Monday 13 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....2

ബീഹാര്‍: നേതൃത്വം കരുതലോടെ. 
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.13 1313 തിങ്കള്‍)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌..... 

പതിനാലര ശതമാനത്തോളം മുസ്ലിംവോട്ടുകളുള്ള ബീഹാര്‍ ഇന്ത്യയിലെ പ്രശ്‌നസംസ്ഥാനങ്ങളിലൊന്നാണ്‌. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ വ്യാപകമായി ബൂത്ത്‌ കൈയ്യേറ്റങ്ങളും മറ്റ്‌ അക്രമ സംഭവങ്ങളും ബീഹാറില്‍ സര്‍വ്വസാധാരണമാണ്‌. മുസ്ലിംരക്തം ചാലിട്ടൊഴുകിയ ഭഗല്‍പൂര്‍ (ഒക്‌ടോബര്‍ 25. 1989), ജിഹാരിയ (ഒക്‌ടോബര്‍ 16. 1989), ഡര്‍ഭന്‍ഗ (ആഗസ്‌ത്‌ 13. 1989), എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബീഹാറില്‍ വര്‍ഗ്ഗീയ വാദികളുടെ വാളാല്‍ ഒരു ദിവസം ഒരു മുസല്‍മാന്‍ വീതമെങ്കിലും കൊല്ലപ്പെടുന്നുണ്ട്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്‌ വേരൂന്നാന്‍ വേണ്ടി ശ്രമിക്കുന്ന ഈ സംസ്‌ഥാനത്ത്‌ പരസ്യമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പോലും ഭരണാധികാരികളും വര്‍ഗ്ഗീയവാദികളും സമ്മതിക്കാറില്ല. ജാഥ നടത്തുന്നതിന്‌ പോലും മുസ്ലിംലീഗിന്‌ അവിടെ വിലക്ക്‌ കല്‍പ്പിച്ചിരിക്കയാണ്‌.


സംസ്ഥാനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ പ്രത്യേകിച്ചും കിഴക്കന്‍ മേഖലകളില്‍ മുസ്ലിംലീഗിന്‌ യൂണിറ്റുകളുണ്ടാക്കാന്‍ ഒരുമ്പെട്ടുവെന്നതിന്റെ പേരില്‍ പോലീസ്‌ അവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ കള്ളക്കേസുകള്‍ ചുമത്തി അടിച്ചമര്‍ത്തുകയുണ്ടായി. ഒട്ടേറെ ത്യാഗങ്ങളും കഷ്‌ടപ്പാടുകളും സഹിച്ചാണ്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ നീക്കുന്നത്‌. മുസ്ലിംവോട്ടുകളെ പരമാവധി ഭിന്നിപ്പിച്ച്‌ നിര്‍ത്തിയാണ്‌ നിയോജകമണ്‌ഡലങ്ങള്‍ക്ക്‌ രൂപം കൊടുത്തത്‌.



കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ശക്തി തെരെഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌വന്നപ്പോള്‍ ഏവര്‍ക്കും മനസ്സിലായി. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പില്‍ മുസ്ലിംവോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പല നിയോജകമണ്‌ഡലങ്ങളിലും മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ മുസ്ലിംലീഗിന്റെ ശക്തി മണ്‌ഡലമെന്നറിയപ്പെടുന്ന 'രാജ്‌മഹല്‍' സീറ്റ്‌ മുസ്ലിംലീഗിനെ ഒതുക്കാന്‍ വേണ്ടിയായിരുന്നു പെട്ടെന്ന്‌ സംവരണസീറ്റാക്കി പ്രഖ്യാപിച്ചത്‌. എന്നാല്‍ ഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും മുസ്ലിംലീഗിനെ നാമാവശേഷമാക്കാന്‍ സാധിക്കില്ലെന്ന്‌ തെരെഞ്ഞെടുപ്പിലൂടെ മധുരമായി മനസ്സിലാക്കിക്കൊടുത്തു. മുസ്ലിംലീഗ്‌ ശ്രീ. ജയ്‌കുമാര്‍ടുഡുവെന്ന ദളിതനെ പോര്‍ക്കളത്തിലിറക്കി ദേശീയമുന്നണി-ഇടത്‌പക്ഷ-ബി.ജെ.പി സഖ്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ്‌ നടത്തി. ദേശീയമുന്നണി-ഇടത്‌പക്ഷ-ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ്‌ മത്സരിച്ച ശ്രീ. സൈമണ്‍മറാന്‍ദിയെന്ന ജാര്‍ക്കണ്‍ഡ്‌ മുക്തി മോര്‍ച്ചയുടെ നേതാവിനെതിരെ പൊരുതിയ ജയ്‌കുമാര്‍ടുഡു എന്ന മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി 98, 917 വോട്ടുകള്‍ ഒറ്റക്ക്‌ മത്സരിച്ച്‌ നേടി കോണ്‍ഗ്രസ്സ്‌ - ബഹുജന്‍ സമാജ്‌ പാര്‍ട്ടി എന്നീ കക്ഷികളെ യഥാക്രമം മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കും മാറ്റിക്കൊണ്ട്‌ അത്ഭുതം സൃഷ്‌ടിച്ചു.



