Thursday, 21 June 2012

എയര്‍ഇന്ത്യ പ്രവാസികളെ വരട്ടിത്തിന്നുന്നു.


(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 2012 ജൂണ്‍.21 21 വ്യാഴം)

അനന്തമായി തുടരുന്ന പൈലറ്റ്‌ സമരത്തോടെ എയര്‍ഇന്ത്യയുടെ പ്രവാസിദ്രോഹം അങ്ങേയറ്റം മൂര്‍ദ്ധന്ന്യത്തിലെത്തി നില്‍ക്കുകയാണ്‌. 42 ദിവസത്തിലേറെയായി തുടരുന്ന ഈ സമരം ആരാണ്‌ ഒത്ത്‌തീര്‍ക്കേണ്ടത്‌? സമരം നിയമവിരുദ്ധമാണെന്ന്‌ ആക്ഷേപിച്ചത്‌ കൊണ്ട്‌ വ്യോമയാന മന്ത്രിയുടേയും ഗവണ്‍മെന്റിന്റേയും ഉത്തരവാദിത്ത്വം അവസാനിക്കുന്നുവോ? വിമാന സഞ്ചാരികള്‍ക്കറിയേണ്ടത്‌ സമരത്തിന്റെ കാര്യകാരണങ്ങളല്ല. മറിച്ച്‌ ഫലപ്രദമായ ബദല്‍സംവീധാനങ്ങളാണ്‌. മാസങ്ങളായിട്ടും ഇത്‌ നിര്‍വ്വഹിക്കേണ്ട എയര്‍ഇന്ത്യ മാനേജ്‌മെന്റ്‌ അതില്‍ പൂര്‍ണ്ണമായും പരാജിതരായിട്ടും വേണ്ടത്രരീതിയില്‍ ഇടപെടാനുള്ള ആര്‍ജ്ജവം കാണിക്കാതിരിക്കുന്ന കേന്ദ്രഗവണ്‍മെന്റിനെ വിമര്‍ശിക്കാതിരിക്കാനാവില്ല. യാത്രികര്‍ക്ക്‌ പരിഭവം പറയാനുള്ളത്‌ എക്കാലത്തും നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്ന എയര്‍ഇന്ത്യയോടല്ല, കേന്ദ്രസര്‍ക്കാറിനോട്‌ തന്നെയാണ്‌.

ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡില്‍ (ഐ.പി.ജി) അംഗങ്ങളായ അഞ്ഞൂറോളം പൈലറ്റുമാരാണ്‌ സമരരംഗത്ത്‌. എയര്‍ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ലയനത്തിന്‌ മുമ്പ്‌ എയറിന്ത്യയിലുള്ള പൈലറ്റ്‌മാരാണിവര്‍. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന്‌ വന്നവരേക്കാള്‍ മികച്ച പരിഗണന സര്‍വ്വീസ്‌ കാര്യങ്ങളില്‍ തങ്ങള്‍ക്ക്‌ വേണമെന്നാണ്‌ ഇവരുടെ ആവശ്യം. എയര്‍ഇന്ത്യ പുതുതായി വാങ്ങിയ �ബോയിങ്‌ ഡ്രീം ലൈനര്‍ വിമാനം� പറത്താനുള്ള പരിശീലനം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും വന്ന പൈലറ്റുമാര്‍ക്ക്‌ നല്‍കി എന്നതാണത്രെ സമരകാരണം! സമരം നടത്തുമ്പോള്‍ ഒരു നോട്ടീസെങ്കിലും കൊടുക്കുകയെന്നത്‌ സാമാന്യമായി ചെയ്യേണ്ട മര്യാദയാണ്‌. അത്‌ പോലും ചെയ്‌തില്ലെന്നതാണ്‌ വ്യോമയാന മന്ത്രി അജിത്‌ സിംഗിന്റെ ഭാഷ്യം. കൂടാതെ മേയ്‌ 23 ന്‌ ബഹു. ഡല്‍ഹി ഹൈക്കോടതി കോടതി യലക്ഷ്യക്കുറ്റത്തിന്‌ നോട്ടീസയച്ചു. മുന്‍കൂട്ടി നോട്ടീസ്‌ നല്‍കാതെയും, കൂട്ടത്തോടെ ചികിത്സാ അവധിയെടുത്തതിനുമെതിരെ മേയ്‌ ഒമ്പതിന്‌ ബഹു. ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരുന്നു. അത്‌ ലംഘിച്ചതിനാണ്‌ കോടതിയലക്ഷ്യ നടപടി. ഇതിനെതിരെ പൈലറ്റുമാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെന്‍ഞ്ച്‌ തള്ളുകയും ചെയ്‌തു. 

