(പബ്ലിഷ്‌ഡ് മംഗളം ഡൈലി 2012. ആഗസ്‌ത് 19)
മുസ്ലിംകളുടെ കാലഗണനാ സംമ്പ്രദായമായ 'ഹിജ്‌റ' കലണ്ടറിലെ ഒമ്പതാമത്തെ മാസത്തിന്റെ പേരാണ് റംസാന്‍. റംസാന്‍ എന്ന അറബി പദത്തിന് ദഹിപ്പിച്ച് കളയുന്നത് എന്നാണര്‍ത്ഥം. സകല പാപങ്ങളെയും ദഹിപ്പിച്ച് കളയുന്നത് എന്ന താല്‍പ്പര്യത്തിലാണ് ഈ പ്രയോഗം. ഒരു മാസക്കാലം വ്രമനുഷ്‌ഠിക്കല്‍ നിര്‍ബന്ധമായ മാസമാണിത്. സുകൃതികള്‍ക്ക് സത്‌കര്‍മങ്ങള്‍ അധികരിപ്പിച്ച് ദൈവസാമീപ്യം നേടുവാനും പാപികള്‍ക്ക് ഖേദിച്ച് മടങ്ങി അള്ളാഹുവിന്റെ മാപ്പ് നേടുവാനും ഉള്ള കാലം. ഭക്തിയും വിശ്വാസവും ധാര്‍മികതയും തെഴുപ്പിക്കുവാനുമുള്ള സമയം. സത്‌കര്‍മ്മങ്ങള്‍ക്ക് എത്രയോ ഇരട്ടി പുണ്യവും പാപങ്ങള്‍ക്ക് ഉദാരമായി മാപ്പ് ലഭിക്കുന്ന അപൂര്‍വ്വമായ അവസരം. മതപ്രബോധനം നടത്തിയതിന്റെ പേരില്‍ നബി(സ)യേയും സഹാബിമാരേയും മക്കയില്‍ നിന്ന് ഓടിച്ച ശത്രുക്കള്‍ക്കെതിരെ നബി(സ)യും സംഘവും ആദ്യത്തെ ചെറുത്ത് നില്‍പ്പ് നടത്തിയ മാസം. ബദ്‌ര്‍ താഴ്‌വരയില്‍ വെച്ച് അവര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന ബദ്‌ര്‍ യുദ്ധം. നബി(സ)യും സഹാബാക്കളും ഐതിഹാസികമായ വിജയം നേടിയ പ്രസ്‌തുതയുദ്ധം നടന്നത് റംസാന്‍ 17 ന് ആയിരുന്നു. പുണ്യമേറിയ ആ വിശുദ്ധ യുദ്ധത്തിന്റെ ഓര്‍മ്മ റംസാന്‍ മാസത്തിന് പുണ്യം വര്‍ദ്ധിപ്പിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പ്രത്യേകതയും ഈ അനുഗ്രഹീത മാസത്തിനുണ്ട്.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ ഒരു രാത്രി ഉണ്ട് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (97:3). ആ രാത്രിയില്‍ അര്‍ത്ഥിക്കപ്പെടുന്നതെന്തും അള്ളാഹുവിങ്കല്‍ നിന്നും ലഭിക്കും എന്നാണ് മുസ്ലിംകളുടെ വിശ്വാസം. മനുഷ്യന്റെ ആയുസ്സ,് പരലോക ക്ഷേമം, ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയിലെല്ലാം നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന് കരുതപ്പെടുന്ന ഈ രാത്രി �ലൈലത്തുല്‍ ഖദ്‌ര്‍� (വിധിയുടെ രാവ്) എന്നറിയപ്പെടുന്നു. ആ അനര്‍ഘ രാത്രിയെയാണ് സത്യവിശ്വാസികള്‍ കാത്ത് നില്‍ക്കുന്നത്. മലക്കുകളും ആത്മാക്കളും ആ രാവില്‍ ഭൂമിയിലേക്ക് ഇറങ്ങി വരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (97:4). ദൈവ കാരുണ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുമെന്ന് പറയപ്പെടുന്ന ആ പ്രത്യേക രാവ് ഏത് ദിവസമാണെന്ന് വെളിവാക്കപ്പെട്ടിട്ടില്ല. പ്രസ്‌തുത