Tuesday 6 August 2013

രക്ഷക്കെത്തിയവർക്കെതിരെ ഉതിർന്ന വെടിയുണ്ടകൾ, ബംഗാളിലെ ലഹള

പബ്ലിഷ്ഡ്  ബയ് ചന്ദ്രിക ഡെയിലി 30 ജൂലൈ 1992


കോണ്ഗ്രസ്സിന്റെ വർഗ്ഗീയ സംഘട്ടന മരുഭൂമിയിൽ സമുദായ സൗഹാർദ്ദത്തിന്റെ മരുപ്പച്ചയെന്ന് മുഖ്യമന്ത്രി ജ്യോതിബസു തന്നെ അവകാശപ്പെടാറുള്ള പശ്ചിമ ബംഗാളിന് തീരാകളങ്കമായി മാറിയ മുർഷിദാബാദിലെ മുസ്ലിംവിരുദ്ധ കലാപത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി കഴിഞ്ഞ ജൂണ്‍ ഇരുപത്തി നാല് കടന്ന് പോയി. വിഭജനത്തിന് ശേഷം പശ്ചിമ ബംഗാൾ കണ്ട ഏറ്റവും കടുത്ത വർഗ്ഗീയ ലഹളയായിരുന്നു നാല് വർഷം മുമ്പ് 1988 ജൂണ്‍ 24 നു മുർഷിദാബാദ് ജില്ലയിലെ ബെർഹാൻപൂരിൽ നടന്നത്.
വിശുദ്ധ കഅബയുടെ മാതൃകയിൽ 1717 -1725 കാലഘട്ടത്തിൽ ബംഗാൾ നവാബ് മുർഷിദ് കുലി ഖാൻ നിർമ്മിച്ച പള്ളിയാണ് ലാൽഗോല സബ് ഡിവിഷനിലെ ചരിത്ര പ്രസിദ്ധമായ " കത്റ മസ്ജിദ് ".ഈ മസ്ജിദ് പശ്ചിമ ബംഗാളിലെ അതിമനോഹരമായ കെട്ടിടങ്ങളിലൊന്നാണ്. 1897 ൽ ഒരു ഭൂകമ്പത്തെത്തുടർന്ന് സാരമായ കേട് പറ്റിയ പള്ളി നന്നാക്കാനും കൈകാര്യം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലേക്കാവശ്യമായ പണം അനുവദിക്കുന്നതിൽ സർക്കാർ നിസ്സംഗത പുലർത്തിയപ്പോൾ വഖഫ് ബോർഡിന് മസ്ജിദ് കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥ വന്നു. വഖഫ് ബോർഡിന് സർക്കാർ പണം അനുവദിക്കാത്തതിന്റെ കാരണമെന്തായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങളിൽ നിന്നും മനസ്സിലായി. " ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ " മസ്ജിദ് ഏറ്റെടുത്തതോടെ സർക്കാറിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള ദുഷ്ടലാക്ക് മുസ്ലിംകൾക്ക് മനസ്സിലായി.
ഇത്തരത്തിൽ വളഞ്ഞ വഴിയിലൂടെ  മുർഷിദാബാദ് ജില്ലയിൽ മാത്രം സർക്കാറും പുരാവസ്തു ഗവേഷണ വകുപ്പും ടൂറിസം ഡിപ്പാർട്ട്മെന്റും പതിനഞ്ചൊളം മുസ്ലിം പള്ളികൾ തന്ത്രപൂർവ്വം പിടിച്ചെടുത്തിരുന്നു. ഇങ്ങിനെ കൈവശപ്പെടുത്തിയ  കത്റ മസ്ജിദടക്കമുള്ള 15 ഓളം പള്ളികൾ മുസ്ലിംകൾക്ക് ആരാധന നടത്താൻ തുറന്ന് കൊടുക്കണമെന്ന് രൂപീകരിച്ച കാലം തൊട്ടേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പശ്ചിമ ബംഗാൾ ഘടകം സർക്കാരിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു. പക്വമായ നേതൃത്ത്വത്തിൻ കീഴിൽ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ സമാധാനപരമായി നിരവധി സമരങ്ങൾ മുസ്ലിം ലീഗ് സംസ്ഥാനത്ത് വർഷങ്ങളായി നടത്തിപ്പോന്നു. പക്ഷെ, അധികാരത്തിന്റെ മുഷ്ട്ടി ഉപയോഗിച്ച് സർക്കാർ പ്രസ്തുത സമരങ്ങളെ വർഷങ്ങളായി അടിച്ചമർത്തിപ്പോരുകയായിരുന്നു. സമരങ്ങളുടെ നേരെ സർക്കാർ  ഉപയോഗിച്ച അടിച്ചമർത്തൽ നയം മുസ്ലിംകളെ കൂടുതൽ രോഷാകുലരാക്കി. കത്റ മസ്ജിദ് സ്ഥിതി ചെയ്യുന്ന മുർഷിദാബാദ് ജില്ലയിലെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി 1988 ജൂണ്‍ 24 ന് വെള്ളിയാഴ്ച കത്റ മസ്ജിദിലേക്ക് ജുമുഅ പ്രാർത്ഥനയ്ക്കായി മാർച്ച് നടത്താൻ തീരുമാനിച്ചു. സംസ്ഥാന കമ്മറ്റി ലഘുലേഖകൾ അച്ചടിച്ച്‌ വിതരണം ചെയ്തു കൊണ്ട് ഇത്തരത്തിലുള്ള ഒരു സമരത്തിന് മുസ്ലിംകളെ പ്രേരിപ്പിക്കുന്ന വികാരം ജനങ്ങളെ അറിയിച്ചു.