സമരം നിയമവിരുദ്ധമാണെന്ന്‌ കോടതി പ്രഖ്യാപിക്കുകയും കോടതിയലക്ഷ്യക്കുറ്റത്തിന്‌ നോട്ടീസയക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡുമായി ചര്‍ച്ച നടത്താനാവില്ലെന്നാണ്‌ മേയ്‌ 15 ന്‌ വ്യോമയാന മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്‌. മേയ്‌ 26 ന്‌ അതേ മന്ത്രിയും എയര്‍ഇന്ത്യാ സി.എം.ഡി. രോഹിത്‌ നന്ദനോടും തന്നെ ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡ്‌ ഭാരവാഹികളോട്‌ ചര്‍ച്ച നടത്തുകയും ചെയ്‌തു. മന്ത്രിയമായുള്ള ചര്‍ച്ചക്ക്‌ ശേഷം തങ്ങള്‍ യോഗം ചേരുമെന്നറിയിച്ചതല്ലാതെ പിന്നീട്‌ ഒരു വിവരവും ഇക്കൂട്ടരെക്കുറിച്ചില്ല. ഇതിനകം 101 പൈലറ്റുമാരെ പിരിച്ച്‌ വിടുകയും താല്‍ക്കാലികമായി 100 പൈലറ്റുമാരെ കോണ്‍ട്രാക്‌റ്റ്‌ വ്യവസ്ഥയില്‍ നിയമിക്കുകയും ചെയ്‌തതായി പിന്നീട്‌ മന്ത്രി പറഞ്ഞു. അതും നടപ്പായതായി അനുഭവപ്പെട്ടില്ല. എയര്‍ഇന്ത്യാ സമരക്കാരുടെ സേവന-വേതന-പരിഗണനാ വിഷയങ്ങളെ സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനായി നിയമിച്ച �ധര്‍മ്മാധികാരി റിപ്പോര്‍ട്ട്‌ � 45 ദിവസത്തിനകം നടപ്പാക്കുമെന്ന്‌ ജൂണ്‍ ഒന്നിന്‌ വ്യോമയാന മന്ത്രി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. ഇതൊക്കെ വ്യോമയാനമന്‍ന്ത്രാലയവും പൈലറ്റ്‌ ഗില്‍ഡ്‌ അസ്സോസിയേഷനും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണ്‌. ഇതൊന്നും ബദല്‍ സംവീധാം ഒരുക്കാത്ത വ്യോമയാന മന്ത്രാലയത്തിന്റെ ഗുരുതരമായ പിഴവിനെ ന്യായീകരിക്കുന്നില്ല. രാജ്യത്തെ പ്രജകളായ പ്രവാസികള്‍ക്ക്‌ ഏതെങ്കിലും തൊഴിലാളി സംഘടനയുടെ നിയമവിരുദ്ധ സമീപനം അറിഞ്ഞിട്ട്‌ വലിയ പ്രയോജനമില്ല. ഇവിടെ ആര്‍ക്കെങ്കിലുമെതിരെയുള്ള പഴിയല്ല കേള്‍ക്കേണ്ടത്‌. ഇത്‌ മൂലം കഷ്‌ടത്തിലായവരുടെ സങ്കടത്തിനുള്ള ഉചിതമായ പരിഹാരമാണ്‌.