അത്‌ പോലെത്തന്നെ 'പൂര്‍ണ്ണിയ' പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ നേരത്തെ പത്രിക നല്‍കിയിരുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന ജ.സെക്രട്ടറി അഡ്വ. ഇഖ്‌ബാലുസ്സഫര്‍ സാഹിബ്‌ മുസ്ലിംവോട്ട്‌ ഭിന്നിക്കാതിരിക്കാന്‍ വേണ്ടി അവസാന നാളില്‍ സ്ഥാനാര്‍ത്ഥിത്ത്വം പിന്‍വലിച്ച്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജ.തസ്ലിമുദ്ദീന്‌ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ലീഗ്‌ പിന്തുണച്ച തസ്ലിമുദ്ദീന്‍ 54,557 വോട്ടിനു തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി. തസ്ലിമുദ്ദീന്റെ വിജയിത്തിന്റെ പിന്നില്‍ മുസ്‌ിംലീഗായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തസ്ലിമുദ്ദീനടക്കമുള്ള എല്ലാവരും തുറന്ന്‌ സമ്മതിച്ചതാണ്‌. 



ഇപ്രാവശ്യം മത്സര രംഗത്ത്‌ മുസ്ലിംലീഗ്‌ സ്ഥാനാത്ഥികളുണ്ട്‌. മുസ്ലിംലീഗിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള രാജ്‌മഹല്‍, പാറ്റ്‌ന, ബീഹാര്‍ ശെറീഫ്‌, കാട്ടിഹാര്‍, പൂര്‍ണ്ണിയ, റാഞ്ചി, ഭഗല്‍പൂര്‍, ഗയ, ഡര്‍ഭന്‍ഗ, ഹസ്സാരിബാഗ്‌, അറാറിയ, കിഷന്‍ഗഞ്ച്‌ തുടങ്ങിയ മണ്‌ഡലങ്ങളില്‍ സ്വന്തമായി ജയിച്ച്‌ വരാന്‍ ഒരു പക്ഷെ (മുസ്ലിംവോട്ടിന്റെ ശതമാനക്കുറവിന്റെ കാരണത്താല്‍) സാധിക്കുകയില്ലെങ്കിലും വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുസ്ലിംലീഗിന്‌ സുന്ദരമായി സാധിക്കും. ബീഹാറിന്റെ തലസ്ഥാന നഗരിയായ പാറ്റ്‌നയിലെ ആര്‍.എന്‍. സിന്‍ഹ റോഡിലെ കടംകുവ ജങ്ക്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയമായ 'ബൈത്തുല്‍ഹസ്സനില്‍' എപ്പോഴും ലീഗ്‌ പിന്തുണ അഭ്യര്‍ത്ഥിക്കാനെത്തുന്നവരുടെ ഒരു നീണ്ട നിര തന്നെ കാണാം.



സംസ്ഥാന മുസ്ലിംലീഗ്‌ അധ്യക്ഷന്‍ ജ.സയ്യിദ്‌ മുദന്‍ സാഹിബിനെക്കണ്ട്‌ പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ്‌ യാദവ്‌, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്ര, മുന്‍ മന്ത്രി ഭാഗെ ഗോവര്‍ദ്ധന്‍, കേന്ദ്ര മന്ത്രി സുബോധ്‌കാന്ത്‌ സഹായ്‌ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വരെ എത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിന്നിടക്ക്‌ സംസ്ഥാനത്ത്‌ സംഘടനാപരമായി മുസ്ലിംലീഗ്‌ ഒട്ടേറെ ആര്‍ജ്ജവം സമ്പാദിച്ചിട്ടുണ്ട്‌. ഭഗല്‍പൂര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയലഹളക്കു വേദിയായപ്പോള്‍ അവിടെ പിടഞ്ഞ്‌ വീണ്‌ മരിച്ച ആയിരക്കണക്കിന്‌ ഹതാശരായ മുസ്ലിംകളെ ആശ്വസിപ്പിക്കാനും, വിപുലമായ റിലീഫ്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മുന്നോട്ട്‌ വന്ന ഏക രാഷ്‌ട്രീയ പ്രസ്ഥാനം (ചില മതസംഘടനകളെ വിസ്‌മരിക്കുന്നില്ല) മുസ്ലിംലീഗ്‌ മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ബീഹാറിലെ മുസ്ലിംകള്‍ ഇന്നും നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു. 



