Wednesday 7 June 2017

നാൽക്കാലി ഇരുകാലി യുദ്ധം..... ക്ഷീണം ക്ഷീര മേഖലക്ക്.... ഷാഫി ചാലിയം

കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുതിയ നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ ചർച്ചകളും ന്യായീകരണങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണല്ലോ?  നോട്ട് വിഷയം പോലെ ബി.ജെ.പിയും കേന്ദ്ര സർക്കാരും വളരെ ബുദ്ധിപരമായി  എടുത്ത തീരുമാനമാണിതും. ഭുവനേശ്വറിൽ ചേർന്ന അവരുടെ പ്ലീനറി യോഗമാണ് ഇതിന് പച്ചക്കൊടി കാണിച്ചത്.

നോട്ട് വിഷയം സാധാരണക്കാരെ പ്രയാസപ്പെടുത്തിയ വിഷയമായിരുന്നുവെങ്കിലും ബി.ജെ.പ്പിക്കത് ഗുണമായി ഭവിക്കുന്ന വിചിത്ര കാഴ്ചയാണ് നമുക്ക് ഇടക്കാല തെരെഞ്ഞെടുപ്പുകളിലൂടെ കാണാൻ കഴിഞ്ഞത്. കാലി വിഷയത്തിലും അവസാനം ബി.ജെ.പിക്ക് തന്നെ മേൽക്കോയ്മ കിട്ടുന്നിടത്തേക്കാണ് കാര്യങ്ങൾ പോവുന്നത്. ചർച്ച ആഴ്ചകൾ  പിന്നിടുമ്പോൾ ആദ്യ ദിനത്തിൽ നിന്നും വിഭിന്നമായി ബി.ജെ.പി പ്രതിനിധികൾ കൂടുതൽ ന്യായീകരണ സമർത്ഥതയിലേക്ക് എത്തുന്നുവോ എന്ന് പലർക്കും തോന്നിപ്പോവുന്നു. ഇവിടെ ബി.ജെ.പി ഒരു വശത്തും തമ്മിൽ കണ്ടാൽ പുലഭ്യം വിളിച്ച് പറയുന്നവരെല്ലാം മറുഭാഗത്തും എന്ന കാഴ്ച തന്നെയാണ് ബി.ജെ.പിക്ക് നേരിയ മേൽക്കോയ്മ ഉണ്ടാക്കുന്നത്. പ്രതിരോധത്തിലെ വീഴ്ചയും അനൈക്യവും തത്വത്തിൽ ബി.ജെ.പിക്ക് പാർശ്വ ഗുണം കൂട്ടുന്നു.

ഭരണഘടനാ നിർമ്മാണ വേളയിൽ തന്നെ പശു ഒരു രാഷ്ട്രീയ വിഷയമായിട്ടുണ്ട്.  അതിന്റെ ഗതകാല ചരിത്രം മിനയുന്നില്ല. പാൽ ചുരത്തുന്ന പശുവിനെ ആഹാരമാക്കുന്നത്  "ശരിയുമല്ലാ - ആദായകരവുമല്ല"  എന്ന സങ്കൽപ്പത്തിൽ ഇന്ത്യയിൽ ഒത്തിരി സംസ്ഥാനങ്ങളിൽ ഗോവധ നിരോധനമുണ്ട്. മേലെ സൂചിപ്പിച്ച കാര്യ കാരണം കൊണ്ട് തന്നെ ഇതിനെയാരും എതിർക്കാനും പോയില്ല. എന്നാൽ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന പശുവിനെ തീറ്റിപ്പോറ്റാൻ പാവങ്ങളായ ക്ഷീര കർഷകന് സാധിക്കുകയില്ല എന്ന് മാത്രമല്ല പോറ്റിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ നിവൃത്തി കേടിന്റെ അവസ്ഥയിൽ മാത്രമാണ് പശു അറവ് ശാലയിലേക്ക് എത്തപെടുന്നത്. ഈ നിരോധിത സംസ്ഥാനങ്ങളിലെല്ലാം ഇത് നടന്ന് വന്നിരുന്നു. ഇപ്പോഴും നടക്കുണ്ടായിരിക്കാം. ചിലയിടങ്ങളിൽ ചിലർ അത് രാഷ്ട്രീയ വർഗ്ഗീയ ധ്രുവീകരണത്തിന് ഉപയോഗപ്പെടുന്ന വാർത്തകളും നാം കേട്ടിട്ടുണ്ട്. അത് തൽക്കാലം വിടുക....

കേരള ഹൗസിൽ ബീഫ് വിളമ്പി എന്നതിന്റെ പേരിൽ സംഘികൾ പ്രതിഷേധിച്ചതും ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതും,  പശുവിനെ വാങ്ങി വരുന്ന പാവം ക്ഷീര കർഷകനെ ക്രൂരമായി കൊന്നതും ഒക്കെ രാജ്യത്ത് വീണ്ടും ഗോവധം രാഷ്ട്രീയ വിഷയമായി കയറി വരാൻ ഇടയായി.. ഇവിടെയും ബി.ജെ.പി മാത്രം ഒരു വശത്തും ബാക്കിയെല്ലാവരും മറുപക്ഷത്തും നിലകൊണ്ടു. ഈ വിഷയത്തിന്റെ ആത്മാവ് കണ്ടെത്തി കാര്യങ്ങളെ നിഗൂഹനം ചെയ്യേണ്ടതിന് പകരം മുസ്ലിമിനെതിരെയുള്ള സംഘ് പരിവാർ നീക്കമായി അതിനെ പരിമിതപ്പെടുത്തുക വഴി മുസ്ലിം ഇതര ബി.ജെ.പി ഇതര വിഭാഗങ്ങളുടെ ശ്രദ്ധയോ പിന്തുണയോ വേണ്ടത്ര കിട്ടുകയുണ്ടായില്ല. രാജ്യത്തെ അനേകം മുസ്ലിം വിരുദ്ധ വിഷയങ്ങളിലൊന്നായി അത് മാറി. ഇതൊരു മുസ്ലിം വിരുദ്ധ വിഷയമാക്കി ചിത്രീകരിച്ച് അതിനെതിരെ ശക്തമായെന്ന പേരിൽ മുസ്ലിം പക്ഷ സമരം നയിച്ച് മുസ്ലിം പക്ഷത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ ശ്രമമായിരുന്നു സി.പി,ഐ.(എം) നടത്തിയത്. കേരളത്തിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ അവർക്കത് ഗുണം ചെയ്യുകയും ചെയ്തു.