പ്രസ്തുത ലഘുലേഖയുടെ തലവാചകം ഇങ്ങിനെയായിരുന്നു. " ഈ സമരം സർക്കാരിനോട് മാത്രമാണ് " ഇങ്ങിനെയൊരു തലവാചകം എഴുതിചേർത്തത് തന്നെ വ്യക്തമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.മത നിരാശത്തിന്റെ ജഡാവസ്ഥയിലൂന്നിയ സർക്കാറും, മത നിഷേധികളും വൈരികളുമായ കമ്മ്യൂണിസ്റ്റുകളും ഒരു പക്ഷെ ഈ സമരം ഹിന്ദുക്കൾക്കെതിരെയുള്ളതാണ് എന്ന് പ്രചരണം നടത്തിയേക്കാം. ഇത് മുൻകൂട്ടി കണ്ടു കൊണ്ടാണ് ലഘുലേഖകൾ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയത്. മാർച്ച് നടത്തുന്നതിന്റെ ഒന്നര മാസം മുമ്പ് തന്നെ ലഘുലേഖകൾ വിതരണം നടത്തി. ലീഗിന്റെ മാർച്ച് ആഹ്വാനം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിമർശനങ്ങളും കോലാഹലങ്ങളും ഉണ്ടാക്കി. ലീഗ് മാർച്ച്  ആഴ്ചകളോളം ബംഗാളി പത്രങ്ങൾക്ക് ചർച്ചാ വിഷയമായിരുന്നു. ഗവണ്‍മെന്റും മഞ്ഞ പത്രങ്ങളും ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുയർത്തി വിട്ടു. പക്ഷെ, മുസ്ലിം ലീഗ് ആരോപണങ്ങളെയെല്ലാം സന്തോഷകരമായ ഒരു സാഹസികമാക്കി കണക്കിലെടുത്ത് ഖണ്ഡിച്ചു.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ കൈവശമുള്ള രാജ്യത്തെ നിരവധി ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മധുര മീനാക്ഷി ക്ഷേത്രം, ഡൽഹി ജുമാ മസ്ജിദ് തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള മറ്റൊരു ചരിത്ര സ്മാരകമായ സഫ്ദർജംഗ്  മുസ്ലിം പള്ളി പോലും ആരാധനക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. ആർ.എസ്സ്.എസ്സിന്റെ സർസംഘ് കാര്യവാഹ് ആയ ശ്രീ. എച്ച്.വി. ശേഷാദ്രി  പ്രസിദ്ധമായ RSS- VISION IN ACTON  എന്ന  പുസ്തകത്തിലെ Educating and ennobling the young minds   എന്ന അധ്യായത്തിൽപറയുന്നത് നോക്കുക: "മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തെ തളി ക്ഷേത്രം 1967 - ൽ സർക്കാർ ഉത്തരവ് പ്രകാരം പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുത്തതായിരുന്നു. എന്നാൽ കെ.കേളപ്പന്റെ നേതൃത്ത്വത്തിൽ ആർ.എസ്.എസ്സുകാർ നടത്തിയ പ്രക്ഷോഭം മൂലം പുരാവസ്തു ഗവേഷണ വകുപ്പ് ക്ഷേത്രം വിശ്വാസികൾക്ക് തന്നെ വിട്ട് കൊടുക്കുകയുണ്ടായി {പേജ് 274} അതേ പുസ്തകത്തിൽ അതേ അധ്യായത്തിൽ തന്നെ മറ്റൊരിടത്ത് പറയുന്നു. "വെല്ലൂർ കോട്ട ബ്രിട്ടീഷ്‌ ഭരണകാലത്ത് പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുക്കുകയുണ്ടായി.. 1981 ജനുവരി 4 ന് ഹിന്ദു മുന്നണി യോഗം വിളിച്ച് ചേർക്കുന്നു. പ്രസിദ്ധമായ വെല്ലൂർ കോട്ടയിൽ ശിവലിംഗം കൊണ്ട് പോയി പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. 1981 മാർച്ച് 18 - ന് എട്ടടി ഉയരമുള്ള ശിവലിംഗം സാത്തുവച്ചേരിയിൽ നിന്നും ഏഴുന്നള്ളിച്ച് കോട്ടയിൽ കൊണ്ട് പോയി പ്രതിഷ്ഠിച്ചു. ഇന്നത്‌ ക്ഷേത്രമായി ഉപയോഗിച്ച് പോരുന്നു." {പേജ് 271} ഇത് പോലുള്ള ഉദാഹരണങ്ങൾ നിരവധിയുണ്ട്.

No comments:

Post a Comment

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?