീസ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ സ്ഥാപിക്കുന്നതിന്‌ വേണ്ടി സര്‍ക്കാര്‍ ബുള്‍ഡോസര്‍ വെച്ച്‌ നിരത്താന്‍ മുന്നോട്ട്‌ വന്ന സംഭവം ഡല്‍ഹിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവം അരങ്ങേറിയപ്പോള്‍ ജമാഅത്ത്‌ നേതാക്കള്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ഓഫീസില്‍ കയറി ഓഫീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയും അവരെ സഹായിക്കാന്‍ മുന്നോട്ട്‌ വന്നില്ല. അവസാനം മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട്‌ ജ. ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ സാഹിബിന്റെ പക്കല്‍ വന്ന്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ സേട്ട്‌ സാഹിബ്‌ കേരളത്തിലേക്കുള്ള യാത്ര മാറ്റി വെച്ച്‌ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ചയ്‌തു. സേട്ട്‌ സാഹിബ്‌ ഏകനായി ഈ വിഷയത്തിനായ്‌ എല്ലാ മന്ത്രിമാരേയും ചെന്ന്‌ കണ്ട്‌ ജമാഅത്ത്‌ ഓഫീസ്‌ നിലനിര്‍ത്തി കൊടുക്കുകയും ചെയ്‌തു.



ഡല്‍ഹിയിലിറങ്ങിയ എല്ലാ ഉര്‍ദു പത്രങ്ങളും സേട്ട്‌ സാഹിബ്‌ ചെയ്‌ത സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ എഡിറ്റോറിയല്‍ എഴുതുകയുണ്ടായി.ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ 'ദഅ്‌വത്ത്‌' പത്രം സംഭവങ്ങള്‍ അതി പ്രാധാന്യത്തോടെ ഒന്നാം പേജില്‍ വാര്‍ത്ത കൊടുക്കുകയും മുസ്ലിംലീഗ്‌ നേതാവ്‌ ചെയ്‌ത സേവനത്തെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്‌തു. ഈ സംഭവം മൂലം ഡല്‍ഹിയിലെ ജമാഅത്ത്‌ വോട്ടുകള്‍ മുഴുവനും ഇത്തവമ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ നല്‍കാന്‍ ഡല്‍ഹി ജമാഅത്ത്‌ ഘടകം തീരുമാനിച്ച്‌ പ്രസ്‌താവന പുറപ്പെടുവിക്കുകയും ചെയ്‌തു.



ഡല്‍ഹി പ്രദേശ്‌ മുസ്ലിംലീഗ്‌ അധ്യക്ഷന്‍ ജ. മര്‍ഹൂബ്‌ ഹുസ്സൈന്‍ സാഹിബിന്റെ നേത്യത്ത്വെത്തില്‍ ഉര്‍ദു ബസാറിലെ പ്രദേശ്‌ ലീഗ്‌ കമ്മറ്റി ഓഫീസായ ലീഗ്‌ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചില നിര്‍ണ്ണായക തീരുമാനമെടുത്തിട്ടുണ്ട്‌. ലീഗ്‌ മത്സരിക്കാത്ത സീറ്റുകളില്‍ ലീഗ്‌ വോട്ടുകള്‍ ബി.ജെ.പിക്കെതിരെ വിനിയോഗിക്കണമെന്ന്‌ യോഗം ആഹ്വാനം ചെയ്‌തു. യോഗത്തില്‍ ദേശീയ കമ്മറ്റിയെ പ്രതിനിധീകരിച്ച്‌ ജോയിന്റ്‌ സെക്രട്ടറി പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ സാഹിബ്‌, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹമീദ്‌ കൈസര്‍, മുഹമ്മദ്‌ ഷാഹിദ്‌, സഈദുറഹ്മാന്‍, അബ്ദുള്‍ ഖരീര്‍, അഷ്‌വാക്ക്‌ ബേഗ്‌, നയിമുദ്ദീന്‍ ഖീവാല എന്നിവരും സ്‌ഥാനാര്‍ത്ഥികളും പങ്കെടുക്കുകയുണ്ടായി.


No comments:

Post a Comment

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?