ഇരുപത്‌ ലക്ഷം ഇന്ത്യക്കാരുടെ തൊഴിലിടമായ സൗദി അറേബ്യയിലെ പാവങ്ങളായ യാത്രികരാണ്‌ എയര്‍ഇന്ത്യയുടെ ക്രൂരവിനോദത്തിന്‌ പലപ്പോഴും ഇരയാകാറ്‌. എയര്‍ഇന്ത്യക്ക്‌ എന്ത്‌ പ്രതിസന്ധിയുണ്ടായാലും ആദ്യം കട്ട്‌ ചെയ്യുന്ന വിമാനം സൗദിയിലേക്കായിരിക്കും. ഇത്‌ സഹിക്കാവുന്നതിലപ്പുറമായിരിക്കുന്നു. പൈലറ്റ്‌ സമരത്തോടെ ഏറ്റവും വലിയ പ്രഹരമേറ്റത്‌ റിയാദിലുള്ളവര്‍ക്കാണ്‌. കഴിഞ്ഞ ഒന്നരമാസമായി കരിപ്പൂരിലേക്കുള്ള ഏറെക്കുറെ സര്‍വ്വീസുകള്‍ നിര്‍ത്തല്‍ ചെയ്‌തതിന്‌ പുറമെ പുതിക്കിയിറക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 31 വരെ കോഴിക്കോട്ടേക്ക്‌ സര്‍വ്വീസുണ്ടായിരിക്കുകയില്ലത്രെ. ഇത്‌ പൈലറ്റ്‌ സമരവുമായി ബന്ധപ്പെട്ട താല്‍ക്കാലിക നടപടിയാണെന്നാണ്‌ ചിലര്‍ ധരിച്ചിരിക്കുന്നത്‌. എന്നാല്‍ സമരം അവസാനിച്ചാലും ജൂലൈ 31 വരെ സര്‍വ്വീസുണ്ടാവില്ലെന്ന്‌ ചുരുക്കം. ജൂണ്‍ 10 ന്‌പുറത്തിറക്കിയ വാര്‍ത്താബുള്ളറ്റിലാണ്‌ എയര്‍ഇന്ത്യ ഇത്‌ അറിയിച്ചത്‌. 45 ദിവസത്തോളം മുടങ്ങുമെന്ന്‌ സാരം. ജൂലൈ 31 കഴിഞ്ഞാലുള്ള സ്ഥിതിയോ? ആര്‍ക്കുമറിയില്ല. ശരിയാകുമെന്ന വാഗ്‌ദാനം പോലും എയര്‍ഇന്ത്യ നല്‍കുന്നില്ല. ഇതോടെ ഈ റൂട്ടിലുള്ള ആയിരങ്ങളാണ്‌ ദുരിതത്തിലായത്‌. പരിശുദ്ധ റംളാനും മധ്യ വേനലവധിയും മുന്നില്‍ കണ്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ക്കകം അടക്കും. ഇവരെങ്ങിനെ നാട്ടിലേക്ക്‌ മടങ്ങും? ഇതിന്‌ ഉത്തരം നല്‍കേണ്ടത്‌ ആരാണ്‌? ഇത്രമാത്രം ശിക്ഷിക്കപ്പെടാന്‍ റിയാദിലെ പ്രവാസ സമൂഹം എയര്‍ഇന്ത്യയോട്‌ എന്ത്‌ പാതകമാണ്‌ ചെയ്‌തതെന്ന്‌ ഉത്തരവാദപ്പെട്ടവര്‍ വിശദീകരിച്ചേ പറ്റൂ. സമരത്തി്‌ന്റെ മറവില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സിന്റെ മണ്‍സൂണ്‍ കാല ഷെഡ്യൂള്‍ പരിശോധിച്ചാല്‍ ഗള്‍ഫ്‌ സെക്‌ടറോടുള്ള ഇവരുടെ അരിശം ബോധ്യമാവും. 

കെ.എം.സി.സി പോലുള്ള സംഘടനകളുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ കിട്ടിയ സര്‍വ്വീസുകള്‍ ഇപ്പോഴത്തെ സമരസാഹചര്യത്തെ ഉപയോഗപ്പെടുത്തി ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമമാണ്‌ എയര്‍ഇന്ത്യ ഉദ്യോഗസ്ഥന്‍മാര്‍ ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌. സമരം കാരണം താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്‌ത സര്‍വ്വീസുകള്‍ സ്ഥിരമായി റദ്ദാക്കിക്കൊണ്ട്‌ പുറത്തിറക്കിയ പുതിയ ഷെഡ്യൂള്‍ നോക്കുക: ആഴ്‌ചയില്‍ ഏഴ്‌ ദിവസമുണ്ടായിരുന്ന കോഴിക്കോട്‌ - ദുബൈ, കോഴിക്കോട്‌ - അബുദാബി വിമാനങ്ങള്‍ക്ക്‌ പകരം ദുബായിലേക്ക്‌ ആഴ്‌ചയില്‍ മൂന്നും, അബുദാബിയിലേക്ക്‌ ആഴ്‌ചയില്‍ നാലും സര്‍വ്വീസാക്കി ചുരുക്കി. ഷാര്‍ജയിലേക്കും മസ്‌കത്തിലേക്കും പ്രത്യേകമുണ്ടായിരുന്ന സര്‍വ്വീസ്‌ ഇടക്കാലത്തേക്കെന്ന്‌ പറഞ്ഞ്‌ ഒന്നാക്കി മാറ്റിയിരുന്നു. അത്‌ ഈ അവസരമുപയോഗപ്പെടുത്തി എല്ലാകാലത്തേക്കുമാക്കി മാറ്റി. റിയാദ്‌ കൊച്ചി റൂട്ടിലുണ്ടായിരുന്ന എയര്‍ഇന്ത്യയുടെ എ.ഐ.928 വിമാനം ജൂണ്‍ 8 മുതല്‍ നിര്‍ത്തി. ജൂലൈ 31 വരെ ഇനി ഈ സെക്‌ടറില്‍ ഇനി ഒരു വിമാനവും എയര്‍ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കേണ്ട. റിയാദ്‌ കൊച്ചി റൂട്ടില്‍ റദ്ദാക്കിയ ബുധന്‍-വെള്ളി ദിവസങ്ങളിലെ എ.ഐ.928 ഇനി പുനസ്ഥാപിക്കപ്പെടുമോ എന്ന്‌ തഥൈവ! ഈ വിമാനങ്ങളൊക്കെ മറ്റ്‌ വേണ്ടപ്പെട്ടിടത്തേക്ക്‌ മാറ്റിയിരിക്കുമെന്ന്‌ നിഗമിക്കുകയല്ലാതെ തരമില്ല.