സത്യത്തിൽ ഈ വിഷയത്തെ ഇങ്ങിനെയായിരുന്നുവോ സമീപിക്കേണ്ടതെന്ന് മാറിയ സാഹചര്യത്തിൽ ഇക്കൂട്ടർ പുനർചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ജന സംഖ്യയിൽ ഏകദേശം 30 % ത്തോളം മനുഷ്യർ നാൽക്കാലികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ് എന്നാണ് കണക്ക്. (Ref: Animal Protraction Ministry, Dairy Extension Ministry and Agriculture Ministry)  ഈ 30 % ത്തിൽ മുസ്ലിംകൾ 5 % പോലുമില്ല എന്നതാണ് യാഥാർഥ്യം.

താഴെ തട്ടിൽ ജീവിക്കുന്ന പാവപ്പെട്ട ഹൈന്ദവ ജനതയാണ് ഇതിലെ  വലിയ വിഭാഗം. കാലികളുടെ മേൽ കൊണ്ട് വരുന്ന ഏതൊരു നിയന്ത്രണവും ബാധിക്കുക ഈ സമൂഹത്തെയായിരിക്കും. ഈ യാഥാർഥ്യം എവിടെയും പറയാതെ യഥാർത്ഥ ഇരകളോട് ബോധ്യപ്പെടുത്താതെ ഇതൊരു മുസ്ലിം വിരുദ്ധ സാധനമാക്കി പരിമിതപ്പെടുത്തി എന്ന് മാത്രമല്ല രാഷ്ട്രീയമായി മുസ്ലിം വോട്ട് സമാഹരിക്കാൻ ദുരുപയോഗം നടത്തുകയും ചെയ്തു എന്ന കൊടും പാതകമാണ് സി.പി.എം ചെയ്തത്. ബി.ജെ.പി ആഗ്രഹിച്ചതും സത്യത്തിൽ അതായിരുന്നു. ഒരു ജനവിരുദ്ധ നീക്കത്തെ, ഹൈന്ദവ സമൂഹത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങളെ ദ്രോഹിക്കുന്ന ഒരു നീക്കത്തെ, അല്ലെങ്കിൽ ഒരു കർഷക വിരുദ്ധ നീക്കത്തെ കേവലം മുസ്ലിം വിരുദ്ധ നീക്കമായി പരിമിതപ്പെടുത്തി കൊടുത്തപ്പോൾ ബി.ജെ.പിക്കത് കൂടുതൽ ഗുണകരമായി ഭവിച്ചു. 

മുസ്ലിം വിരുദ്ധതക്ക് ആഗോള തലത്തിൽ ഇന്ന് ഒരിടമുണ്ട്. ആ ഇടം സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് ജനപ്രീതിയേറെയുള്ള ഹിലാരി ക്ലിന്റണെ പരാജയപ്പെടുത്തി റൊണാൾഡ്‌ ട്രംപിന് അമേരിക്കയിൽ വിജയിക്കാനായത്. മോദിയും ഇന്ത്യയിൽ പരീക്ഷിച്ചതും അത് തന്നെയാണ്. കൂടുതൽ മുസ്ലിം വിരുദ്ധ നീക്കങ്ങൾക്ക് ലോകത്തെന്ന പോലെ ഇന്ത്യയിലും ഇനിയും ഇടമുണ്ടെന്ന ചർച്ചയാണ് ഭുവനേശ്വറിൽ ബി.ജെ.പി ചർച്ച ചെയ്തത്.

ഗോവധ നിരോധനത്തിൽ ഏതെല്ലാം മൃഗങ്ങൾ ഉൾപ്പെടുന്നുവെന്നത് ഇന്ത്യയിൽ തർക്കിത വിഷയമാണ്. ഡൽഹിയിൽ പോത്തും കാളയും  ഗോ വർഗ്ഗത്തിൽ പെടില്ല എന്ന വാദക്കാരുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പോത്തും കാളയും ഗോ വർഗ്ഗത്തിൽ പെടുന്നുവെന്നും പറയുന്നുണ്ട്. ഇവിടെ ബി.ജെ.പിയോട് ബി.ജെ.പി ഇതര പാർട്ടികൾ ദേശീയ തലത്തിൽ ചോദിക്കേണ്ട കുറേ  ചോദ്യങ്ങളുണ്ട്.