ആക്രമണങ്ങളും ജീവഹാനിയും ഊരുവിലക്കുകളും ഭയന്ന്‌ പലരും ഈ പ്രസ്ഥാനത്തില്‍ അണി ചേരാന്‍ മടിക്കുന്നുണ്ടെങ്കിലും മുസ്ലിംലീഗ്‌ ശക്തിപ്പെടേണ്ട അനിവാര്യതയെക്കുറിച്ച്‌ അവര്‍ക്ക്‌ ഉത്തമ ബോധ്യമുണ്ട്‌. മുസ്ലിംലീഗിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പൊഫ. മുഹമ്മദ്‌ സയ്യിദ്‌ സാഹിബിന്റെ നേതൃത്വത്തില്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കുന്ന റിലീഫ്‌ കമ്മറ്റിക്ക്‌ മുസ്ലിംലീഗ്‌ ഭഗല്‍പൂര്‍ വര്‍ഗ്ഗീയലഹളസമയത്ത്‌ രൂപം കൊടുത്തിരുന്നു. കലാപത്തിന്നിരയായവരെ ചികിത്സിക്കാന്‍ ഒരു മെഡിക്കല്‍ കമ്മറ്റിയും, കേസുകള്‍ നടത്താന്‍ ഒരു ലീഗല്‍ കമ്മറ്റിയും മുസ്ലിംലീഗ്‌ അവിടെ രൂപീകരിച്ചിരുന്നു. മുസ്ലിംലീഗ്‌ നടത്തിയ ഈ ത്യാഗോജ്ജ്വല സേവനത്തെ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളെല്ലാം തന്നെ മുക്തകണ്‌ഠം പ്രസംശിച്ചിരുന്നു.



ഒരു കാര്യം അവിടെ ഉറപ്പിച്ച്‌ പറയാം. സീറ്റുകല്‍ വാരിക്കൂട്ടുന്നതിലല്ല മുസ്ലിംലീഗിന്റെ ശ്രദ്ധ, വര്‍ഗ്ഗീയ ജനവിരുദ്ധ ശക്തികളുടെ സീറ്റുകള്‍ എത്ര കണ്ട്‌ കുറക്കാന്‍ കഴിയും എന്ന കാലികവും പരമപ്രാധാന്യവുമായ കര്‍ത്തവ്യത്തിനാണ്‌ മുസ്ലിംലീഗ്‌ ഊന്നല്‍ നല്‍കുന്നത്‌. ഉദ്ദേശം ഏഴ്‌ പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളില്‍ ഇത്തവണ മുസ്ലിംലീഗ്‌ ജനവിധി തേടുന്നുണ്ട്‌. സയ്യിദ്‌ മുദന്‍ സാഹിബ്‌, ഡോ.ജമീല്‍ അഹമ്മദ്‌ സാഹിബ്‌, പൊഫ. മുഹമ്മദ്‌ സയ്യിദ്‌ സാഹിബ്‌, അഡ്വ. ഇഖ്‌ബാലുസ്സഫര്‍ സാഹിബ്‌, മുഹമ്മദ്‌ കംറാന്‍ സാഹിബ്‌, എസ്‌. നയിം അക്തര്‍ സാഹിബ്‌, ഹാജി. മുഹമ്മദ്‌ അസ്‌ഗര്‍ സാഹിബ്‌ തുടങ്ങിയ പ്രമുഖ നേതാക്കളൊക്കെ മത്സര രംഗത്തുണ്ട്‌. സാമ്പത്തികമായി ഓട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സംസ്ഥാന തെരെഞ്ഞെടുപ്പ്‌ കമ്മറ്റിക്ക്‌ സഹായങ്ങള്‍ എത്തിച്ച്‌ തരാന്‍ ലഘുലേഖകള്‍ വഴി ആവശ്യപ്പെടുന്നുണ്ട്‌. മുസ്ലിംലീഗിന്റെ ശക്തി മാലോകരെ അറിയിക്കാനുള്ള പുറപ്പാടിലാണ്‌ സംസ്ഥാനത്തെ മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍.

No comments:

Post a Comment

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?