രാത്രി റംസാന്‍ മാസത്തിന്റെ ഒടുവിലാണെന്ന് പണ്‌ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരുണ്യ നിധിയായ അള്ളാഹുവിന്റെ മുമ്പില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ കൈ നീട്ടാനുള്ള ആ അനുഗ്രഹീത രാത്രി സംബന്ധിച്ച ആകാംക്ഷ റംസാന്‍ മാസത്തിന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
റംസാന്‍ മാസത്തെ മൂന്ന് പത്തുകളായി വിഭജിച്ചാണ് മുസ്ലിംകള്‍ സങ്കല്‍പ്പിക്കുന്നത്. മുപ്പത് ദിവസത്തെ മൂന്നായി പകുത്തത് തന്നെയാണ് മൂന്ന് പത്ത്. സല്‍ക്കാരത്തിന് ക്ഷണിക്കലും, പോകലുമൊക്കെ സാധാരണമായി ആദ്യത്തെ പത്തില്‍ കഴിയും. നടുവിലത്തെ പത്തില്‍ ആരാധനക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. ഒടുവിലത്തെ പത്ത് ആരാധനക്ക് മാത്രമുള്ളതാണ്. നേരത്തെ സൂചിപ്പിച്ച �ലൈലത്തുല്‍ ഖദ്‌ര്‍� ഒടുവിലത്തെ പത്തിലാണെന്ന് മിക്ക പണ്‌ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ കാലത്തുമുള്ള നിര്‍ബന്ധ നമസ്‌കാരം കൂടാതെ റംസാനില്‍ �തറാവീഹ്� എന്ന പേരില്‍ അറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ ഒരു നമസ്‌കാരം കൂടി പതിവുണ്ട്. ഇതൊരു സുന്നത്തായ ആരാധനയാണെങ്കിലും സത്യവിശ്വാസിയെ സംബന്ധിച്ചെടത്തോളം �തറാവീഹും� കൂടി ചേരുമ്പോഴെ അവന്റെ വ്രതം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. റംസാന്റെ മഹത്ത്വങ്ങളിലൊന്ന് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാകാന്‍ തുടങ്ങിയ മാസം എന്നതാണല്ലോ. അത് കൊണ്ട് തന്നെ ഈ പുണ്യ ദിവസങ്ങളില്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു ഇബാദത്താണ് (ആരാധനയാണ്). വിശുദ്ധ ഖുര്‍ആന്റെ മുപ്പത് ജൂസുകളും (അധ്യായങ്ങള്‍) വഴിക്ക് വഴി ഓതിത്തീര്‍ക്കുന്ന ഈ സമ്പ്രദായത്തിന് �ഖത്തം തീര്‍ക്കല്‍� എന്നാണ് പറയുക. റംസാന്റെ ആദ്യ ഘട്ടത്തില്‍ �ഇഅ്‌തികാഫ്� ഇരിക്കുക പ്രവാചകന്റേയും സഹാബികളുടേയും പതിവായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് മാത്രം പള്ളികളില്‍ നിന്ന് പുറത്ത് വരികയും അല്ലാത്ത നേരം മുഴുവനും പ്രാര്‍ത്ഥനാനിരതമായി പള്ളിയില്‍ ധ്യാനമിരിക്കുകയും ചെയ്യുന്ന ഒരു ആരാധനാ ക്രമമാണ് �ഇഅ്‌തികാഫ്�. െഎഹിക പ്രശ്‌നങ്ങളെ പറ്റിയുള്ള ചിന്തയും, വര്‍ത്തമാനവും കഴിയുന്നത്ര കുറച്ച് ഭക്തിയില്‍ മുഴുകാനുള്ള അവസരമാണ് ഇഅ്‌തികാഫ് നല്‍കുന്നത്. ഈ ധ്യാനം ഏത് കാലത്തുമാവാം. എങ്കിലും റംസാന്‍ കാലത്ത് ഇതിന് പ്രത്യേക