1 . ഒരു പശു അതിന്റെ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്താൽ  പാവങ്ങളായ ക്ഷീര കർഷകൻ അതിനെ എന്ത് ചെയ്യണം? മരണം വരെ അതിനെ തീറ്റിപ്പോറ്റാൻ ഉള്ള ചിലവ് (മിനിമം ഒന്നിന് ദിവസേന 150 രൂപ വെച്ച്) ആര് നൽകും? അസുഖം വന്നോ വാർദ്ധക്യം ബാധിച്ചോ അത് മരണപ്പെട്ടാൽ ആര് അതിനെ മറവ് ചെയ്യും? സ്വന്തമായി ഭൂമിയില്ലാത്തവൻ എവിടെ മറവ് ചെയ്യും? രാജ്യത്ത് എവിടെയും പശുക്കൾക്ക് പൊതു ശ്‌മശാനം ഇല്ലെന്നത് പ്രത്യേകമായി ഓർക്കണം? ഇതിന്റെ ഭാരിച്ച ചെലവ് ആര് വഹിക്കും?

2. ഒരു പശു പ്രസവിച്ചത് കാള കിടാവിനെയാണെന്ന് സങ്കൽപ്പിക്കുക? ഗോ വർഗ്ഗ ലിസ്റ്റിൽ കാളയും ഉണ്ടെന്നാണല്ലോ ചില സംസ്ഥാന നിയമങ്ങളിൽ പറയുന്നത്. എങ്കിൽ ആ കാളയെ ശൈശവാവസ്ഥയിൽ തന്നെ എന്ത് ചെയ്യണം? അതിനെ വളർത്തിയിട്ട് എന്ത് കാര്യം? 
ആ ചിലവ് ആർ വഹിക്കും? അപ്പോൾ ഒരു മറു ന്യായം വന്നേക്കാം... 
കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം! കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കാർഷികാവശ്യങ്ങൾക്ക് നൽക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. എണ്ണയാട്ടുന്ന ചക്ക് ഇപ്പഴില്ല... നിലം ഉഴുതാൻ ട്രാക്ടർ ഉള്ളപ്പോൾ നൽക്കാലികളെ ഉപയോഗിക്കുന്നത് ചെലവേറിയതാണെന്ന് മാത്രമല്ല, നിലമുഴുന്നവർ ഈ തലമുറയിൽ ഇല്ല താനും. പിന്നെ കാള വണ്ടികൾക്ക് നമ്മുടെ റോഡുകളിൽ വിലക്കാണ് താനും. ഇത്തരം സാഹചര്യങ്ങൾ ഉള്ള സംഥാനങ്ങളിൽ ഈ പാവം ആൺ നാൽക്കാലികളെ കർഷകർ എന്ത് ചെയ്യണം?

3. ഇത്തരം സാഹചര്യങ്ങളിൽ ഇത്തരം പ്രയോജന രഹിതമാവുന്ന ഉരുക്കളെ തെരുവിൽ ഉപേക്ഷിക്കുകയല്ലാതെ കർഷകർക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല. അങ്ങിനെ തെരുവിലേക്ക് തള്ളി വിട്ടാൽ ഉണ്ടാകുന്ന ദുരന്തം എന്തായിരിക്കാം? 

നമുക്ക് കേരളീയ സാഹചര്യത്തിൽ ഒന്ന് വിലയിരുത്താം.

കേരളം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് തെരുവ് നായ ശല്യം. തെരുവ് നായയുടെ കടിയേക്കാത്ത ഒരു ദിവസം പോലും നാട്ടിലില്ല. എങ്ങിനെ ഇവിടെ തെരുവ് നായ ഉണ്ടായി? ഉദ്ദേശം 25 വർഷങ്ങൾക്ക് മുമ്പ് ഇതേ നായകൾ ഇവിടെ ഉണ്ടായിരുന്നു. അന്ന് അവയുടെ പേര് തെരുവ് നായ എന്നല്ല. വളർത്ത് നായ എന്നായിരുന്നു. ഓരോ നായക്കും അന്ന് യജമാനന്മാർ ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട് ആധുനികവൽക്കരിക്കപ്പെട്ടപ്പോൾ മനുഷ്യനും ആധുനിക വൽക്കരിക്കപ്പെട്ടു..ദുരഭിമാനത്തിലേക്കും, തന്നിലേക്ക് ചുരുങ്ങിയ ജീവിതത്തിലേക്കും അടിപ്പെട്ട മനുഷ്യർ ഈ നന്ദിയുള്ള വളർത്ത് മൃഗത്തെ കല്ലെറിഞ്ഞു ആട്ടിപ്പായിച്ചു. എന്നിട്ട് അവന്റെ ആധുനിക സ്റ്റാറ്റസിന് പറ്റിയ വിദേശയിനം ബ്രോയിലർ ഇനങ്ങളെ കൊണ്ട് വന്നു. ക്ലബ്ബിലേക്ക് പോവുന്ന കൊച്ചമ്മമാർക്ക് ഒക്കത്തിരുത്തി കൊണ്ട് പോവാനുള്ള യോഗ്യത പഴയ നാടൻ നായകൾക്കുണ്ടായിരുന്നില്ല. അങ്ങിനെ ആ പാവങ്ങളുടെ സ്ഥാനം തെരുവ് ആയി മാറി. ഭക്ഷണം കിട്ടാതെ വലഞ്ഞ ഇവർ ഒട്ടിയ വയറുമായി ജീവിക്കാനാവാതെ സാവധാനം ഹിംസ്ര  ജന്തുക്കളായി മാറി. ആ അവസ്ഥാന്തരമാണ് നാം ഇന്ന് അതിജീവിക്കാനാവാതെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന തെരുവ് നായ എന്ന വില്ലൻ...