എയര്‍ഇന്ത്യയുടെ ഈ കെടുകാര്യസ്ഥത സമര്‍ത്ഥമായി മറ്റ്‌ വിദേശ എയര്‍ലൈനുകള്‍ ഉപയോഗപ്പെടുത്തുന്നത്‌ നോക്കൂ.. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള ഗള്‍ഫ്‌ (മാത്രം!) യാത്ര ടിക്കറ്റ്‌ നിരക്ക്‌ ഹിമാലയത്തോളം വര്‍ദ്ധിപ്പിച്ചു. കോഴിക്കോട്ട്‌ നിന്നും അബുദാബിയിലേക്ക്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സും, ഇത്തിസാദ്‌ എയര്‍വൈസും മാത്രമായിരുന്നു നേരിട്ട്‌ സര്‍വ്വീസ്‌ നടത്തിയിരുന്നത്‌. എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ പിന്‍വലിഞ്ഞതോടെ ഇത്തിസാദ്‌ എയര്‍വൈസ്‌ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഇക്കണോമി ക്ലാസ്സായ ബി-ക്ലാസ്സിലാണ്‌ ഇപ്പോള്‍ അബുദാബിയിലേക്കും തിരിച്ചും റിസര്‍വേഷന്‍ നല്‍കുന്നത്‌. 11000 രൂപയും പരമാവധി 13000 രൂപയും മാത്രം ഈടാക്കിയിരുന്ന ഈ റൂട്ടിലേക്ക്‌ ഇപ്പോള്‍ 28978 രൂപ നിരക്കിലാണ്‌ ടിക്കറ്റ്‌ വില്‍പ്പന! ദുബായിലേക്ക്‌ സര്‍വ്വീസ്‌ നടത്തിയിരുന്ന എമിറേറ്റ്‌സാകട്ടെ അബുദാബി, അല്‍-െഎന്‍ എന്നിവിടങ്ങളിലേക്ക്‌ ദുബായില്‍ നിന്നും ബസ്സ്‌ ഏര്‍പ്പെടുത്തിയാണ്‌ സര്‍വ്വീസ്‌ തുടരുന്നത്‌. 26490 രൂപ നിരക്കില്‍ ബി-ക്ലാസ്സില്‍ മാത്രമാണ്‌ എമിറേറ്റ്‌സില്‍ റിസര്‍വ്വ്‌ ചെയ്യാനാവുക. മസ്‌കത്ത്‌ വഴി യു.എ.ഇയിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ഒമാന്‍ എയര്‍വെയ്‌സ്‌ അടുത്ത രണ്ട്‌ ആഴ്‌ചകളില്‍ 22000 മുതല്‍ 25000 വരെയാണ്‌ ഈടാക്കാന്‍ പോവുന്നത്‌. 