പ്രാധാന്യവുമുണ്ട്. ഇരുപത്തി ഏഴാം രാവ് ഭക്തി സാന്ദ്രമായ രാത്രിയാണ്. ഇരുപത്തി ആറാമത്തെ നോമ്പ് തുറന്ന് അന്ന് രാത്രിയാണ് ഇരുപത്തി ഏഴാം രാവ് എന്നറിയപ്പെടുന്നത്. �ലൈലത്തുല്‍ ഖദ്‌ര്‍� അന്നാണ് എന്ന് മുസ്ലിംകളില്‍ നല്ലൊരു ശതമാനം വിശ്വസിക്കുന്നു. ചിലര്‍ ഈ ദിവസം വിശുദ്ധ ഖുര്‍ആനിലെ �യാസീന്‍� അധ്യായം പാരായണം ചെയ്യും. മറ്റ് ചിലര്‍ ബന്ധുമിത്രാതികളുടെ ഖബറിടം സന്ദര്‍ശിക്കുവാനും മരിച്ച് പോയവരുടെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധ വെക്കുന്നു.
സക്കാത്ത് എല്ലാറ്റിന്റേയും ശുദ്ധീകരണമാണ്. ഒരാളുടെ ധനത്തില്‍ നിശ്ചിത തുകക്ക് മേല്‍ നീക്കിയിരിപ്പുള്ള എല്ലാറ്റിനും നിശ്ചിത ശതമാനം ദാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടുണ്ട്. ഈ നിര്‍ബന്ധ ദാനമാണ് സക്കാത്ത്. വിശുദ്ധ ഖുര്‍ആന്‍ സക്കാത്തിനെ കുറിച്ച് പറയുന്നു: �അവരെ സംസ്‌കരിക്കാനും ശുദ്ധീകരിക്കാനും അവരുടെ ധനത്തില്‍ നിന്നും സക്കാത്ത് പിരിച്ചെടുക്കുക� (സൂറ: തൗബ 9:10). സമൂഹത്തിന്റെ വിവിധ തലത്തിലുള്ള അവശന്‍മാര്‍ക്കുള്ള സഹായം എന്ന നിലയിലാണ് സക്കാത്ത് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് സമ്പന്നന്റെ ഔദാര്യമല്ല, മറിച്ച് ദരിദ്രന്റെ അവകാശമാണ്. ഒരു സമ്പന്നന്റെ ധനം ശുദ്ധീകരിക്കുന്നത് തന്നെ യഥാര്‍ത്ഥത്തില്‍ അവന്‍ കൊടുക്കുന്ന സക്കാത്തിലൂടെയാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. സക്കാത്ത് കൊടുക്കാത്ത മുതലില്‍ തീര്‍ച്ചയായും അന്യന്റെ അവകാശം ഇരിപ്പുണ്ട് എന്നാണ് വിശ്വാസം. ആഭരണങ്ങള്‍ക്കും, കാലികള്‍ക്കും, വിളകള്‍ക്കും എല്ലാം സക്കാത്ത് നല്‍കേണ്ടതുണ്ട്. സക്കാത്തിന്നായ് നോമ്പും നോറ്റ് സഞ്ചിയുമായി നമ്മുടെ സഹോദരിമാര്‍ സമ്പന്നരുടെ വീടുകളില്‍ കയറിയിറങ്ങുന്ന കാഴ്‌ചയാണ് ഇന്ന് കാണുന്നുള്ളത്. ഈ പതിവ് കണ്ട് ഇതര സമുദായങ്ങള്‍ പരിശുദ്ധ റംസാന്‍ ഒരു ഭിക്ഷാടന മാസമാണോ എന്ന് സംശയിച്ചിട്ടുണ്ട്. സക്കാത്ത് അര്‍ഹരുടെ വീടുകളില്‍ എത്തിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അത് അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. റസൂല്‍ തിരുമേനി (സ) സക്കാത്ത് ശേഖരിക്കുന്ന ചുമതല അബൂഹുറൈ റ (റ) വിനേയാണ് ഭാരമേല്‍പ്പിച്ചിരുന്നത്. സംഘടിതമായി സക്കാത്ത് സംഭരിച്ച് വീടുകളില്‍ എത്തിച്ച് കൊടുക്കുന്ന സമ്പ്രദായം സമുദായത്തില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്.