ആർ.എസ്.എസ് ആശയങ്ങൾ ഇവിടെ സാക്ഷാത്കരിക്കാൻ പോവുകയാണെങ്കിൽ ഇനി ആഗണത്തിലേക്ക് ഇതാ  പുതിയ വിരുന്നുകാർ കൂടി വരുന്നു. കാള , പോത്ത് എന്നിവയൊക്കെ... അംഗണ വാടിയിലേക്കും എൽ.കെ.ജി സ്‌കൂളിലേക്കും മദ്രസയിലേക്കും ഒക്കെ പോവുന്ന കുട്ടികൾക്ക് ഇനി തെരുവ് നായ ഭീഷണി മാത്രമല്ല ഉണ്ടാവുക. വിശന്ന് പൊരിഞ്ഞ ഒരു കാളയുടെ മുന്നിൽ പെട്ടാലുള്ള ഗതി പെട്ടവരോട് ഒന്ന് ചോദിച്ച് മനസ്സിലാകുക. തന്റെ മുന്നിലുള്ള കുട്ടി ബി.ജെ.പി ക്കാരന്റെയോ കോൺഗ്രസുകാരന്റെയോ സി.പി.എമ്മു കാരന്റെയോ ആണെന്ന് മനസ്സിലാക്കാൻ കാളക്ക് കഴിയില്ലെന്നത് അന്തിച്ഛർച്ചയിൽ പോയി അലറുന്നവർ   ഓർക്കുന്നത് നന്ന്. സൂചിപ്പിച്ചത് വീണ്ടും ആവർത്തിക്കുന്നു. ഇതൊരു മുസ്ലിം വിഷയമല്ല, മറിച്ച് ഗൗരവമേറിയ ഒരു പൊതു വിഷയമാണ്. അതിനെ ഈ തലത്തിൽ കാണാതെ മുസ്ലിം വിരുദ്ധ വോട്ടിനായി ബി.ജെ.പിയും, മുസ്ലിം അനുകൂല വോട്ടിനായി സി.പി.എമ്മും ഉപയോഗപ്പെടുത്തി എന്ന് സാരം.

ഇപ്പോഴിതാ വീണ്ടും ബി.ജെ.പി അടുത്ത കളി തുടങ്ങിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട്  ഒരു  പുതിയ നോട്ടിഫിക്കേഷൻ ഇറക്കി അടുത്ത ധ്രുവീകരണത്തിന് തുടക്കമിട്ടിരിക്കുന്നു. നേന്ത്രപഴം കൊണ്ട് കഴുത്തറുക്കുന്ന മറ്റൊരു സർജിക്കൽ അറ്റാക്. കാലിച്ചന്തകൾ കാർഷികാവശ്യങ്ങൾക്കുള്ള ഉരുക്കളുടെ കൈമാറ്റത്തിന് മാത്രമേ ഉപയോഗിക്കാവൂ. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് ഈ പരിഷ്‌കാരം. ഭക്ഷണത്തിന് അസുഖമില്ലാത്ത കാലികളെ എത്തിക്കുകയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ചന്തകൾ ഒഴികെയുള്ളയിടത്ത് പോയി അറവ് മാടുകളെ വാങ്ങുന്നതിന് നിരോധനമില്ല. ബി.ജെ.പിക്കാരന്റെ ഭാഷയിൽ തികച്ചും മൃദുലമായ ജന്തു സ്നേഹത്തിൽ അധിഷ്ഠി തമായ പരിഷ്‌കാരം.

ഈ നിയമത്തോടുള്ള ബി.ജെ.പി വിരുദ്ധരുടെ പ്രധാന പ്രതികരണവും എതിർവികാരം ഉണ്ടാക്കുന്ന പ്രതിഷേധ രീതിയും നോക്കാം.

1. എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുള്ള മനുഷ്യന്റെ ഭരണ ഘടനാപരമായ അവകാശത്തിന്റെ മേലുള്ള ലംഘനം. സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്നെടുക്കൽ.  റംസാൻ മാസത്തെ മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കം.ഇത് മുസ്ലിമിനെതിരെയുള്ള കടുത്ത നീക്കം.

ബി.ജെ.പി മറുപടി:  നിരോധിത വസ്തുക്കൾ കഴിക്കാനുള്ള അവകാശം ആർക്കുമില്ല. പണ്ട് മാനിനെയും കരിങ്കുരങ്ങിനേയും കാട്ടു കോഴിയേയും വേട്ടയാടി ഭക്ഷിക്കാമായിരുന്നു. ജവഹർ ലാൽ നെഹ്‌റുവാണ് അത് നിരോധിച്ചത്. അതെനിയെന്താ വിമർശിക്കാത്തത്? രാജ്യത്തെ 70 % ജനതയും മാംസ്യ ഭുക്കുകളാണ്. അതിൽ ഹിന്ദുക്കളും പെടും. പിന്നെയെങ്ങനെ മുസ്ലിംവിരുദ്ധമാവും? മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരുമ്പോൾ അവിടെ റംസാനും ദീപാവലിയും നോക്കേണ്ടതില്ല.

വെള്ളാപ്പള്ളി:   തനിക്ക് പറ്റിയ എന്തും കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന വാദം ശുദ്ധ വിവരക്കേട്. തന്റെ ഭക്ഷണ സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച് ആർക്കെങ്കിലും സ്വന്തമായി ചാരായം വാറ്റി കുടിക്കാവോ?