ജൂലൈ ആഗസ്‌ത്‌ മാസങ്ങളില്‍ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധിയായതിനാല്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക്‌ ഇരട്ടിക്കും. എന്നാല്‍, വിദേശ കമ്പനികള്‍ കേരളത്തില്‍ നിന്ന്‌ ഗള്‍ഫിലേക്ക്‌ കുറഞ്ഞ നിരക്കായിരുന്നു നേരത്തെ വാങ്ങിയിരുന്നത്‌. എയര്‍ഇന്ത്യ സൃഷ്‌ടിച്ച പുതിയ സാഹചര്യം വിദേശ വിമാന കമ്പനികള്‍ക്ക്‌ ഇരുഭാഗത്തേക്കും വന്‍തുക ഈടാക്കുന്നതിനാണ്‌ അവസരമൊരുക്കുന്നത്‌. ബജറ്റ്‌ എയര്‍ലൈനുകളായ എയര്‍-അറേബ്യ, ബഹറൈന്‍ എയര്‍, റാക്ക്‌ എയര്‍വൈസ്‌ എന്നിവയും, ഇത്തിഹാദ്‌ ഖത്തര്‍ എയര്‍വൈസസ്‌ എന്നിവയും വന്‍ നിരക്ക്‌ ഈടാക്കുന്നു. കരിപ്പൂരില്‍ നിന്ന്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ 8000-10000 രുപ നിരക്ക്‌ ഈടാക്കിയിരുന്ന ദോഹ, ബഹറൈന്‍, കുവൈത്ത്‌, ദമാം സര്‍വ്വീസുകള്‍ക്ക്‌ ഇപ്പോള്‍ വിദേശ വിമാന കമ്പനികള്‍ 20,000 രൂപക്ക്‌ മുകളിലാണ്‌ ചുമത്തുന്നത്‌. ഇത്‌ ഒരു മാസം മുമ്പെ ബുക്ക്‌ ചെയ്‌തുള്ളവര്‍ക്കുള്ള നിരക്കാണെന്നോര്‍ക്കണം. അടിയന്തിരമായി പോകേണ്ടവര്‍ക്കാകട്ടെ 40,000 വരെ നല്‍കേണ്ടി വരും. 50,000 മുടക്കിയാലും റിയാദിലേക്ക്‌ ടിക്കറ്റേ കിട്ടാനില്ലതാനും. ഇത്രയും നിരക്ക്‌ ഒരു കാലത്തും ഉണ്ടായിട്ടില്ല.സാധാരണ മെയ്‌ അവസാനത്തോടെ ഗള്‍ഫിലേക്ക്‌ തിരക്ക്‌ കുറയാറുള്ളതാണ്‌. അത്‌ കൊണ്ട്‌ തന്നെ നിരക്കിലും കുറവുണ്ടാവാറുണ്ട്‌. 