ഹിജ്‌റ കലണ്ടറില്‍ റംസാന്റെ തൊട്ടടുത്ത മാസമാണ് �ശവ്വാല്‍�. ശവ്വാല്‍ മാസപ്പിറവി ഉറപ്പിക്കുന്നതോടെ റംസാന്‍ അവസാനിക്കുന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കരുതെന്ന് നബി (സ) കല്‍പ്പിച്ചിരിക്കുന്നു. ഈ ലക്ഷ്യ പ്രാപ്‌തിക്ക് വേണ്ടിയാണ് �ഫിത്വര്‍ സക്കാത്ത്� നിര്‍ബന്ധമാക്കിയത്. ഇതൊരു നിര്‍ബന്ധ ധാന്യ ദാനമാണ്. നോമ്പുകാരന് ശുചീകരണവും, സാധുക്കള്‍ക്ക് ആഹാരവുമാണ് �ഫിത്വര്‍ സക്കാത്ത്�. പകലും രാത്രിയും ദൈവസ്‌തോത്രങ്ങള്‍ കൊണ്ട് സാന്ദ്രമാകുന്ന ഈ ഒരു മാസക്കാലയളവ് വിശ്വാസികള്‍ക്ക് പൂക്കാലമാണ്. തളിര്‍ക്കുകയും പൂക്കുകയും സദ്‌ഫലങ്ങള്‍ മാത്രമേകുകയും ചെയ്യുന്ന മുപ്പത് ദിനരാത്രങ്ങള്‍ ഈദുല്‍ ഫിത്വറിന്റെ തക്‌ബീര്‍ ധ്വനികള്‍ കേള്‍ക്കുന്നതോടെ അവസാനിക്കുന്നു. ചെറിയ പെരുന്നാള്‍ എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്ന ഈദുല്‍ ഫിത്വറിന് �ഫിത്വര്‍� എന്ന പേര് തന്നെ കിട്ടിയത് ഫിത്വര്‍ സക്കാത്തുമായി ബന്ധപ്പെട്ടാണ്. അങ്ങിനെ വ്രതാനുഷ്‌ഠാനത്തിന്റേയും, ആത്മനിയന്ത്രണചര്യകളുടേയും ദിവസങ്ങള്‍ തിന്നും കുടിച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ആഹ്ലാദിക്കുന്ന മുസ്ലിംകള്‍ ഈദുല്‍ ഫിത്വറില്‍ ചെന്ന് ചേരുന്നു.
ഈ ഒരു മാസക്കാലയളവിലെ ആത്മശുദ്ധീകരണത്തിലൂടെ മനസ്സും ശരീരവും സംസ്‌കരിച്ചെടുക്കുന്ന മുസല്‍മാന്‍മാര്‍ വ്രതം മുഴുവനായും പൂര്‍ത്തീകരിച്ച് ഇന്ന് ഈദ് ഗാഹിലേക്ക് പ്രവേശിക്കയാണ്. റംസാന്‍ വ്രതത്തിലൂടെ നേടിയ ആത്മസംസ്‌കരണം വിശുദ്ധി മാത്രം നിറഞ്ഞ ഒരു നവ്യജീവിതത്തിന് വഴിയൊരുക്കട്ടെയെന്ന് ആശംസിക്കാം. വലില്ലാ ലില്‍ഹംദ് �..
Good Article...
ReplyDelete