പ്രതിഷേധ രീതി:   എല്ലായിടത്തും ബീഫ് ഫെസ്റ്റ്. (എത്ര കാലം?) കുഞ്ഞിന് ചോറൂണിന് പകരം പോത്ത് വരട്ടിയത് കൊടുക്കുന്നു, അതിന്റെ പടം സാമൂഹിക മാധ്യമങ്ങളിൽ ഇട്ട് പ്രതിഷേധത്തിന്റെ അങ്ങേയറ്റത്തെ ക്രോധം പങ്ക് വെക്കുന്നു. പിന്നെ തെരുവിൽ (വാഹനത്തിലായാലും) കാളക്കുട്ടിയെ പരസ്യമായി അറുക്കുന്നു. ഇത് ടെലിവിഷനിൽ കാണിക്കാനായി അവരെ ക്ഷണിക്കുന്നു. ഇത് കാണുന്ന സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്ന മാനസിക പിരി മുറുക്കം വിവരണാതീതമാണ്. ഈ പ്രതിഷേധ രീതികളിൽ സംഘികൾ ആഹ്ലാദിക്കുന്നു. അവർക്ക് പിന്തുണ പതുക്കെ വർദ്ധിക്കുന്നു. ചർച്ച വഴിമാറുന്നു. ഇരകൾ പ്രതികളായി മാറുന്നു. മാറ്റപ്പെടുന്നു.

ഇങ്ങിനെ പോവുന്ന ചർച്ചകളും പ്രതിഷേധങ്ങളും അസഹ്യവും പ്രയോജനരഹിതവും വെറും അധര വ്യായാമവുമാണെന്നാല്ലാതെന്ത് പറയാൻ? 

ഇവിടെ മുസ്ലിംലീഗ് നിലപാട് പക്വവും സുവ്യക്തവും ആണ്. ഗോ സംരക്ഷണത്തിന്റെ പേരിൽ നിരപരാധികളെ രാജ്യമാസകാലം കൊന്നൊടുക്കുമ്പോൾ യഥാർത്ഥ പശു സ്നേഹികളായ ക്ഷീര കർഷകരെ സംരക്ഷിക്കുവാനും അവരുടെ ക്ഷേമത്തിനും അവകാശത്തിനുമായി നില കൊള്ളാനും തീരുമാനമെടുത്ത് മുന്നോട്ട് വന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്. പാർട്ടി ദേശീയ  ജനറൽ സെക്രട്ടറിയും, സംസ്ഥാന ജനറൽ സെക്രട്ടറിയും വ്യക്തമായി പറഞ്ഞു. "ഇത് രാജ്യത്തെ തൊഴിൽ സാമ്പത്തിക മേഖലയെ കീഴ്മേൽ മറിക്കും, പൊതു ദുരന്തമാണിത്.പാർട്ടി ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും". ഈ പോരാട്ടമാണ് രാജ്യത്തിന് ആവശ്യം. ഈ വഴിക്ക് വരാൻ ആരൊക്കെ എന്നാണ് ചോദ്യം. ഇതിലെ ശുഭ നീക്കമാണ് കഴിഞ്ഞ ദിവസത്തെ മദിരാശി ഹൈക്കോടതിയുടെ മധുരൈ ബഞ്ചിന്റെ  വിധി.

ഇവിടെ ഉയർത്തേണ്ട ചോദ്യങ്ങൾ ഇവയാണ്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് ഈ പരിഷ്കാരമെങ്കിൽ നിലവിലുള്ള നിയമങ്ങൾക്ക് എന്ത് ന്യൂനതയാണുള്ളത്? അത് വ്യക്തമാക്കാതെ ഇവിടെ തല തിരിഞ്ഞ് മൂക്ക് പിടിക്കുകയാണ്. യഥാർത്ഥത്തിൽ മൃഗങ്ങളോടുള്ള ക്രൂരത എന്തെല്ലാമാണ്? ഇതിൽ എന്തൊക്കെ ഈ നിയമം തടയുന്നുണ്ട്? പരിശോധിക്കാം..

1. മൂക്ക് കുത്തുന്നത്.
2 . വെറ്റിനറി ഡോക്ടർ വന്ന് ചെവിയിൽ ആയുധം കൊണ്ട് തുളയുണ്ടാക്കി കമ്മൽ പതിക്കുന്നത്. (ഇത് സർക്കാർ നടപടി)
3. വൃഷണം ഉടക്കുന്നത് .
4. കുളമ്പിൽ ലാട അടിക്കുന്നത്.
5. ഭാരം കയറ്റിയ വണ്ടി വലിക്കുന്നത്.
6. കിടാവ് കുടിക്കേണ്ട പാൽ കവർന്നെടുത്ത് മനുഷ്യൻ കുടിക്കുന്നത്.
7. എണ്ണയാട്ടുന്നതിനായി ഭാരം കയറ്റിയ ചക്ക് രാവിലെ മുതൽ വൈകും വരെ വൃത്താകൃതീയിൽ ചുമന്ന് വലിക്കുന്നത്.

ഇതൊക്കെ ക്രൂരതയല്ലേ? ഇതൊന്നും ഈ നിയമത്തിൽ ഇല്ലല്ലോ?

തന്റെ കുഞ്ഞിനായി ദൈവം തന്ന  പാൽ മനുഷ്യൻ കറന്നെടുത്ത് കൊണ്ട് പോവുന്നത് നിസ്സാഹതയോടെ നോക്കി നിൽക്കുന്ന ഗോ മാതാവിന്റെ വേദനയിൽ  ഒരു ഭക്തനും പരിഭവപ്പെട്ടതായി അറിവില്ല. ലോകത്തെ നിയമ വിധേയമായ മോഷണമാണ് (കുറ്റകൃത്യമാണ്) യഥാർത്ഥത്തിൽ പശു കറവ.  പൊരുത്തമില്ലാത്ത ഈ തൊണ്ടി മുതലാണ്   ഇഷ്ട മൂർത്തികളുടെ  പ്രതിഷ്ഠകളിൽ ചുരത്തുന്നത്. ഇത് യഥാർത്ഥ ദൈവ പ്രീതിക്ക് പാത്രീഭാവമാവുമോ എന്ന് ആരും ആലോചിട്ടുണ്ടാവില്ല.  ഇതൊന്നും ആരെയും പ്രകോപിപ്പിക്കാനായി എഴുതുന്നതല്ല. മറിച്ച് വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് വലിച്ചിഴക്കുമ്പോൾ തോന്നുന്ന മാന്യ സംശയങ്ങളാണെന്ന് മാത്രം. 

