Tuesday, 14 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....3

രാജസ്ഥാനില്‍ ഇക്കുറി വോട്ട്‌ ശതമാനം വര്‍ദ്ധിക്കും.
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.14 14 ചൊവ്വ)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....  

ഏഴര ശതമാനത്തോളം മുസ്ലിംവോട്ടുകളുള്ള രാജസ്ഥാന്‍ വര്‍ഗ്ഗീയശക്തികള്‍ക്ക്‌ വിപുലമായ അടിവേരുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌. മുസ്ലിം രക്തം ചാലിട്ടൊഴുകിയ കുപ്രസിദ്ധമായ മക്രാന, കോട്ട എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ ലഹളകള്‍ക്ക്‌ പണ്ടേ പേര്‌ കേട്ട സംസ്ഥാനമാണ്‌. അഡ്വാനി നയിച്ച രഥയാത്ര കടന്ന്‌പോയപ്പോള്‍ ജയ്‌പൂര്‍ എന്ന പട്ടണത്തില്‍ മാത്രം കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം ആയിരത്തിലേറെയായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ഈ സംസ്ഥാനത്ത്‌ അവര്‍ക്ക്‌ ഭരണത്തിലെത്താനുള്ള എല്ലാവിധ കുറുക്കുവേലകളും ചെയ്‌ത്‌ കൊടുത്തത്‌ മതേതരത്ത്വത്തിന്റെ അപ്പോസ്‌തലന്‍മാരാല്‍ നയിക്കപ്പെടുന്ന ദേശീയമുന്നണിയും ഇടത്‌പക്ഷങ്ങളുമാണ്‌. രാജ്യത്തെ ഏററവും വലിയ വര്‍ഗ്ഗീയ ശക്തിയെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും ദേശീയമുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന ജനതാദളിന്‌ ഒരിക്കലും ഒഴിഞ്ഞ്‌മാറാനാവില്ല. ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കഠിന പ്രയത്‌നം നടത്തിയ ദേശീയമുന്നണിയെ ഒരു പാഠം പഠിപ്പിക്കാന്‍ രാജസ്ഥാനിലെ മുസ്ലിംകള്‍ തീരുമാനിച്ചിരിക്കയാണ്‌.


രാജസ്ഥാനിലെ ചില മേഖലകളില്‍ മുസ്ലിംലീഗിന്‌ ശക്തമായ വോട്ട്‌ ബാങ്കുകളുണ്ട്‌. കോട്ട, മക്രാന, അജ്‌മീര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ ലഹളമൂലമുണ്ടായ നരകീയയാവസ്ഥ നിമിത്തം എല്ലാം നഷ്‌ടപ്പെട്ട്‌ ദുഖിതരായിരിക്കുന്ന മുസ്ലിം സമൂഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും തിരിഞ്ഞ്‌നോക്കാത്ത അവസ്ഥ സംജാതമായപ്പോള്‍ ആശ്വാസത്തിന്റെ കൈത്തിരിയുമായി അങ്ങോട്ട്‌ കടന്ന്‌ വന്നത്‌ മുസ്ലിംലീഗ്‌ നേതാക്കളായിരുന്നു. 



സേട്ടു സാഹിബും, ബനാത്ത്‌വാലാ സാഹിബും ലഹളപ്രദേശം സന്ദര്‍ശിക്കുകയും വിപുലമായ റിലീഫ്‌ പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന മുസ്ലിംലീഗ്‌ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ദേശീയ കമ്മറ്റിയുടെ വിഹിതം ഏല്‍പ്പിക്കുകയും ചെയ്‌തു. ലക്ഷക്കണക്കിന്‌ രൂപയുടെ റിലീഫ്‌ മുസ്ലിംലീഗ്‌ അവിടെ നടത്തുകയും ചെയ്‌തു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സര രംഗത്ത്‌ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ വിരളമായിരുന്നു. മുസ്ലിം വോട്ട്‌ ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു മുസ്ലിംലീഗ്‌ മത്സരരംഗത്ത്‌ നിന്നും മാറി നിന്നത്‌. വര്‍ഗ്ഗീയ ശക്തികള്‍ വിജയിച്ച്‌ വരാതിരിക്കാന്‍ വേണ്ടി മതേതര ശക്തികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ മുസ്ലിംലീഗ്‌ ആഹ്വാനം ചെയ്യുകയും അതിനായ്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തു.



കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജനാതാദളും ഇടത്‌പക്ഷവും ഒന്നിച്ച്‌ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച 'അജ്‌മീര്‍' മണ്‌ഡലത്തില്‍ മുസ്ലിംലീഗിന്റെ ജ. അബ്‌ദുള്‍ ഹലീം ഖാസി ഇരുപതിനായിരത്തോളം വോട്ടുകള്‍ നേടി ശക്തി തെളിയിക്കുകയുണ്ടായി. അത്‌ പോലെ മുന്‍ മന്ത്രി കല്യാണ്‍സിംഗ്‌ കാല്‍വി വിജയിച്ച 'ബാര്‍മര്‍' മണ്‌ഡലത്തില്‍ മുസ്ലിംലീഗിന്റെ ജ. സാഹുര്‍ അഹമ്മദ്‌ സാഹിബ്‌ പതിനായിരത്തോളം വോട്ടുകള്‍ നേടി ശ്രദ്ധ പിടിച്ച്‌ പറ്റി. 'ഭില്‍വാര' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്വതന്ത്രന്‍ ജ. ഷബീര്‍ ഹുസൈന്‍ സാഹിബ്‌ 25, 723 വോട്ടുകള്‍ നേടിയത്‌ മുസ്ലിംലീഗ്‌ ക്യാമ്പിന്‌ ഏറെ ആശ്വാസമാണ്‌ നല്‍കിയത്‌. രണ്ട്‌ ശതമാനവും മൂന്ന്‌ ശതമാനവും മാത്രം മുസ്ലിം വോട്ടുകളുള്ള രാജസ്ഥാനിലെ നിയോജകമണ്‌ഡലങ്ങളില്‍ ഇതൊക്കെ പരമാധി വോട്ടുകളില്‍ പെടുത്തേണ്ടാണ്‌. മുസ്ലിം ജനസംഖ്യ തുലോം കുറവായ രാജസ്ഥാനിലെ ഇത്തരം മണ്‌ഡലങ്ങളില്‍ ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും പ്രതീക്ഷിക്കുക ക്ഷിപ്രസാധ്യം. തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ അവിടെ തെരെഞ്ഞടുപ്പുകള്‍ നടക്കുന്നില്ല. എല്ലായിടത്തും അഡ്‌മിനിസ്‌ട്രഷന്‍ ഭരണമാണ്‌. എന്നെങ്കിലും അവിടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരെഞ്ഞടുപ്പ്‌ നടക്കുകയാണെങ്കില്‍ നിരവധി സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാനും മുഖ്യപ്രതിപക്ഷമാകാനും മുസ്ലിംലീഗിന്നവിടെ സാധിക്കും.



ജയ്‌പൂര്‍, ബാര്‍മര്‍, അജ്‌മീര്‍, ഭില്‍വാര, ജോധ്‌പൂര്‍, കോട്ട എന്നീ മണ്‌ഡലങ്ങളില്‍ ലീഗ്‌ വോട്ടുകള്‍ നിര്‍ണ്ണായകമാണ്‌. ഇതിനകം പല കക്ഷികളും പിന്‌തുണ അഭ്യര്‍ത്ഥിച്ച്‌ ലീഗ്‌ നേതാക്കളെ സമീപിക്കുന്നുണ്ട്‌. സംസ്ഥാനത്തെ നാല്‌ ലോക്‌സഭാ മണ്‌ഡലങ്ങളില്‍ മുസ്ലിംലീഗ്‌ ഇത്തവണ മത്സരിക്കുന്നുണ്ട്‌. അഞ്ച്‌ മണ്‌ഡലങ്ങളില്‍ സ്വതത്ര സ്ഥാനാര്‍ത്ഥികളേയും രംഗത്തിറക്കുന്നുണ്ട്‌.



മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയം സ്ഥിതി ചെയ്യുന്ന 'മക്രാനയില്‍' നിന്നും 'ഹാഷിം ആവാജ' എന്ന ഉര്‍ദു ദിനപത്രം സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ ഒട്ടേറെ കോപ്പികള്‍ വിറ്റഴിക്കുന്ന ഈ പത്രത്തില്‍ കേരളത്തിലെ മുസ്ലിംലീഗിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ കൊടുക്കാറുണ്ട്‌. അടുത്ത്‌ തന്നെ 'ഡോങ്കി' എന്ന സ്ഥലത്ത്‌ നിന്ന്‌ ഒരു ഉര്‍ദു വീക്ക്‌ലിയും പുറത്തിറക്കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്‌. സംസ്ഥാന ലീഗ്‌ അധ്യക്ഷന്‍ അഡ്വ. മന്‍സൂര്‍ ആലം സാഹിബും, ജ. സെക്രട്ടറി അഡ്വ. അഹമ്മദ്‌ ബക്ഷ്‌ സാഹിബും തിരക്കിട്ട ഇലക്ഷന്‍ പര്യടനത്തിലാണ്‌. കഴിഞ്ഞ വാരത്തില്‍ രാജസ്ഥാനില്‍ പര്യടനം നടത്തിയ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജോ.സെക്രട്ടറി പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ സാഹിബിന്‌ ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു ലഭിച്ചത്‌. അഡ്വ. അഹമ്മദ്‌ ബക്ഷ്‌, മൗലാനാ അഹമ്മദ്‌ സിദ്ദീഖി, സാഹുര്‍ അഹമ്മദ്‌ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇത്തവണ ജനവിധി തേടുന്നുണ്ട്‌. ഇപ്രാവശ്യം കൂടുതല്‍ ശതമാനം വോട്ടുകള്‍ നേടി സംഘടനാ ശക്തി തെളിയിക്കാനുള്ള പുറപ്പാടിലാണ്‌ സംസ്ഥാനത്തെ ലീഗ്‌ പ്രവര്‍ത്തകര്‍.

1 comment:

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?