എയര്‍ഇന്ത്യയുടെ സര്‍വ്വീസ്‌ റദ്ദാക്കലിനെതുടര്‍ന്ന്‌ കേരളത്തില്‍ ജൂണ്‍ ആദ്യ ആഴ്‌ചയില്‍ തിരിച്ചെത്തേണ്ട നിരവധി വിദ്യാര്‍ത്ഥികളുമടക്കം ഗള്‍ഫ്‌ രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്‌. ജൂലൈ ആഗസ്‌ത്‌ മാസങ്ങളില്‍ ഗള്‍ഫില്‍ അവധിക്കാലം തുടങ്ങുന്നതോടെ പ്രവാസികളുടെ കുടുംബസമേതമുള്ള നാട്ടിലേക്കുള്ള യാത്ര ഇത്തവണ ഉപേക്ഷിച്ച്‌ യൂറോപ്പിലേക്കോ മറ്റോ പോവലായിരിക്കും ഉചിതം. താരതമ്യേന അവിടങ്ങളിലേക്ക്‌ ചിലവ്‌ ഇവിടുത്തോളമുണ്ടാവില്ലെന്നുറപ്പ്‌. 50000 രൂപയോളം മുടക്കി ഇനി ഇവിടേക്ക്‌ വന്നാലും ആഗസ്‌തില്‍ തിരിച്ച്‌ പോകാറാവുമ്പോഴേക്കും ചിലവ്‌ 50000 ത്തില്‍ നില്‍ക്കണമെന്നില്ല. സെപ്‌തംബറിലേക്കുള്ള ബുക്കിങ്ങിന്‌ കൊള്ള ചാര്‍ജ്ജാണ്‌ ആവശ്യപ്പെടുന്നത്‌. വിസിറ്റിങ്‌ വിസക്ക്‌ വന്നവരുടെ സ്ഥിതി അതി ദയനീയമാണ്‌. അധികപേരും ഭാര്യയേയും രക്ഷിതാക്കളേയും വിസിറ്റിങ്‌ വിസക്കാണ്‌ കൊണ്ട്‌ വരാറ്‌. കാലാവധിക്ക്‌ മുമ്പ്‌ തിരിച്ചില്ലെങ്കില്‍ പതിനായിരം റിയാല്‍ ഫൈനോ അതല്ലെങ്കില്‍ ജയില്‍വാസം. അവരോട്‌ പൈലറ്റ്‌ സമരം പറഞ്ഞിട്ട്‌ യാതൊരു പ്രയോജനവുമില്ല. ഇങ്ങിനെയുള്ള കാരണത്താലോ അശ്രദ്ധ കൊണ്ടോ ഈയടുത്ത്‌ ഒരു യുവരാഷ്‌ട്രീയ നേതാവിന്‌ പതിനായിരം റിയാല്‍ ഒടുക്കേണ്ടി വന്ന കഥ റിയാദിലുണ്ടായിട്ടുമുണ്ട്‌. വിസിറ്റിങ്‌ വിസക്ക്‌ വന്ന ഗര്‍ഭിണികളുടെ സ്ഥിതി ഭീകരമായിരിക്കും. കാലാവധിക്ക്‌ മുമ്പ്‌ പോകാനൊത്തില്ലെങ്കില്‍ പതിനായിരം റിയാല്‍ മാത്രമല്ല നഷ്‌ടം, പ്രസവമെങ്ങാനും നടന്നാല്‍ നിയമക്കുരുകള്‍ വേറേയും. വിമാനയാത്രാ ക്ലേശം സൃഷടിക്കുന്ന ദുരിതം ചെറുതല്ല. ചെലവ്‌ കുറഞ്ഞ മികച്ച ചികിത്സക്കായ്‌ നാട്ടിലേക്ക്‌ തിരിക്കുന്ന രോഗികളുടെ അവസ്ഥ കണ്ണീരിലയിപ്പിക്കുന്നതാണ്‌. ദേഹത്ത്‌ ചികിത്സാ ഉകരണവും പേറി നാട്ടിലേക്ക്‌ തിരിക്കാനായി എയര്‍പോര്‍ട്ടിലെത്തി എയര്‍ഇന്ത്യ കാന്‍സല്‍ ചെയ്‌തത്‌ വഴി ബുദ്ധിമുട്ടിയ ഒരു പാവം രോഗിയുടെ വിലാപം ഗള്‍ഫ്‌ മാധ്യമങ്ങള്‍ വേദനയോടെ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌. കേരളത്തിലെ 30 ശതമാനത്തിലേറെ സര്‍വ്വീസുകളും റദ്ദാക്കിയ എയര്‍ഇന്ത്യ വടക്ക്‌ കിഴക്കന്‍ മേഖലകളിലേക്ക്‌ ഈ പ്രക്രിയ കാര്യമായി നടപ്പാക്കിയിട്ടുമില്ല. ചെന്നൈ ഹൈദരാബാദ്‌ കോല്‍ക്കത്ത ലക്‌നൗ തുടങ്ങിയവിടങ്ങളില്‍ ഇത്രയും ദുരിതമെത്തിയിട്ടില്ല.

നെടുമ്പാശ്ശേരിയില്‍ നിന്നും എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ ആഴ്‌ചയില്‍ 36 സര്‍വ്വീസ്‌ ഉണ്ടായിരുന്നിടത്ത്‌ 30 ആക്കിയും, തിരുവനന്തപുരത്ത്‌ നിന്നും 21 ഉള്ളത്‌ 14 ആക്കിയും പാടെ കുറച്ചു. ആഴ്‌ചയില്‍ തിരുവനന്തപുരത്ത്‌ നിന്നും കൊച്ചിയില്‍ നിന്നും റിയാദിലേക്ക്‌ രണ്ട്‌ സര്‍വ്വീസുകളുണ്ടായിരുന്നത്‌ കൊച്ചിയില്‍ നിന്നു മാത്രമാക്കി ചുരുക്കി. കൊച്ചി വഴിയുള്ള 80 ഓളം സര്‍വ്വീസുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഈയിടെ റദ്ദ്‌ ചെയ്‌തത്‌ വഴിയുണ്ടായ ദുരിതത്തില്‍ യാത്രക്കാര്‍ നേരിട്ട്‌ തന്നെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്‌ ടെലിവിഷനില്‍ നമ്മള്‍ കണ്ടതാണ്‌.