പിന്നെ, ഈ നിയമത്തിൽ പശു, കാള , പോത്ത്, ഒട്ടകം ഇവ മാത്രമേയുള്ളൂ. ആട്, കുതിര, പന്നി തുടങ്ങിയവ എന്ത് കൊണ്ട് ഇല്ല? ഇവക്ക് നേരെ എന്ത് ക്രൂരതയും ആവാമോ? മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരുമ്പോൾ ഈ മൃഗങ്ങൾ എന്ത് കൊണ്ട് ഈ പരിധിയിൽ വരുന്നില്ല?

കാലിച്ചന്തയിൽ രേഖകൾ സഹിതം പോയി ഉരുവിനെ വാങ്ങാം. സത്യവാംഗ്മൂലത്തിൽ കൃഷി ആവശ്യത്തിനാണെന്ന് എഴുതികൊടുക്കണം. 6 മാസത്തേക്ക് വിൽക്കാനും പാടില്ല. അവിടെയുദിക്കുന്ന ചോദ്യങ്ങൾ.... വാങ്ങിയ ഉരു കാർഷികാവശ്യത്തിന് ഉപര്യുക്തമല്ല എന്ന് ബോധ്യമായാൽ എന്ത് ചെയ്യും പാവം കർഷകൻ? 6 മാസം വരെ കാത്തിരിക്കാനും അത് വരെയുള്ള ചെലവിന് വരുന്ന (ഉദ്ദേശം ഒരു ഉരുവിനാണെങ്കിൽ ദിവസം മിനിമം 150 രൂപ വെച്ച് 6 മാസത്തേക്ക് ...( 6 x 30 = 18000) ഏകദേശം ഉരുവിനെ വാങ്ങിയതിനേക്കാൾ വില.) ഈ തുക കർഷകന് ആര് നൽകും?

കാലി ചന്തകൾ കാർഷികാവശ്യത്തിന് മാത്രം എന്ന നിഷ്കർഷകത  ഇന്ത്യയിൽ  ഏത് നിയമത്തിലാണുള്ളത്. കാലികളെ വാങ്ങാനും വിൽക്കാനും പരസ്പരം വെച്ച് മാറാനും ആണ് ചന്തകൾ. അത് കാർഷികാവശ്യങ്ങൾക്കായി പരിമിതപ്പെടുത്തുന്നത് കാലികളോടോ കാർഷിക മേഖലയോടോ ഉള്ള താല്പര്യമല്ല എന്ന് സ്പഷ്ടം.കേരളം, ഗോവ പോലുള്ള ഒരു സംസ്ഥാനങ്ങളിൽ  കാർഷികാവശ്യങ്ങൾക്ക് നൽക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. ഈ സംസ്ഥാനങ്ങളിലെ കാലി ചന്തകളിൽ എന്ത് കച്ചവടമാണ് നടക്കുക?
ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന പതിനായിരങ്ങൾ എങ്ങിനെ ജീവിക്കും?

കാലികളുടെ അറവ് അവശിഷ്ടങ്ങൾ സംസ്കരിക്കപ്പെട്ട് എന്ത് മാത്രം ഉൽപന്നങ്ങൾ രാജ്യത്ത് ഉണ്ടാക്കുന്നുണ്ട്? ഫാർമ മേഘലയിലെ ജലാറ്റിൻ, വള നിർമ്മാണ മേഖലയിലെ എല്ല് പൊടി, തുകൽ ഉൽപന്നങ്ങൾ, ദൈവങ്ങളെ കൊട്ടിയുണർത്തുന്ന എടക്ക, ചെണ്ട, ആർ.എസ്.എസ് കാരുടെ ഡ്രില്ലിൽ ഉപയോഗിക്കുന്ന ബാൻഡ് അങ്ങിനെയെത്രയെത്ര. ഈ മേഖലയിൽ ജോലി ചെയ്യുന്ന അനേകായിരങ്ങൾക്ക് മുന്നിൽ ഇനി എന്ത് മാർഗ്ഗം? 

ബി.ജെ.പിക്കാരൻ അധികാരമേറ്റത് മുതൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലെല്ലാം മുസ്ലിം വിരുദ്ധതയുണ്ട്. ഈ നിയമവും അതിനൊരപവാദമല്ല. മതപരമായ ബലി ആവശ്യങ്ങൾക്കും എന്നൊരു പരാമർശം ഈ പരിഷ്കരണത്തിലുണ്ട്. നിലവിലുള്ള 1960 ലെ നിയമത്തിൽ മതപരമായ ബലി കർമ്മങ്ങൾക്ക് യാതൊരു വിലക്കുമില്ല. പുതിയ നിയമം ബലി മൃഗങ്ങളെ കാലി ചന്തയിൽ നിന്നും വാങ്ങുന്നത് മാത്രമാണോ വിലക്കിയതെന്നത് മദിരാശി ഹൈ കോടതിയുടെ മധുരൈ ബഞ്ചിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ സമർപ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലൂടെയേ അറിയാൻ ഒക്കൂ. ഇതൊക്കെ  എത്ര കണ്ട് ബാധിക്കും എന്നത് അനുഭവിച്ചറിയേണ്ടതാണ്. ഈ രാജ്യത്ത് അതിന് വിലക്കുണ്ടെങ്കിൽ,  അള്ളാഹു വലിയവനാണ്. അവൻ അതിന്റെ ആനുകൂല്യവും ഇളവും ഇന്ത്യൻ മുസ്ലിംകൾക്ക് നൽകിയേക്കും.  അതിന്റെ പ്രതിവിധി ഇത്തരം സാഹചര്യങ്ങളിൽ ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലുണ്ട്. 