കോഴിക്കോട്ട്‌ നിന്നും എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ വിമാനങ്ങള്‍ പ്രതിവാരം 46 സര്‍വ്വീസ്‌ നടത്തിയിരുന്നത്‌ 32 ആയാണ്‌ കുറഞ്ഞത്‌. കുവൈത്ത്‌ - ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസ്‌ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ചെയ്‌തു. ദമാമിലേക്കു പോവേണ്ടവര്‍ക്ക്‌ ബഹറൈനില്‍ ഇറങ്ങി കടല്‍പാലം കടന്ന്‌ ബസ്സ്‌ വഴിയാണത്രെ യാത്ര! ഇപ്പോഴത്തെ സാഹചര്യം ചൂഷണം ചെയ്‌ത്‌ വന്‍തുകക്കുള്ള ടിക്കറ്റ്‌ ഈടാക്കുന്ന ബജറ്റ്‌ എയര്‍ലൈനുകള്‍ പോലും യാത്രക്കാരെ രണ്ടും മൂന്നും എയര്‍പോര്‍ട്ടുകളില്‍ ട്രാന്‍സിസ്റ്റ്‌ ചെയ്‌താണ്‌ എത്തിക്കുന്നത്‌. പുലര്‍ച്ചെ അഞ്ച്‌ മണിയോടെ ഇത്തരം എയര്‍ലൈനുകളില്‍ ബോംമ്പെയിലെത്തുന്ന യാത്രികരുടെ സ്ഥിതി അഭയാര്‍ത്ഥികളേക്കാള്‍ കഷ്‌ടമാണ്‌. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ അറവ്‌മാടുകളെപ്പോലെ കൊണ്ട്‌ പോയിടുന്ന ഈ പാവങ്ങള്‍ക്ക്‌ ഉച്ചയോടെ പുറപ്പെടുന്ന ആഭ്യന്തര വിമാന സമയം വരെയുള്ള ഏഴ്‌ മണിക്കൂറിലധികം വരെയുള്ള സമയത്തിന്നിടക്ക്‌ പ്രാതല്‍ പോയിട്ട്‌ പച്ച വെള്ളംപോലും കൊടുക്കാറില്ല. ബോഡിങ്‌ കഴിഞ്ഞ യാത്രികരായത്‌ കൊണ്ട്‌ പുറത്തേക്ക്‌ പോകാനുമൊക്കില്ല. അകത്ത്‌ ലഭ്യമാവുന്നതാകട്ടെ വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള അമിത വിലയുള്ള അന്തര്‍ദേശീയ ഭക്ഷണങ്ങളും. അതിന്റയടുത്തേക്ക്‌ അടുക്കാന്‍ പോലും നമ്മുടെ ഗള്‍ഫ്‌ തൊഴിലാളിക്കാവില്ല. ലഗ്ഗേജ്‌ എടുക്കാനുള്ള ട്രോളി പോലും എത്തിച്ച്‌ കൊടുക്കാന്‍ അധികാരപ്പെട്ട ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ അതിന്‌ തയ്യാറാവാറില്ല. ട്രോളി തേടി പോയവര്‍ ട്രോളിയുമായി തിരിച്ചെത്തുമ്പോഴേക്കും ലഗ്ഗേജ്‌ ആരോ അടിച്ച്‌ മാറ്റിയിരിക്കും. രണ്ട്‌ വര്‍ഷക്കാലത്തിനിടയില്‍ കഷ്‌ടപ്പെട്ട്‌ വീട്ടിലേക്കായി വാങ്ങിക്കൂട്ടിയ സാധനങ്ങളടങ്ങിയ ബാഗേജ്‌ ഇങ്ങിനെ നഷ്‌ടപ്പെട്ട ഹതാശരായ പ്രവാസിയുടെ ദീനരോതനങ്ങള്‍ എത്ര പേര്‍ മനസ്സിലാക്കിയിരിക്കും? വെറും ഒന്നര മാസക്കാലത്തെ ഹ്ര്വസ്സ്വ സന്ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഈ ലേഖകന്റെ നേര്‍കാഴ്‌ചയില്‍പ്പെട്ടത്‌ മാത്രമാണ്‌ ഇവിടെ കുറിച്ചത്‌.

ലോകത്ത്‌ ഏറ്റവും വലിയ ഹോസ്‌പിറ്റാലിറ്റി ലഭിക്കുന്നത്‌ വിമാനയാത്രികര്‍ക്കാണെന്നതാണ്‌ യാഥാര്‍ത്യം. മാത്രമല്ല, അത്‌ അന്താരാഷ്‌ട്രാ എയര്‍ലൈന്‍ മര്യാദയുമാണ്‌. അത്‌ അനുഭവിക്കല്‍ വിമാനയാത്രികരുടെ അവകാശവുമാണ്‌. വിമാനത്തിനകത്ത്‌ കാബിന്‍ ഗ്രൂ സ്റ്റാഫും, വിമാനത്താവളത്തിനകത്ത്‌ ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിന്‍ സ്റ്റാഫും എല്ലാ വിമാന കമ്പനികള്‍ക്കുമുണ്ട്‌. ഉണ്ടായിരിക്കണം എന്നതാണ്‌ ചട്ടം. എന്നാല്‍ ഗള്‍ഫ്‌ യാത്രികരെ സഹായിക്കാന്‍ ഒരു ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിന്‍ സ്റ്റാഫിനെയും കാണാറില്ല. ഒരു അന്താരാഷ്‌ട്രാ മര്യാദയും ഗള്‍ഫ്‌ പ്രവാസിക്ക്‌ കിട്ടാറില്ല. എന്നാല്‍ മറ്റ്‌ സെക്‌ടറുകളില്‍ ഈ മര്യദകള്‍ കൂടുതലാണ്‌താനും. ഇങ്ങിനെ പോവുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ ഗള്‍ഫ്‌ യാത്രികര്‍ ഇനിയും തയ്യാറാണ്‌. അവര്‍ക്കൊന്നെ പറയാനും ചോദിക്കാനുമുള്ളൂ. വിസാ കാലാവധിക്ക്‌ മുമ്പ്‌ ഗള്‍ഫിലെത്താനും, അവധിക്ക്‌ നാട്ടിലെത്താനും, അത്‌ പോലെ അവശ്യകാര്യങ്ങള്‍ക്കായി അവര്‍ക്കും കുടുംബങ്ങള്‍ക്കും പോവാനും വരാനുമായി കൃത്യസമയത്ത്‌ വിമാനം വേണം. അതിന്‌ സമരങ്ങള്‍ പോലുള്ളവ വിഘാതമാണെങ്കില്‍ ബദല്‍ സംവീധാനം ഏര്‍പ്പെടുത്തണം. അത്‌ ഏര്‍പ്പെടുത്താന്‍ ഏത്‌ സര്‍ക്കാറിനും കഴിയണം. കഴിയും. പൊട്ടിത്തകര്‍ന്ന ആഫ്രിക്കയിലെ പട്ടിണി ദാരിദ്ര്യ രാഷ്‌ട്രങ്ങള്‍ക്ക്‌ പോലും അതിന്‌ കഴിയുമ്പോള്‍ നമ്മുടെ ഭാരതത്തിന്‌ അതിന്‌ കഴിയില്ലേ? കോടിക്കണക്കിന്‌ രൂപയുടെ വിദേശനാണ്യം നേടിത്തന്ന്‌ രാജ്യത്തെ സമ്പത്‌ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പാവം ഗള്‍ഫ്‌ പ്രവാസിക്ക്‌ വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ നമ്മുടെ പ്രിയപ്പെട്ട ഭരണാധികാരികള്‍ക്ക്‌ കഴിയിയില്ലേ?

3 comments:

  1. എം എ യൂസുഫ് അലി സര്‍ എയര്‍ ഇന്ത്യയില്‍ നിന്ന് രാജി വെച്ചിരിക്കുന്നു . നമ്മുക്ക് പ്രതീക്ഷിക്കാം. ഒരു എയര്‍ കേരളയെ ....

    ReplyDelete
  2. പെരുന്നാളും ഓണവും ക്രിസ്ത്മസും ഒക്കെ വരുംബോൾ വർഷങ്ങളോളം കുടുംബങ്ങളേയും വിട്ടകന്ന പാവം പ്രവാസികൾ നാട്ടിൽ പോയി കുടൂംബത്തോടോപ്പം ഒന്നാ ആഘോഷിക്കണമെന്നു കരുതിയാൽ ഒന്നെങ്കിൽ ടിക്കറ്റിന്റെ വില പ്രവാസികൾക്ക് താങ്ങാൻ പറ്റാത്തതാകാം, അല്ലെങ്കിൽ എയർ ഇന്ത്യയുടെ സമരം, അതുമല്ലെങ്കിൽ ത്സമയത്തിൽ മാറ്റം, ഇതിനൊക്കെ ഒരു അറുതി വേണമെങ്കിൽ നമ്മുടെ എയർ കേരള വന്നേ പറ്റു, നന്നായി എഴുതി, അഭിനന്ദനം ഷാഫി ചാലിയം

    ReplyDelete

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?