മാംസാഹാരത്തിന് അമിത പ്രാധാന്യം ഇസ്‌ലാം കൊടുത്തിട്ടില്ല. പ്രവാചകൻ പോലും ആഘോഷ വേളകളിലും അഥിതി സൽക്കാരങ്ങളിലും ആണ് മാംസാഹാരം വിളമ്പാൻ ആഗ്രഹിച്ചിരുതെന്ന് ഹദീസുകളിലുണ്ട്. (മാംസാഹാരം പരിമിതമായി ഉപയോഗിക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ട്) പിന്നെ, വുളുഹിയത്,ഹഖീഖത് തുടങ്ങിയ കർമ്മങ്ങളുമായി ബന്ധപ്പെടുത്തിയാണ് മാംസാഹാരത്തെ ഇസ്ലാമുമായി കൂടുതൽ അടുപ്പിക്കുന്നത്. ഈ കർമ്മങ്ങളാവട്ടെ പരമാവധി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതാണും . എന്നാൽ ലോകത്തെ ഇതര മത സമൂഹങ്ങൾ നിത്യേന തന്നെ മാംസ്യത്തിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യയിലെ പ്രാചീന മതങ്ങളും ജാതികളും മതപരമായി തന്നെ മാംസ്യാഹാരം ഭുജിക്കുന്നവരാണെന്നതിന് വേദങ്ങളിൽ തന്നെ തെളിവുകളുണ്ട്. ഈ വിഷയത്തിൽ ഇത്തരം വാദ മുഖങ്ങൾ പോലും മത വൈര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കും. 

ഇന്ത്യയിലെ പ്രമുഖങ്ങളായ മാംസ കയറ്റുമതി സ്ഥാപനങ്ങളെല്ലാം ബി ജെ പി ബന്ധമുള്ള കുത്തകകളുടേതാണല്ലോ. അറബി നാ മമുള്ള എക്സ്പോർട്ട് സ് കമ്പനികൾ നടത്തുന്നത് ബി ജെ പി നേതാക്കളാണ്.
മുസ്ലിം ചുവയുള്ള ഇന്ത്യയിലെ പൗരാണിക നഗരങ്ങളുടെ പേരുകൾ ഓരോന്നായി മാറ്റി ഹൈന്ദവ നാമാവൽക്കരണം നടത്തുമ്പോൾ മാംസ്യ കയറ്റുമതിക്കാരായ സംഖി മാന്യന്മാർ അവരുടെ ഉൽപ്പന്നത്തിന് മുസ്ലിം - അറബി നാമങ്ങൾ ഇടുന്നതിന്റെ യുക്തി ഊഹ്യമാണ്. "അൽ" എന്നാരംഭിക്കുന്ന പേരുകൾ ഭീകര സംഘടനകളുടെ തുടക്ക നാമമായി  ലോകത്ത് പ്രചരിപ്പിക്കപ്പെടുമ്പോൾ അതേ തുടക്കനാമമാണ് ഇക്കൂട്ടരും തെരെഞ്ഞെടുത്തത് എന്നോർക്കുമ്പോൾ മൊത്തം തന്നെ  "അൽ" എന്ന് തുടങ്ങുന്ന എല്ലാ കടലാസ് ഇന്റർനറ്റ് സംഘടനകളുടേയും ആഗോള കുടിക്കടം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

 അൽ - കബീർ എക്സ്പോർട്സ് ഉടമ സതീഷ് സബർവാളിന്  650 കോടിയുടെ വ്യാപാരം നടത്തുന്ന ബീഫ് കയറ്റുമതി കമ്പനിയാണുള്ളത്  തെലുങ്കാനയിൽ 400 ഏക്കറിലധികം വിസ്തൃതിയുള്ള അറവു ശാലയുണ്ട് സതീഷ് സബർവാളിന്. അൽ - ആനം അഗ്രോ ഫുഡ്സ് ഉടമ സാക്ഷാൽ സംഗീത് സോം. ബി ജെ പി എം.എൽ എ .മുസഫർനഗർ കലാപത്തിന്റെ ആസൂത്രകൻ . ബി ജെ പി ഗോവധ കാമ്പയിന്റ ചാമ്പ്യൻ! ഹലാൽ എക്സ്പോർട്സ് കമ്പനിയും അൽ - ദുവാ ഫുഡ്സും സോമിനേറെത് തന്നെ !! അൽ - നൂർ എക്സ്പോട്ടേഴ്സ് ഉടമ സൂദും ഭാര്യ പ്രിയാ സൂദും. എ.ഒ.പി എക്സ് പോർടേഴ്സ് ഉടമ ഒ.പി അറോറയാണ്. സ്റ്റാൻഡേർഡ് ഫ്രോ സൺ ഫുഡ്സ് ഉടമ കമൽ വർമ്മയാണ്. അങ്ങിനെ പോവുന്നു നീണ്ട നിര.

കന്നുകാലി വ്യാപാര നിരോധനത്തിന് പിറകിലെ കോർപറേറ്റ് മൂലധന താൽപ്പര്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് സംഘപരിവാർ അജണ്ടയുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാവുക. കോടിക്കണക്കിന്  ഇന്ത്യക്കാരുടെ ഉപജീവനമാണ് കാലി വളർത്തും കാലി കൈമാറ്റവും. ഇവ നിയന്ത്രിക്കുക വഴി ഈ മേഖലയിലുള്ളവർ ഇവ കൈയൊഴിയാൻ നിർബന്ധിതരാകും. പാലും, ഇറച്ചിയും, ചാണകവും കന്നുകാലി വളർത്തുന്നവരുടെ വരുമാന സാധ്യതയാണ്. വിവിധോദ്ദേശ്യങ്ങൾക്കായി കർഷകർക്ക് അവയെ വിൽക്കേണ്ടി വരും. ആ അവകാശമാണ് ഇവിടെ നിയന്ത്രിക്കപ്പെടുന്നത്. അത് വഴി കന്നുകാലി വ്യാപാരവും വ്യവസായവും കുത്തകളിലേക്ക് കേന്ദ്രീകരിക്കപ്പെടും.മുകളിൽ പരാമർശിച്ച  ഈ കുത്തകകൾ എല്ലാം തന്നെ ബി.ജെ.പിയോട് ഒട്ടി നിൽക്കുന്നവരാണ്താനും. 

ഈ പരിഷ്കാര്യങ്ങളൊക്കെ വലിഞ്ഞ് മുറുക്കുന്നത് യഥാർത്ഥത്തിൽ പാവപ്പെട്ട ക്ഷീര കർഷകനെയാണ്. ഈ മേഖലയിൽ ഈ വർഗ്ഗം അനുഭവിക്കുന്ന കെടുതികളിലേക്ക്  ഒരു ഗോ സ്നേഹിയും ഇത് വരെ എത്തി നോക്കിയിട്ടേയില്ല. അമ്മയാണെന്നൊക്കെ ടെലിവിഷൻ ചർച്ചയിൽ തട്ടി വിടുകയല്ലാതെ ഇന്ന് വരെ ഒരു പശുവിന് ഒരു പിടി പുല്ലോ വൈക്കോലോ കൊടുക്കാത്തവരാണ് ഈ മാന്യന്മാർ. ക്ഷീര മേഖലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങൾ പോലും വിവേചനപരമാണ്. ആൺ പെൺ തുല്യതക്ക് വേണ്ടി ആകാശവും ഭൂമിയും ഒന്നാക്കി നടക്കുന്നവർ പോലും നാൽക്കാലി കിടാവുകളിൽ തുല്യത കാണിക്കുന്നില്ല. പ്രസവിച്ചത് പശു കിടാവാണെങ്കിൽ കിടാരി സ്‌കീമിൽ കാലിത്തീറ്റ സബ്സിഡിയിൽ നൽകുന്നു. കാള (മൂരി) കുട്ടിയാണെങ്കിൽ അതിന് ഇത് ലഭ്യമല്ല. ആണാണെങ്കിൽ ആരെങ്കിലും കശാപ്പ് ചെയ്‌തോട്ടെ അല്ലെങ്കിൽ പട്ടിണി കിടന്ന് ചാത്തോട്ടെ എന്നാണ് ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റേയും 29 സംസ്ഥാനങ്ങളിലേയും നിയമം. ഈ അന്തി ചർച്ചക്കിരിക്കുന്ന ഒരു വിദ്വാനും ഇക്കാര്യങ്ങൾ പഠിക്കാൻ മെനക്കെടുന്നില്ല. കാലിത്തീററക്ക് വർഷത്തിൽ 10 തവണയെങ്കിലും സർക്കാരും സ്വകാര്യ കമ്പനികളും വില വർദ്ധിപ്പിക്കുന്നു. കാർഷിക മേഖല തളർച്ചയിലായതിനാൽ വൈക്കോൽ കിട്ടാനില്ല. കിട്ടുന്നതാകട്ടെ പൊള്ളുന്ന വിലക്കും. വേനൽ കാലയളവ് കൂടുതലായതിനാൽ നാട്ടിൽ പുല്ല് കിളിർക്കുന്നുമില്ല കുടി വെള്ളം കിട്ടാനുമില്ല. എന്നാൽ പാലിന്റെ വിലയോ? 10 വർഷത്തിനിടയിൽ 10 രൂപയുടെ വർദ്ധന പോലും ക്ഷീര കർഷകന് ലഭിച്ചിട്ടില്ല. ഒരു ബോട്ടിൽ വെള്ളത്തിന്റെ മൂല്യം പോലും പാലിന് തരാൻ ഒരു പശു സ്നേഹിയും തയ്യാറുമല്ല. സ്തോഭജനകവും ഭീതിജനകവുമായ അവസ്ഥയിലൂടെ ജീവിതം കഴിച്ച് കൂട്ടുന്ന യഥാർത്ഥ  പശു സ്നേഹികളായ രാജ്യത്തെ ക്ഷീര കർഷകന്റെ കണ്ണീര് കാണാത്ത അഭിനവ പശു - മൃഗ സ്നേഹികളെ ഒന്ന് വിചാരണ ചെയ്യാൻ ഒരു മാധ്യമ ലോകവും മുന്നോട്ട് വരുന്നില്ല. ചുരുക്കം പറഞ്ഞാൽ ഈ നിയമ കോലാഹലങ്ങളുടെ യഥാർത്ഥ ഇര ക്ഷീര കർഷകർ മാത്രമാണ്...

(ക്ഷീര കർഷകരെ സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി കൺവീനറായി നിയോഗിച്ച വ്യക്തിയാണ് ലേഖകൻ)

1 comment:

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?